തിരുവനന്തപുരം: ഓഫ്‌ലൈൻ ക്ലാസുകളും ഓൺലൈനായി ലഭിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിലിൻ്റെ 'കെ-ലേൺ' പഠനപോർട്ടൽ. കഴിഞ്ഞ അധ്യയനവർഷം തുടങ്ങിയ നാലുവർഷബിരുദത്തിന്റെ ആദ്യബാച്ച് നാലാം സെമസ്റ്ററിലേക്കു കടക്കുന്ന ഡിസംബറിൽ കെ-ലേണിനു തുടക്കമാവും.
നിലവിൽ നാലുവർഷ ബിരുദത്തിലുള്ള പ്രധാന മേജർ, മൈനർ കോഴ്സുകളുടെ ഓൺലൈൻ ഉള്ളടക്കം ക്ലാസുകളായിത്തന്നെ പോർട്ടലിൽ ലഭ്യമാക്കും. കോളേജിൽ ഹാജരാവാത്ത ദിവസത്തെ ക്ലാസുകൾ വിദ്യാർഥികൾക്ക് ഓൺലൈനായി പഠിക്കാം. ക്ലാസിൽ പഠിച്ചവർക്ക് വിഷയം വീണ്ടും മനസ്സിലാക്കി ഊട്ടിയുറപ്പിക്കാനും ഇത് പ്രയോജനപ്പെടും.
ആദ്യഘട്ടത്തിൽ 50 കോഴ്‌സുകൾ ലഭ്യമാക്കും.
കോളേജ് വിദ്യാർഥികൾക്ക് ഓൺലൈൻ കോഴ്സുകൾ ലഭ്യമാക്കുന്ന യുജിസിയുടെ 'സ്വയം', വിദേശ സർവകലാശാലകളിലെ കോഴ്സെറ, എഡെക്സ് എന്നീ പോർട്ടലുകൾക്കു സമാനമായാണ് കേരളം സ്വന്തംനിലയിൽ വികസിപ്പിക്കുന്ന കെ-ലേൺ.
പ്രധാനമായും നാലുവർഷ ബിരുദത്തിന്റെ ഭാഗമായി ഓൺലൈൻ കോഴകൾ പഠിക്കാൻ ലക്ഷ്യമിട്ടാണിത്. ഒപ്പം കോളേജിലെ പ്രധാനപ്പെട്ട ക്ലാസുകളുടെ ഓൺലൈൻ ഉള്ളടക്കം, നൈപുണി കോഴ്സുകൾ എന്നിവയുൾപ്പടെ മൂന്നുതരം കോഴ്സുകളുടെ പഠനരീതിയാണ് കെ-ലേണിന്റെ പ്രത്യേകത.
Tags:
latest