Trending

ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയ്ക്ക് പുതുജീവനേകി ബാലുശ്ശേരി പൊലീസ്



ബാലുശ്ശേരി: ആത്മഹത്യക്ക് ശ്രമിച്ച യുവതിക്ക് ബാലുശ്ശേരി പൊലീസിന്റെ സമയോചിതമായ ഇടപെടലില്‍ ഒമ്പത് മാസം പ്രായമായ കുഞ്ഞിന്റെ അമ്മയ്ക്ക് പുതുജീവന്‍. തൂങ്ങിമരിക്കാന്‍ ശ്രമിച്ച കണ്ണാടിപ്പൊയില്‍ സ്വദേശിനിയായ യുവതിയെയാണ് പൊലീസ് എത്തി രക്ഷപ്പെടുത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെ ജിഡി ചാര്‍ജ് ഗോകുല്‍രാജിന് പയ്യോളി പൊലിസ് സ്റ്റേഷനില്‍ നിന്ന് ഫോണ്‍ സന്ദേശം ലഭിച്ചത്. ബാലുശ്ശേരി സ്റ്റേഷന്‍ പരിധിയില്‍ വാടകയ്ക്ക് താമസിക്കുന്ന ഒരു സ്ത്രീ ആത്മഹത്യക്ക് ശ്രമിക്കാന്‍ പോകുന്നു എന്നായിരുന്നു സന്ദേശം.

സ്ത്രീ തന്നെയാണ് ഇക്കാര്യം പയ്യോളി സ്റ്റേഷനിലേക്ക് വിളിച്ച് അറിയിച്ചത്. സ്ത്രീയുടെ ഫോണ്‍ നമ്പര്‍ ചോദിച്ചു മനസിലാക്കി ഗോകുല്‍രാജ് ഉടന്‍തന്നെ അവരെ ബന്ധപ്പെട്ടു. കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്ന അവര്‍ തീര്‍ത്തും നിഷേധാത്മകമായാണ് സംസാരിച്ചത്. ഫോണിലൂടെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് സംഭാഷണത്തിലൂടെ മനസ്സിലാക്കി. തുടര്‍ന്ന് പൊലീസ് ഉടന്‍തന്നെ ഈ വിവരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ദിനേശ് ടി.പിയെ അറിയിച്ചു. അദ്ദേഹവും സംഘവും ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് യുവതിയുടെ വീട് കണ്ടെത്തുകയും വാതില്‍ ചവിട്ടിത്തുറന്ന് അകത്തേക്ക് കടക്കുകയുമായിരുന്നു.

തൂങ്ങിനില്‍ക്കുന്ന യുവതിയെയും അവരുടെ ഒന്‍പതുമാസം പ്രായമുള്ള കുട്ടിയെയും കണ്ട പൊലിസ് സംഘം ഉടന്‍തന്നെ അവരെ രക്ഷിച്ചു. യുവതിക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും, കുട്ടിയെ സുരക്ഷിതമായി പിതാവിന്റെ മാതാപിതാക്കളെ ഏല്‍പ്പിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post