Trending

വെറും 20 രൂപയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ; അറിയാം സര്‍ക്കാരിന്റെ കുറഞ്ഞ പ്രീമിയമുള്ള രണ്ടു പ്ലാനുകള്‍.



കണ്ണൂർ:ചെറിയ പ്രീമിയം തുകയില്‍ വലിയ ഇന്‍ഷുറന്‍സ് കവറേജ് ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ അത്തരം ചില പ്ലാനുകള്‍ ഇന്ത്യാ ഗവണ്‍മെന്റ് തന്നെ വാഗ്ദാനം ചെയ്യുന്നുണ്ട്. വെറും 20 രൂപയ്ക്ക് പ്രതിവര്‍ഷം രണ്ടു ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കുന്നത് അടക്കം രണ്ടു പ്ലാനുകളാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്.

കുറഞ്ഞ പ്രീമിയമാണ് എന്നതാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന (PMJJBY), പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (PMSBY) എന്നിവയാണ് ഈ രണ്ട് സ്‌കീം.

*പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന.*

പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന പ്രതിവര്‍ഷം വെറും 436 രൂപ പ്രീമിയത്തില്‍ രണ്ടു ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. 55 വയസ് വരെ വര്‍ഷം തോറും പുതുക്കാവുന്ന ഈ പദ്ധതി ബാങ്ക് അക്കൗണ്ടുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നു. 18നും 50 വയസിനുമിടയില്‍ പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജനയ്ക്ക് അപേക്ഷിക്കാം. ഇന്‍ഷുറന്‍സ് ഉടമയ്ക്ക് അത്യാഹിതം സംഭവിച്ചാല്‍ 2 ലക്ഷം രൂപ വരെയുള്ള ലൈഫ് ഇന്‍ഷുറന്‍സ് ഉറപ്പാക്കാം.

*പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന*

പ്രധാനമന്ത്രി സുരക്ഷാ ബീമ യോജനയാണ് രണ്ടാമത്തെ സ്‌കീം. ഇവിടെ പ്രതിവര്‍ഷം 20 രൂപയ്ക്ക് രണ്ടു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നു. ഈ സ്‌കീം പ്രകാരം അപകട മരണം അല്ലെങ്കില്‍ പൂര്‍ണ്ണ വൈകല്യം എന്നിവക്ക് രണ്ടു ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. എന്നാല്‍ ഭാഗിക വൈകല്യത്തിന് 1 ലക്ഷം രൂപ പരിരക്ഷ നല്‍കുന്നു. 18 മുതല്‍ 70 വയസ്സ് വരെ പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയ്ക്ക് അപേക്ഷിക്കാം.

പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന എന്നിവ രണ്ടും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്നു. എല്ലാ മെയ് മാസത്തിലും പ്രീമിയം ഓട്ടോ-ഡെബിറ്റ് ചെയ്യപ്പെടുന്നു.


Post a Comment

Previous Post Next Post