ന്യൂഡൽഹി: പിഎഫ് അംഗങ്ങൾക്ക് വേഗത്തിലും ലളിതമായും ഇടപാടുകൾ നടത്താൻ സമഗ്രമാറ്റത്തിന് എംപ്ലോയീസ്പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ(ഇപിഎഫ്ഒ). ഇപിഎഫ്ഒ 3.0 എന്ന പരിഷ്കാരം ഈ വർഷം നടപ്പാകുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി അംഗം സഞ്ജീവ് സന്യാൽ എക്സിൽ കുറിച്ചു. പ്രോവിഡന്റ് ഫണ്ട് സേവനങ്ങൾ വേഗത്തിലും കൂടുതൽ സുതാര്യമായും അംഗങ്ങൾക്ക് ലഭ്യമാക്കാനാണ് ലക്ഷ്യം.
എടിഎംവഴി തുക പിൻവലിക്കാനും യുപിഐവഴി ഇടപാടുകൾ നടത്താനും കഴിയുംവിധം വലിയ മാറ്റത്തിനാണ് തയ്യാറെടുക്കുന്നത്. പദ്ധതി ഈ വർഷം ജൂണിൽ തുടങ്ങാൻ ലക്ഷ്യമിട്ടെങ്കിലും നടപ്പായില്ല. ആധാറുമായും ബാങ്ക് അക്കൗണ്ടുമായും യുഎഎൻ (യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ)ബന്ധിപ്പിക്കുകവഴി പിഎഫിൽ നിന്നുള്ള തുക എടിഎം വഴിയും യുപിഐ വഴിയും പിൻവലിക്കാനാകും.
ഇപിഎഫ്‌ഒ 3.0 നിലവിൽ വന്നാൽ, പണം പിൻവലിക്കൽ, വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യൽ തുടങ്ങി എല്ലാ സേവനങ്ങളും ഓൺലൈനായി ചെയ്യാൻ കഴിയും. ഓൺലൈനായി എന്തെങ്കിലും തിരുത്തലുകൾ വരുത്താനോ അപ്‌ഡേറ്റ് ചെയ്യാനോ ഒടിപി പരിശോധനയിലൂടെ കഴിയുകയും ക്ലെയിമിന്റെ നില തത്സമയം ട്രാക്ക് ചെയ്യാം. അംഗം മരിച്ചാൽ നോമിനിക്ക് ക്ലെയിം നൽകുന്ന പ്രക്രിയ എളുപ്പമാകും. ഇപിഎഫ്ഒ 3.0 പ്രകാരം പ്രായപൂർത്തിയാകാത്തവരുടെ കാര്യത്തിൽ രക്ഷാകർതൃസർട്ടിഫിക്കറ്റ് നോമിനി സമർപ്പിക്കേണ്ട. അംഗത്തിന്റെ കുടുംബങ്ങൾക്ക് വേഗത്തിൽ സാമ്പത്തികസഹായം പിഎഫ് അക്കൗണ്ടിന്റെ എല്ലാ വിവരങ്ങളും ഒറ്റ ക്ലിക്കിൽ മൊബൈലിൽ ലഭ്യമാകും. പിഎഫ് അക്കൗണ്ടിൽ നിക്ഷേപിച്ച തുക, പിൻവലിച്ച തുക, പലിശ കണക്കുകൂട്ടൽ, ക്ലെയിമിന്റെ നില എന്നിവ ലഭ്യമാകും.
അതെ സമയം, വിദ്യാഭ്യാസം, രോഗാവസ്ഥ, വിവാഹം, വീടുനിർമാണം തുടങ്ങിയ അത്യാവശ്യസാഹചര്യങ്ങളിൽ ഓട്ടോ ക്ലെയിം സെറ്റിൽമെന്റ് വഴി പിഎഫിൽ നിന്ന് തുക പിൻവലിക്കുന്നതിനുള്ള പരിധി ഒരു ലക്ഷം രൂപയിൽനിന്ന് അഞ്ചുലക്ഷം രൂപയാക്കി.
Tags:
latest