ഐഫോണ്‍ 17 സീരീസ് സ്‌മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറങ്ങിയതോടെ ഇന്ത്യയില്‍ ഐഫോണ്‍ 16 മോഡലുകളുടെ വില കുത്തനെ കുറഞ്ഞു. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ് എന്നിവയുടെ വിലയാണ് വലിയ തോതില്‍ കുറഞ്ഞിരിക്കുന്നത്.
ആപ്പിള്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന പുതുക്കിയ വില പരിശോധിക്കാം. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ് എന്നീ രണ്ട് മോഡലുകള്‍ക്കും 10,000 രൂപ ഇന്‍സ്റ്റന്‍റ് ഡിസ്‌കൗണ്ട് ആപ്പിള്‍ ഇപ്പോള്‍ നല്‍കുന്നു.
ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്- വിലക്കുറവ് ഇങ്ങനെ
ഐഫോണ്‍ 17 സീരീസ് സ്‌മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചതോടെ ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ് എന്നിവയുടെ വില ആപ്പിള്‍ കുറച്ചു. ആപ്പിള്‍ ഇന്ത്യയുടെ വെബ്‌സൈറ്റ് പ്രകാരം ഐഫോണ്‍ 16 സ്റ്റാന്‍ഡേര്‍ഡ് മോഡലിന്‍റെ പുതിയ വില 128 ജിബി വേരിയന്‍റിന് 69,900 രൂപയാണ്.
നേരത്തെ 79,900 രൂപയായിരുന്നു ഐഫോണ്‍ 16ന്‍റെ ആരംഭ വില. അതേസമയം കൂടുതല്‍ വലിയ ഡിസ്‌പ്ലെയും ബാറ്ററിയും ഫീച്ചറുകളുമുള്ള ഐഫോണ്‍ 16 പ്ലസ് നിലവില്‍ 79,900 രൂപയ്‌ക്ക് ലഭ്യമാണ്. 89,900 രൂപയില്‍ നിന്നാണ് പതിനായിരം രൂപയുടെ വിലക്കുറവ് ഇപ്പോള്‍ വന്നിരിക്കുന്നത്. കൂടുതല്‍ പേരിലേക്ക് ഐഫോണുകള്‍ എത്തിക്കുക ലക്ഷ്യമിട്ടാണ് ആപ്പിള്‍ പഴയ മോഡലുകളുടെ വില കുറയ്‌ക്കുന്നത്. പുതിയ ഐഫോണുകള്‍ എത്തുന്നതോടെ പഴയ ചില മോഡലുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുന്ന പതിവും ആപ്പിളിനുണ്ട്.
ഐഫോണ്‍ 16, 16 പ്ലസ് സ്പെസിഫിക്കേഷനുകള്‍
ഐഫോണ്‍ 16 6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്‌ഡിആര്‍ ഡിസ്‌പ്ലെ സഹിതമുള്ള സ്‌മാര്‍ട്ട്‌ഫോണാണ്. അതേസമയം ഐഫോണ്‍ 16 പ്ലസ് 6.7 ഇഞ്ച് സ്ക്രീനോടെ അവതരിപ്പിക്കപ്പെട്ട ഫോണാണ്. ഇരു ഫോണുകളും ട്രൂ ടോണ്‍, എച്ച്‌ഡിആര്‍10, ഡോള്‍ബി വിഷന്‍ എന്നിവയെ പിന്തുണയ്‌ക്കുന്നു.
എ18 ചിപ്പിലാണ് ഐഫോണ്‍ 16 ഉം, ഐഫോണ്‍ 16 പ്ലസും ആപ്പിള്‍ തയ്യാറാക്കിയിരിക്കുന്നത്. ഗെയിമിംഗ്, മള്‍ട്ടിടാസ്‌കിംഗ്, എഐ ഫീച്ചറുകള്‍ എന്നിവയെല്ലാം ഈ ഫോണുകളിലുണ്ട്. അഡ്വാന്‍സ്‌ഡ് ഡുവല്‍-ക്യാമറ സംവിധാനം ഐഫോണ്‍ 16ലും ഐഫോണ്‍ 16 പ്ലസിലുമുണ്ട്. ക്യാമറ കണ്‍ട്രോള്‍ അടക്കമുള്ളവയും ഇരു ഫോണുകളിലുണ്ട്.
ഐഫോണ്‍ 16 20 മണിക്കൂര്‍ വരെയും ഐഫോണ്‍ 16 പ്ലസ് 26 മണിക്കൂര്‍ വരെയും വീഡിയോ പ്ലേബാക്ക് നല്‍കുമെന്നാണ് ആപ്പിള്‍ പറയുന്നത്. മാഗ്‌സേഫ് വയര്‍ലെസ് ചാര്‍ജിംഗ് പിന്തുണ ഇരു ഫോണുകള്‍ക്കുമുണ്ട്.
Tags:
latest