Trending

എട്ടിന് സൂചനാപണിമുടക്ക്; ജൂലായ് 22 മുതൽ സ്വകാര്യബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്





കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ജൂലായ് എട്ടിന് സംസ്ഥാനവ്യാപകമായി സൂചനാപണിമുടക്കും 22 മുതൽ അനിശ്ചിതകാലസമരവും നടത്താൻ ബസ്സുടമകളുടെ സംഘടനകളുടെ കൂട്ടായ്മയായ ബസ്സുടമ സംയുക്തസമിതി തീരുമാനിച്ചു. പെർമിറ്റുകൾ യഥാസമയം പുതുക്കിനൽകുക, വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക, തൊഴിലാളികൾക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക, ഇ ചലാൻ വഴി അമിതപിഴ ചുമത്തുന്നത് അവസാനിപ്പിക്കുക, വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ അടിച്ചേൽപ്പിക്കുന്നത് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

ഒട്ടേറെ പ്രക്ഷോഭങ്ങൾക്കുശേഷവും സർക്കാർ ഭാഗത്തുനിന്ന് ഒരു നടപടിയുമില്ലാത്തതിനാലാണ് പണിമുടക്കിനിറങ്ങുന്നതെന്ന് ബസ്സുടമകൾ പറഞ്ഞു. ഗതാഗതവകുപ്പിന്റെ അശാസ്ത്രീയനയം കാരണം പതിനഞ്ചു വർഷംമുമ്പ് സംസ്ഥാനത്ത് 34,000 സ്വകാര്യബസുകൾ ഉണ്ടായിരുന്നത് നിലവിൽ 8000 ത്തിൽ താഴെയായി ചുരുങ്ങിയെന്നും ബസ്സുടമകൾ പറഞ്ഞു. സമിതി ജില്ലാ ചെയർമാൻ കെ.ടി. വാസുദേവൻ അധ്യക്ഷനായി. കൺവീനർ രാധാകൃഷ്ണൻ, ട്രഷറർ ടി.കെ. ബീരാൻകോയ, വൈസ് പ്രസിഡന്റ് എം. തുളസീദാസ്, സംയുക്തസമിതി നേതാക്കളായഇ. റിനിഷ്, എം.എസ്. സാജു, സി.കെ. അബ്ദു‌ദുറഹിമാൻ, എൻ.വി. അബ്ദു‌ൽ സത്താർ, രഞ്ജിത്ത് സൗപർണിക , ബാബു യുണൈറ്റഡ്, മനോജ് കൊയിലാണ്ടി, പ്രദീപൻ, ഗംഗാധരൻ എന്നിവർ സംസാരിച്ചു.

 

Post a Comment

Previous Post Next Post