മുതുകാട് മൂന്ന് കാട്ടാനകൾ ജനവാസമേഖലയിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് മുതൽ ആനകൾ ഈ മേഖലയിൽ കൃഷിയിടങ്ങളിലെത്തി. വീട്ടുകാർ ആനയെ കണ്ടതിനുശേഷം വനപാലകരെത്തി ഓടിച്ചിട്ടും തിരികെ വീണ്ടുമെത്തുകയാണ്. പകൽസമയത്തും ആനകൾ പ്രദേശത്തുതന്നെ നിലയുറപ്പിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇവയെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി ദൂരേക്ക് ഓടിച്ചുവിടുകയും ചെയ്തു.
ചക്കിട്ടപാറ പഞ്ചായത്തിലെ അഞ്ചാംവാർഡിൽപ്പെട്ട മുതുകാട് ഒന്നാംബ്ലോക്കിലെ അറക്കൽ സരോജിനിയുടെ വീട്ടുപറമ്പിലെത്തിയ ആന വിറകുപുരയ്ക്കായി കെട്ടിയ ഷെഡ് തകർത്തു. വാഴയും പിഴുതെറിഞ്ഞു. ഷെഡ്ഡിലുണ്ടായിരുന്ന പട്ടിയെയും ആക്രമിച്ചു. ഇവിടെനിന്ന് ഓടിച്ചെങ്കിലും മറ്റു കൃഷിയിടങ്ങളിൽ തെങ്ങ്, കവുങ്ങ്, പ്ലാവ് എന്നിവയെല്ലാം നശിപ്പിച്ചിട്ടുണ്ട്.
പൊയ്കയിൽ പെണ്ണമ്മ, പൊയ്കയിൽ കുഞ്ഞുകുട്ടി, പൊയ്കയിൽ ജെസി, ചടയംമുറി വത്സ എന്നിവരുടെയെല്ലാം കൃഷിയിടത്തിൽ നാശനഷ്ടമുണ്ടാക്കി. കഴിഞ്ഞയാഴ്ച മുതുകാട് നാലാം ബ്ലോക്ക് ഏരിയയിൽ കാട്ടാന വ്യാപകമായ കൃഷിനാശമുണ്ടാക്കിയിരുന്നു. വനപലകരും നാട്ടുകാരും ഓടിച്ചാലും ആനക്കൂട്ടം തിരികെയെത്തുന്നതാണ് പതിവ്.
നാലാംബ്ലോക്കിൽ കിഴക്കെ ഇല്ലപറമ്പിൽ കണാരന്റെ വീട്ടുമുറ്റത്തെത്തിയ കാട്ടാന മുറ്റത്തെ ടാർപോളിൻ നശിപ്പിക്കുകയും പട്ടിക്കൂടിന് നാശനഷ്ടം വരുത്തുകയും ചെയ്തിരുന്നു. വീടുകൾക്കരികെ ആനയെത്തുന്നത് ജനങ്ങളെ ആശങ്കയിലാക്കുകയാണ്.