Trending

റെയില്‍വേ പ്ലാറ്റ്‌ഫോമുകളില്‍ മഞ്ഞ ടൈലുകള്‍ പാകിയിരിക്കുന്നത് ഡിസൈനായിട്ടല്ല, സത്യമിതാണ്



ദൈനംദിന ജീവിതത്തില്‍ ഓരോരുത്തരും പൊതുഗതാഗതത്തെ വളരെയധികം ആശ്രയിക്കാറുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് റെയില്‍വേ ഗതാഗതം.

ഇന്ത്യയില്‍ 7,461ല്‍ അധികം റെയില്‍വേ സ്റ്റേഷനുകളും വിവിധ നഗരങ്ങളിലായി 500ല്‍ അധികം മെട്രോ സ്‌റ്റേഷനുകളും ഉണ്ട്. ഇവിടങ്ങളിലേക്ക് യാത്രക്കായി എത്തുന്നവർ പല തരത്തിലുളള സൈൻ ബോർഡുകളും കാണാറുണ്ട്. പക്ഷെ അവയൊക്കെ എന്തിനെയാണ് സൂചിപ്പിക്കുന്നതെന്ന് പലരും മനസിലാക്കുന്നില്ല.

അത്തരത്തില്‍ റെയില്‍വേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമുകളിലും മെട്രോ സ്‌റ്റേഷനുകളിലും എത്തുന്നവർ കാണുന്ന സ്ഥിരം കാഴ്ചയാണ് മഞ്ഞ ടൈലുകള്‍. പ്ലാറ്റ്‌ഫോമുകളിലെ ചില പ്രത്യേക ഭാഗത്ത് വിവിധ തരത്തിലുളള മഞ്ഞ ടൈലുകള്‍ പാകിയിരിക്കുന്നത് കാണാൻ സാധിക്കും.

എന്തിനാണ് ഇത്തരത്തില്‍ ചെയ്തിരിക്കുന്നതെന്ന് നിങ്ങള്‍ ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചിലർ ചിന്തിക്കുന്നത് പ്ലാറ്റ്‌ഫോം കൂടുതല്‍ ആകർഷകമാക്കാൻ വേണ്ടിയായിരിക്കുമെന്നാണ്. ഇതിന്റെ പ്രാധാന്യം എന്താണെന്ന് മനസിലാക്കാം.

യഥാർത്ഥത്തില്‍ സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായാണ് പ്ലാറ്റ്ഫോമുകളില്‍ മഞ്ഞ ടൈലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇത് കാഴ്ചാ വൈകല്യമുളളവർക്ക് യാത്ര ചെയ്യാൻ കൂടുതല്‍ ആത്മവിശ്വാസവും സ്വാതന്ത്ര്യവും നല്‍കുന്നുണ്ട്.

മഞ്ഞ ടൈലുകള്‍ ഒരു ലൈഫ്‌ലൈനായിട്ടാണ് ഉപയോഗിക്കുന്നത്. ഇവയെ ടെൻജി ബ്ലോക്കുകള്‍ അല്ലെങ്കില്‍ ബ്രെയിൻ ടൈലുകള്‍ എന്നും വിളിക്കാറുണ്ട്. കാഴ്ചയില്ലാത്തവർക്കും കാഴ്ചക്കുറവുളളവരുമായ കാല്‍നടയാത്രക്കാരെ സഹായിക്കുന്നതിനായി ആദ്യകാലങ്ങളില്‍ ഈ ടൈലുകള്‍ പൊതുയിടങ്ങളില്‍ സ്ഥാപിച്ചിരുന്നത്.

1967ല്‍ ജപ്പാൻകാരനായ സെയ്‌ച്ചി മിയാകെയാണ് ഈ സംവിധാനം അവതരിപ്പിച്ചത്. ജപ്പാനിലെ ഒകയാമ സിറ്റിയിലാണ് ആദ്യമായി സ്പർശനത്തിലൂടെ മനസിലാക്കാൻ സഹായിക്കുന്ന ടൈലുകള്‍ പാകിയത്.

ഇന്ന് ലോകമൊട്ടാകെയുളള രാജ്യങ്ങളില്‍ ഈ സംവിധാനം നടപ്പിലാക്കി വരുന്നുണ്ട്.

റെയില്‍വേ പ്ലാറ്റ്‌ഫോമുകളില്‍ പ്രധാനമായും രണ്ട് തരത്തിലുളള മഞ്ഞ ടൈലുകളാണ് പാകിയിരിക്കുന്നത്. കുത്തുകള്‍ ഉയർന്നുനില്‍ക്കുന്ന മഞ്ഞ ടൈലുകളും നീണ്ട വരകളുളള മഞ്ഞ ടൈലുകളുമാണ് സ്ഥാപിക്കുന്നത്. കുത്തുകള്‍ ഉയർന്നുനില്‍ക്കുന്ന മഞ്ഞ ടൈലുകള്‍ ജാഗ്രതാ മേഖലകളെയാണ് സൂചിപ്പിക്കുന്നത്. ഇവ പ്രധാനമായും പ്ലാറ്റ്‌ഫോമിന്റെ അരികുകള്‍,എസ്‌കലേറ്ററുകള്‍, പടികള്‍ എന്നിവയ്ക്ക് സമീപമായാണ് സ്ഥാപിക്കുന്നത്.

വടി ഉപയോഗിക്കുന്ന വ്യക്തികള്‍ക്ക് ഈ ഉയർന്ന കുത്തുകള്‍ പെട്ടന്ന് മനസിലാക്കാൻ സാധിക്കും.

അതുപോലെ നീളമുളള വരകളുളള മഞ്ഞ ടൈലുകള്‍ കാഴ്ചാവൈകല്യമുളളയാളുകള്‍ക്ക് നേരായ ദിശയില്‍ നടക്കാൻ സഹായിക്കും. ഇവ പ്രധാനമായും എക്സിറ്റുകള്‍, ടിക്കറ്റ് കൗണ്ടറുകള്‍ എന്നിവയിലേക്കാണ് നയിക്കുന്നത്. എന്തുകൊണ്ടാണ് ഇത്തരം ടൈലുകള്‍ക്ക് മഞ്ഞ നിറമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഭാഗികമായി കാഴ്ചയുളളവർക്ക് മഞ്ഞ നിറം കൂടുതലായി ദൃശ്യമാകും.


Post a Comment

Previous Post Next Post