'അരീക്കോടിനെ വന്ന വഴിക്ക് വിട്ട് കക്കയത്തിന്റെ കുതിപ്പ്'
✍️നിസ്സാം കക്കയം
വട്ടുകുളാരവാവേശം_2025..⚽
#MATCH_NO_2... ⚽
'എം.വൈ.സി കക്കയം-4,
എഫ്.സി.അരീക്കോട്-1'
"കായിക പ്രേമികളായ നാട്ടുകാരേ, 39-)മത് ഫാ.ജോർജ് വട്ടുകുളം സ്മാരക ഫുട്ബോൾ ടൂർണമെൻറിലേക്ക് നിങ്ങളേവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.. ഇന്ന് നടക്കുന്ന ആവേശകരമായ മത്സരത്തിൽ..........................!
വട്ടുകുളം ടൂർണമെന്റ് കാണാനെത്തുന്ന കായിക പ്രേമികൾക്ക് സുപരിചിതമാണീ ശബ്ദം. ആർത്തിരമ്പുന്ന ആൾക്കൂട്ടത്തിന് ആവേശമായി ടോം ജേക്കബ് തടത്തിൽ പതിവ് പോലെ പവിലിയനിലെ അനൗൺസ്മെന്റ് സീറ്റിലുണ്ട്.
പതിനേഴാമത്തെ വയസിൽ മിഷൻ ലീഗിലൂടെയാണ് ടോമേട്ടൻ അനൗൺസ്മെന്റ് രംഗത്തെത്തുന്നത്. ഏറെ താമസിയാതെ കൂരാച്ചുണ്ടിലെ തോംസൺ തിയേറ്ററിന് വേണ്ടിയുള്ള അനൗൺസ്മെൻറിലൂടെ പൊതുരംഗത്ത് താരമായി. ടൂർണമെൻറ് അനൗൻസറായിരുന്ന ഈപ്പൻ സാറാണ് ടോമിനെ ഫാ. വട്ടുകുളം ടൂർണമെൻറിൽ എത്തിച്ചത്. 1993ൽ തുടങ്ങിയ ജൈത്രയാത്ര വിജയകരമായ 32 വർഷങ്ങൾ പൂർത്തിയാക്കുകയാണ്.
ഉച്ചാരണത്തിലെ കൃത്യതയും വ്യക്തതയുമാണ് ടോമെട്ടന്റെ അനൗൺസ്മെൻറിലെ പ്രത്യേകത. ശുദ്ധമായ മലയാളത്തിൽ ഒഴുകിയെത്തുന്ന വാക്പ്രവാഹം ആരെയും പെട്ടെന്ന് ആകർഷിക്കും. ആധികാരികമായ ശബ്ദമികവോടെ നിർദേശങ്ങൾ നൽകാനുള്ള ഇദേഹത്തിൻടെ കഴിവ് ടൂർണമെൻറിനെ വിജയത്തിൽ എത്തിക്കുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നത്.
നിരവധി വർഷങ്ങൾ ടൂർണമെൻറ് സ്റ്റാൻറിങ്ങ് കമ്മിറ്റി മെമ്പറായിരുന്ന ടോം രണ്ട് തവണ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കല്ലാനോട്ടെ യംഗ്സെറ്റ്ലേഴ്സ് ക്ലബ് പ്രസിഡൻറായും സെക്രട്ടറിയായും കായിക മേഖലയുടെ വളർച്ചയ്ക്കായി യത്നിച്ചു. സെൻറ് മേരീസ് സ്കൂൾ പി.ടി.എ. പ്രസിഡൻറ് ആയിരിക്കുമ്പോൾ വിദ്യാർഥികളിൽ കായിക മികവ് വളർത്താനുള്ള കർമപരിപാടികൾക്ക് രൂപം നൽകി.
മിഷൻലീഗ് സംസ്ഥാന കലോത്സവങ്ങളുടെ സംഘാടകനായും അനൗൺസറായും നിരവധി തവണ പ്രവർത്തിച്ചിട്ടുണ്ട് ടോം. രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ - സംസ്ഥാന സമ്മേളനങ്ങളിലെ സ്ഥിരം അനൗൺസറായിരുന്നു വർഷങ്ങളോളം ഇദേഹം. കല്ലാനോട് പ്രദേശത്തെ കൗമാരക്കാരെ എഴുത്തിലേക്കും പ്രസംഗത്തിലേക്കും കൈപിടിച്ചുയർത്തുന്നതിൽ പ്രത്യേക താത്പര്യമെടുത്തു.
പ്രസംഗം, മോണോ ആക്ട്, പരിചമുട്ട്, നാടകം എന്നിവയുടെ പരിശീലകനെന്ന നിലയിൽ മലയോര മേഖലയ്ക്ക് സുപരിചിതനായ ടോം സ്കൂൾ കലോത്സവങ്ങളിലെ ജഡ്ജായും പേരെടുത്തിട്ടുണ്ട്.ഭാര്യ ജെസി അധ്യാപികയാണ്. മക്കൾ: ആശിഷ്, ആഷ് വിൻ.
ഇനി ഇന്നത്തെ മത്സരത്തിലേക്ക് വരാം,.👇🏻
39-)മത് ഫാ.ജോർജ് വട്ടുകുളം ഫുട്‌ബോൾ ടൂർണമെന്റിലെ രണ്ടാം പ്രീ ക്വാർട്ടർ ഫൈനലിൽ പ്രാദേശിക കൊമ്പൻമാരായ എം.വൈ.സി കക്കയവും, മലപ്പുറം വമ്പൻമാരായ എഫ്.സി.അരീക്കോടും തമ്മിലായിരുന്നു ഏറ്റുമുട്ടൽ.
കല്ലാനോട് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ട്വിങ്കിൾ കെ ചാണ്ടി, ടൂർണമെന്റ് കമ്മിറ്റി മെമ്പർ ഷാജൻ കടുകൻമാക്കൽ എന്നിവർ ടീം അംഗങ്ങളെ പരിചയപ്പെട്ടു.
കക്കയം ടീം 8 സ്വന്തം നാട്ടുകാരെയും,3 കോളേജ് ടീം കളിക്കാരെയും കൊണ്ട് കളത്തിലിറങ്ങിയപ്പോൾ, അരീക്കോടും മലയാളിത്തം നിറഞ്ഞു നിന്ന ടീമിനെ തന്നെയാണ് രംഗത്തിറക്കിയത്.
ഏറെ പ്രതീക്ഷയോടെയെത്തിയ ഫുട്‌ബോൾ ആസ്വാദകർക്ക് മുന്നിൽ കക്കയം ടീമിന്റെ പ്രാദേശിക പുലി കുട്ടികൾ കളി മികവ് മുഴുവനായി പുറത്തെടുക്കുകയായിരുന്നു. ഒരു തനി നാടൻ കളി. രണ്ട് ടീമും ഒരേ കരുത്തും ആവേശവുമുള്ളവർ.
പണ്ടാരോ കല്യാണത്തിന് പോയപ്പോൾ പറഞ്ഞ വാക്കുകളാണ് അരീക്കോടിന്റെ കളി കണ്ടപ്പോൾ ഓർമ്മ വന്നത്. 😁
"പെണ്ണൊരു കൊണവുമില്ല, ബിരിയാണി അടിപൊളിയാ'
എന്ന് പറഞ്ഞത് പോലെ പേരൊക്കെ കൊള്ളാം മലപ്പുറം കത്തി, അരീക്കോട് അമ്പ്, അവസാനം പവനാഴി..... 😇
എന്തിനോ തിളയ്ക്കുന്ന സാമ്പാർ എന്ന് പറയും പോലെ ബോൾ വെറുതെ അടിച്ചു കളഞ്ഞും,കൃത്യതയില്ലാത്ത പാസുകൾ നൽകിയുമുള്ള വിരസമായ രീതിയിൽ ഇടയ്ക്കൊക്കെ മത്സരം മാറിയത് കാണികളെ നിരാശരാക്കുന്നുണ്ടായിരുന്നു. അതിനിടയിലാണ് കളിയുടെ... മിനിറ്റിൽ ജേഴ്സി നമ്പർ 7 സിനാൻ അതി മനോഹരമായ ഒരു ലോങ് റേഞ്ചർ ഷോട്ടിലൂടെ കക്കയത്തെ മുന്നിലെത്തിക്കുന്നത്. കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിലും, കക്കയം പഞ്ചവടി ഗ്രൗണ്ടിലുമൊക്കെ കാൽ പന്ത് കളിയുടെ ബാലപാഠങ്ങൾ പഠിച്ച സിനാന്റെ ഉജ്ജ്വല ഗോൾ അക്ഷരാർത്ഥത്തിൽ ഗ്യാലറിയെ ഇളക്കി മറിച്ചു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കക്കയത്തിന്റെ ഗോൾ വരൾച്ചയ്ക്കുള്ള അന്ത്യം കുറിക്കൽ കൂടിയായിരുന്നു സിനാന്റെ ഗോൾ.
ഇടയ്ക്കിടെ രണ്ട് കൂട്ടരും ചെറിയ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗ്യാലറിയെ ഇളക്കാൻ മാത്രം പിന്നീട് ഒന്നുമുണ്ടായിരുന്നില്ല. 1-0 ത്തിന് ആദ്യ പകുതി അവസാനിക്കും എന്ന് കരുതിയിരിക്കുമ്പോഴാണ് അവിടെ തട്ടി ഇവിടെ തട്ടി വന്ന ബോൾ അരീക്കോടിന്റെ നെഞ്ചകം കീറി 18 ആം മിനിറ്റിൽ ജേഴ്സി നമ്പർ 12 അപ്പുണ്ണി വല കുലുക്കിയത്. സ്കോർ 2-0.
രണ്ടാം പകുതിയിൽ അരീക്കോട് ഉണർന്ന് കളിച്ചുവെന്ന് പറയാൻ ആഗ്രഹമുണ്ടെങ്കിലും അതുണ്ടായി കണ്ടില്ല. രണ്ടാം പകുതിയുടെ 21ആം മിനിറ്റിൽ കൂരാച്ചുണ്ടിന്റെ പുത്രൻ യാസിൻ അരീക്കോടിന്റെ വല കുലുക്കിയപ്പോൾ സ്കോർ 3-0. 27 ആം മിനിറ്റിൽ ജഴ്സി നമ്പർ 7 സിനാന്റെ കളി മികവിൽ ഒരു ഗോൾ കൂടി നേടിയതോടെ കുറച്ചു വർഷങ്ങൾക്ക് ശേഷം കക്കയം ആരാധകർ മനസറിഞ്ഞൊന്നു ചിരിച്ചു. സ്കോർ 4-0.
മത്സരത്തിന്റെ മുഴുവൻ സമയം അവസാനിച്ച് ഇഞ്ചുറി സമയത്തിലേക്ക് കടന്നപ്പോൾ കക്കയം ടീമിന്റെ അലസത മുതലെടുത്ത് അരീക്കോടിന്റെ ജേഴ്സി നമ്പർ 12 ഹാഷിദ് നേടിയ ആശ്വാസ ഗോളോടെ മത്സരം അവസാനിച്ചു.
തുടർച്ചയായ പരാജയങ്ങളുടെ ക്ഷീണം തീർത്ത ഉജ്ജ്വല വിനയത്തോടെ കക്കയം ടീം ക്വാർട്ടർ ഫൈനലിലേക്കും, അരീക്കോട് മലപ്പുറത്തെക്കും വണ്ടി കയറി.
കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി ഒരു മത്സരം പോലും ജയിക്കാൻ സാധിക്കാതിരുന്നിട്ടും പ്രാദേശിക താരങ്ങളുടെ കളി മികവിൽ വിശ്വാസമർപ്പിച്ച കക്കയം ടീം മാനേജ്മെന്റിന് ബിഗ് സല്യൂട്ട്.
"നാളെ നടക്കുന്ന മൂന്നാം പ്രീ ക്വാർട്ടർ മത്സരത്തിൽ വിക്ടറി ചാലിടം കൂരാച്ചുണ്ട്, എം.ഇ.എസ് കോളേജ് മമ്പാടുമായി ജൂബിലി സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും.
