Trending

ആതിരയെ കൊലപ്പെടുത്തിയ ശേഷം ജോൺസൺ കുറിച്ചിയിലെത്തിയത് മുമ്പ് ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നും വസ്ത്രങ്ങളെടുക്കാൻ; പ്രതിയെ കുടുക്കിയത് വീട്ടുകാരുടെ ജാഗ്രത




കോട്ടയം: കഠിനംകുളം ആതിര കൊലക്കേസ് പ്രതി ജോൺസൺ ഔസേപ്പിനെ പൊലീസിന് പിടികൂടാനായത് ഇയാൾ മുമ്പ് ജോലി ചെയ്തിരുന്ന വീട്ടുകാരുടെ സഹായത്തോടെ. കോട്ടയം ചങ്ങനാശ്ശേരി കുറിച്ചിയിൽ രമ്യ രാധാകൃഷ്ണന്റെ വീട്ടിൽ മുമ്പ് ഇയാൾ ഒരുമാസം ജോലി ചെയ്തിരുന്നു. ജനുവരി ഏഴിനാണ് ഇയാൾ ഇവിടെ നിന്നും പോയത്. ഇയാളുടെ വസ്ത്രങ്ങൾ ഇവിടെയുണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം ഇന്നലെ വസ്ത്രങ്ങളെടുക്കാൻ ഇവിടെ എത്തിയപ്പോൾ വീട്ടുകാർ തടഞ്ഞുവെച്ച് പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.

രമ്യയുടെ അനിയത്തിയാണ് തങ്ങളുടെ പിതാവിനെ നോക്കാനായി എത്തിയ ആളാണ് കൊലപാതകിയെന്ന് ആദ്യം തിരിച്ചറിഞ്ഞത്. ഫേസ്ബുക്കിൽ വന്ന ചിത്രം ഇവർ രമ്യക്കും കാട്ടികൊടുക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇന്നലെ വൈകിട്ട് 3.15ന് ഇയാൾ രമ്യയുടെ വീട്ടിലെത്തുകയായിരുന്നു. തുടർന്ന് വീട്ടുകാർ ജോൺസണെ തടഞ്ഞുവെക്കുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.

കാലൊടിഞ്ഞ് കിടപ്പിലായ രമ്യയുടെ അച്ഛനെ നോക്കാനായി ഏജൻസി വഴിയാണ് ജോൺസൺ ഡിസംബർ എട്ടിന് കുറിച്ചിയിലെ വീട്ടിലെത്തിയത്. ജനുവരി 7 വരെ ജോലി ചെയ്ത് തിരികെ പോയി. പിന്നീട് ഇന്നലെയാണ് വീട്ടിലേക്ക് വന്നത്. വീട്ടിൽ ഇയാളുടെ വസ്ത്രങ്ങൾ ഉണ്ടായിരുന്നു. അതെടുക്കാനായിരുന്നു ഇന്നലെ ഇവിടെയെത്തിയത്. അച്ഛനെ നോക്കാനായി എത്തിയ ആളായിരുന്നതിനാൽ ഈ വീട്ടിൽ തന്നെയായിരുന്നു താമസമെന്നും ജോൺസൺ വീട്ടിലെത്തിയപ്പോൾ വിവരം പൊലീസിനെ വിളിച്ച് അറിയിച്ചുവെന്നും രമ്യ വിശദീകരിച്ചു. ജോലി ചെയ്തിരുന്ന കാലത്ത് സൗമ്യമായ ഇടപെടൽ ആയിരുന്നു ജോൺസണിന്റേതെന്നും എലി വിഷം കഴിച്ചതിനെ പറ്റി അറിയില്ലെന്നും വീട്ടുടമ രമ്യ രാധാകൃഷ്ണൻ പറയുന്നു.

അതേസമയം, വിഷം കഴിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ് ജോൺസൺ. ജോൺസന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് റിപ്പോർട്ട്. അതേസമയം, രണ്ടുദിവസം കൂടിയെങ്കിലും ചികിത്സയിൽ കഴിയേണ്ടി വരുമെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്ത ശേഷമാകും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി തിരുവനന്തപുരത്ത് എത്തിക്കുക. നിലവിൽ ശക്തമായ പൊലീസ്നിരീക്ഷണത്തിലാണ് പ്രതി.

ഇന്നലെയാണ് ജോൺസണെ ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് കഠിനംകുളം പൊലീസിന് കൈമാറി. ആതിര കൊല്ലപ്പെട്ട് മൂന്നാം ദിവസമാണ് സുഹൃത്തായ ജോൺസണെ പിടികൂടുന്നത്. ചിങ്ങവനത്തെ ഒരു വീട്ടിൽ നിന്നാണ് ജോൺസൺ പിടിയിലായത്. വിഷം കഴിച്ചതായി ജോൺസൻ തന്നെയാണ് പൊലീസിനോട് പറഞ്ഞത്. ഉടൻ പൊലീസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇൻസ്റ്റഗ്രാമിലൂടെ ആതിരയുമായി സൗഹൃദത്തിലായ ജോൺസൻ ഇവരിൽ നിന്ന് പണവും തട്ടിയെടുത്തിരുന്നു. ഒപ്പം വരാത്തത് കൊണ്ടാണ് കൊലയെന്നാണ് പൊലീസ് നിഗമനം. ഫിസിയോതെറാപ്പിസ്റ്റെന്നാണ് ഇയാൾ അവകാശപ്പെട്ടിരുന്നതെങ്കിലും കൊച്ചിയിലും കൊല്ലത്തും ഇയാൾ കൂലിപ്പണി ചെയ്തിട്ടുണ്ട് എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ചൊവ്വഴ്ച രാവിലെ 10.30യോടെയാണ് ആതിരയെ വീട്ടിനുള്ളിൽ കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് തൊട്ടടുത്ത ക്ഷേത്രത്തിൽ പൂജാരിയായ ഭർത്താവ് രാജീവ് പൂജ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ആതിരയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആതിരയുടെ മരണശേഷം ഭർത്താവ് തന്നെയാണ് ജോൺസണുമായുള്ള അടുപ്പത്തെ കുറിച്ച് പൊലീസിനോട് പറഞ്ഞത്. സംഭവ ദിവസം രാവിലെ ആതിരയെ കാണാനെത്തിയ ജോൺസന് ചായ നൽകി. ഇതിന് ശേഷം ക്ലോറോ ഫോം കൊണ്ട് മയക്കിയ ശേഷം കുത്തിയെന്നാണ് പൊലിസിന്റെ സംശയം. മതിൽ ചാടിക്കടന്ന് തൊട്ടടുത്ത വീടിന്റെ ടെറസ് വഴിയാണ് കൊലപാതകി ആതിരയുടെ വീട്ടിലെത്തിയതെന്നാണ് നിഗമനം. ആതിരയെ കൊലപ്പെടുത്തിയ ശേഷം പ്രതി വീട്ടമ്മയുടെ സ്കൂട്ടറെടുത്താണ് രക്ഷപ്പെട്ടത്.

Post a Comment

Previous Post Next Post