Trending

മമ്പാടിനെ പെട്ടിയിലാക്കി ചാലിടം തുടങ്ങി..!

*മമ്പാടിനെ പെട്ടിയിലാക്കി ചാലിടം തുടങ്ങി..!*

✒️ നിസാം കക്കയം

#വട്ടുകുളാരവാവേശം_2025..*⚽


#MATCH_NO_3*⚽


'വിക്ടറി ചാലിടം കൂരാച്ചുണ്ട് :2

എം.ഇ.എസ്.കോളേജ് മമ്പാട് -0'

39-)മത് ഫാ.ജോർജ് വട്ടുകുളം ഫുട്‌ബോൾ ടൂർണമെന്റിലെ മൂന്നാം പ്രീ ക്വാർട്ടർ മത്സരമായിരുന്നു ഇന്ന് നടന്നത്. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തംഗങ്ങളായ അരുൺ ജോസ്, സിനി ഷിജോ എന്നിവർ ടീം അംഗങ്ങളെ പരിചയപ്പെട്ടു. ടൂർണമെന്റ് കമ്മിറ്റി അംഗം  വിനോദ് നരിക്കുഴി അനുഗമിച്ചു.

ദേശീയ ഗാനത്തോടെ മത്സരം തുടങ്ങുമ്പോൾ തന്നെ അതൊരു വല്ലാത്ത അനുഭൂതിയാണ് ..ദേശീയ ഗാനം കേൾക്കുമ്പോഴും ആലപിക്കുമ്പോഴുമുള്ള ഒരു ഭാരതീയൻ എന്ന വികാരം ഗ്യാലറിയിൽ പ്രതിഫലിച്ചു.എല്ലാവരും എഴുന്നേറ്റ് നിന്ന് ഒരേ സ്വരത്തിൽ, ഒരേ താളത്തിൽ ആലപിച്ചു..!


ജന-ഗണ-മന അധിനായക ജയഹേ

ഭാരത-ഭാഗ്യ-വിധാതാ,

പഞ്ചാബ്-സിന്ധു-ഗുജറാത്ത്-മറാഠാ

ദ്രാവിഡ-ഉത്‌കല-ബംഗാ,

വിന്ധ്യ-ഹിമാചല-യമുനാ-ഗംഗാ,

ഉച്ഛല-ജലധി-തരംഗാ,

തവ ശുഭ നാമേ ജാഗേ,

തവ ശുഭ ആശിഷ മാഗേ,

ഗാഹേ തവജയ ഗാഥാ,

ജന-ഗണ-മംഗല-ദായക-ജയഹേ

ഭാരത-ഭാഗ്യ-വിധാതാ.

ജയഹേ, ജയഹേ, ജയഹേ

ജയ ജയ ജയ ജയഹേ..!

മാറ്റുരയ്ക്കുന്ന ടീമുകളുടെ പ്രത്യേകതകൾ കൊണ്ട് തന്നെ ഇന്നത്തെ മത്സരം ശ്രദ്ധേയമായിരുന്നു.

ഒരു വശത്ത് കേരളത്തിലെ കാൽപന്ത് കളിയുടെ തലസ്ഥാനമായ മലപ്പുറത്തു നിന്നുള്ള വട്ടുകുളം ടൂർണമെന്റിൽ മികച്ച ട്രാക് റെക്കോർഡുമുള്ള എം.ഇ.എസ് കോളേജ് മമ്പാടുമെങ്കിൽ മറുവശത്ത് 39 വർഷത്തെ ചരിത്രത്തിലാദ്യമായി ചില കളികൾ കാണിക്കാനും പലതും ബോധ്യപ്പെടുത്താനും ടൂർണമെന്റിൽ ബൂട്ട് കെട്ടുന്ന വിക്ടറി ചാലിടം കൂരാച്ചുണ്ട് 

പ്രൊഫഷണൽ കളിക്കാരുമായി കഴിഞ്ഞ വർഷങ്ങളിൽ കളം വാണ FCS, HOKR, COINS, ODC എന്നീ 3 ടീമുകളുടെ കൂട്ടത്തിൽ ഇനി ചാലിടത്തിന്റെ പേരുമുണ്ടാകും.

കറുപ്പിന്റെയും, മലയാളിത്തത്തിന്റെയും സമ്മിശ്ര ചേരുവയുമായാണ് ചാലിടം അങ്കത്തിനിറങ്ങിയത്. 6 വിദേശിയർ ഉണ്ടായിരുന്നുവെങ്കിലും ഒരേ സമയം 4 പേരെ മാത്രമേ ആദ്യ ഇലവനിൽ ഉൾപെടുത്താവൂ എന്ന നിയമാവലി ഉള്ളത് കൊണ്ട് രണ്ട് സുഡുകൾ സബ് ആയി ഇരിക്കേണ്ടി വന്നു. 

മമ്പാടാവട്ടെ വിദേശികളെ ആരെയും അടുപ്പിച്ചില്ല.

ചാലിടത്തിന്റെ ഗ്രൗണ്ടിലേക്കുള്ള വരവിനും, കൂട്ടായ്മക്കും ഒരു രാജകീയത തന്നെയുണ്ടായിരുന്നു. കോയിൻസിന്റെ വരവ് പോലെ എന്ന് പറയാം..കൊട്ടും കുരവയും പാട്ടും ബഹളവും അതിനൊരു ആന ചന്തം തന്നെ സമ്മാനിച്ചു. പവലിയന്റെ എതിർവശത്ത് ഒരു ഭാഗം തന്നെ അവർ കയ്യടക്കി മുട്ടും തുടങ്ങി.. ടം ടം ഡം ഠം..........!🥳

കളിയുടെ ആദ്യ പകുതിയിൽ മേൽക്കൈ കൂരാച്ചുണ്ടിന് തന്നെയായിരുന്നു. കളി ചൂട് പിടിക്കും മുമ്പ് തന്നെ മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ ജേഴ്സി നമ്പർ 7 റോണാൾഹാരിസ് മൈതാന മധ്യത്തിന് തൊട്ടടുത്ത് നിന്നെടുത്ത ഫ്രീകിക്ക് മമ്പാടിന്റെ ഗോൾ കീപ്പറെ കാഴ്ച്ചക്കാരനാക്കി വലകുലുക്കിയപ്പോൾ ചാലിടത്തിന്റെ ആരാധകർ ഇളകി മറിഞ്ഞു.. ബാൻഡ് സെറ്റ്കാരുടെ താളത്തിനൊപ്പം അവർ ആ നിമിഷം ആഘോഷമാക്കി. പിന്നീടും പന്ത് മിക്കവാറും സമയങ്ങളിൽ മമ്പാടിന്റെ ഗോൾ മുഖത്ത് തന്നെ വട്ടം കറങ്ങി. മത്സരത്തിന്റെ 14ആം മിനിറ്റിൽ അവിടെ തട്ടി ഇവിടെ തട്ടി റീബൗണ്ട് വന്ന ബോൾ മനോഹരമായ ഒരു ഷോട്ടിലൂടെ ജേഴ്സി നമ്പർ 11 അമൽ സ്കോർ ബോർഡ് ചലിപ്പിച്ചതോടെ ചാലിടം ടീം മാനേജ്മെന്റിന്റെയും ആരാധകരുടെയും ആഘോഷങ്ങൾ ഉച്ചസ്ഥായിലായി.

സ്കോർ 2-0

കളിയുടെ രണ്ടാം ഭാഗത്തിൽ തോൽക്കാൻ മനസ്സില്ലാത്ത മലപ്പുറം പോരാട്ടവീര്യവുമായി മമ്പാട് ഉണർന്ന് കളിച്ചെങ്കിലും കൂരാച്ചുണ്ടിന്റെ ഡിഫൻസിനെ ഭേദിക്കുവാൻ അവർക്കായില്ല. ഗോൾ എന്നുറപ്പിച്ച മൂന്ന് മികച്ച അവസരങ്ങളെങ്കിലും മമ്പാട് താരങ്ങൾ പാഴാക്കുന്നതിനും ഗ്യാലറി സാക്ഷിയായി.

ആദ്യ ഗോൾ അടിക്കുന്നവർ ജയിക്കുന്ന കഴിഞ്ഞ 2 കളിയിലെയും സ്ഥിതി തന്നെ ഇവിടെയും തുടർന്നപ്പോൾ മമ്പാട് പുറത്തും, കൂരാച്ചുണ്ടിന്റെ പ്രതീക്ഷകൾ ശിരസ്സിലേറ്റി വിക്ടറി ചാലിടം കൂരാച്ചുണ്ട് ക്വാർട്ടർ ഫൈനലിലേക്കും മുന്നേറി.

തുടർച്ചയായ മൂന്നാം മത്സരത്തിലും ഫ്രീകിക്ക് ഗോൾ പിറന്നതും യാദൃശ്ചികമായി.

അഭിനന്ദനങ്ങൾ ടീം ചാലിടം ..✨

'നാളെ നടക്കുന്ന അവസാന പ്രീ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ജനത കരിയാത്തുംപാറ, യുനൈറ്റഡ് എഫ്സി വയനാടുമായി ജൂബിലി സ്റ്റേഡിയത്തിൽ മാറ്റുരയ്ക്കും.

ഇരു ടീമുകൾക്കും വിജയാശംസകൾ.. 🤝



 

Post a Comment

Previous Post Next Post