മാനന്തവാടി: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്തനിലയിൽ കണ്ടെത്തി. പ്രിയദർശിനി എസ്റ്റേറ്റിന് സമീപത്തെ വനമേഖലയിൽ ഇന്നു പുലർച്ചെ രണ്ടരയോടെയാണ് കടുവയുടെ ജഡം കണ്ടെത്തിയത്. രാധയെ കൊലപ്പെടുത്തിയ നരഭോജി കടുവ തന്നെയാണിതെന്ന് വനംമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, കടുവ എങ്ങനെയാണ് ചത്തത് എന്നത് സംബന്ധിച്ച് ഇനിയും സ്ഥിരീകരണമുണ്ടായിട്ടില്ല.വയനാട് പഞ്ചാരകൊല്ലിയിൽ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ നരഭോജി കടുവയെ വെടിവച്ചു കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘം കടുവയ്ക്കായി കാടുകയറിയുള്ള പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്.
മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലിയിൽ വനമേഖലയോടു ചേർന്നാണ് ആദിവാസി യുവതി കൊല്ലപ്പെട്ടത്. പഞ്ചാരക്കൊല്ലി സ്വദേശി രാധയാണ് മരിച്ചത്. വനംവകുപ്പ് താൽക്കാലിക വാച്ചറായ അച്ചപ്പന്റെ ഭാര്യയാണ് മരിച്ച രാധ. കാപ്പി പറിക്കാൻ സ്വകാര്യ തോട്ടത്തിലേക്കു പോകുന്നതിനിടെയാണു രാധയെ കടുവ കൊന്നതെന്നാണു വിവരം. നൂറ് മീറ്ററോളം രാധയുടെ മൃതദേഹം കടുവ വലിച്ചുകൊണ്ടു പോയി. പകുതി ഭക്ഷിച്ച നിലയിലാണ് വനത്തോടു ചേർന്നു തണ്ടർബോൾട്ട് സംഘം മൃതദേഹം കണ്ടെത്തുന്നത്.
Tags:
Latest