'ഹ്യദ്യം 2024'
പ്രിയ കൂട്ടുകാരെ, നമ്മൾ ഒരിക്കൽ കൂടി ഒന്നിച്ച് കൂടുകയാണ്, നമ്മുടെ പൂർവ വിദ്യാലയത്തിന്റെ അങ്കണത്തിൽ. ജീവിതത്തിൽ ഉന്നതിയുടെ പടവുകൾ ഓരോന്നായ് കയറുമ്പോഴും നമ്മെ നാമാക്കിയ ആ പഴയ വിദ്യാലയം ഒളിമങ്ങാതെ നിൽക്കുന്നു. നാമോരോരുത്തരുടേയും ജീവിതപന്ഥാവിൽ പലപ്പോഴും നിറം പകർന്നു നിൽക്കുന്ന അനുഭവങ്ങൾ ഉണ്ടാവും. നമ്മുടെ കൂട്ടുകാരിൽ പലരും നാട്ടിൽ തന്നെ ഉണ്ടെങ്കിലും ജോലിക്കായി ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് ചേക്കേറിയവരും കുറവല്ല. അവരെല്ലാവരും ഒരു കുടക്കീഴിൽ ഒരുമിച്ച് കൂടുന്ന ശുഭമുഹൂർത്തം....അതാണ് " *ഹൃദ്യം - 2024".*
1979 മുതൽ 2023 വരെ കാലയളവിൽ കൂരാച്ചുണ്ട് സെൻ്റ് തോമസ് ഹൈസ്‌കൂളിൽ പഠിതാക്കളായിരുന്നവരുടെ ഒത്തുചേരലാണ് ഈ *ഡിസംബർ 29* നു നടക്കുന്നത്. ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്‌മയുടെ ഔപചാരികമായ തുടക്കം കുറിക്കലും അന്ന് തന്നെ നടക്കുകയാണ്. രാവിലെ 9 മണിമുതൽ നടക്കുന്ന പരിപാടിയിൽ കൂട്ടുകാരുടെ കലാവിരുന്നും, കുശലം പറച്ചിലുകളും, പൂർവ അധ്യാപകരോടൊപ്പമുള്ള ഉച്ചയൂണും. എല്ലാം നമുക്ക് നല്ല അനുഭവങ്ങളാവട്ടെ. അന്ന് വൈകിട്ട് കൂരാച്ചുണ്ട് യു പി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന അനുമോദനയോഗവും തുടർന്ന് കേരളത്തിലെ അറിയപ്പെടുന്ന സിനി ആർട്ടിസ്റ്റുകൾ അണിനിരക്കുന്ന മെഗാ സ്റ്റേജ് ഷോയും നമുക്കൊരുമിച്ച് ആസ്വദിക്കാം.
*ഉദ്ദേശലക്ഷ്യങ്ങൾ*
സെന്റ് തോമസ് ഹൈസ്‌കൂളിൽ പഠിച്ചിറങ്ങിയ നാമേവർക്കും ഈ വിദ്യാലയം മധുര സ്മരണകളുടെ പൂങ്കാവനമാണ്. ജീവിതയാത്രയിലെ ഉയർച്ചതാഴ്‌ചകൾ നമ്മെ മേഖലകളിലേക്ക് എത്തിച്ചെങ്കിലും, ഈ സംഗമത്തിൽ നാമെല്ലാവരും ഒരേ മനോഭാവത്തോടെ പഴയ കളിക്കൂട്ടുകാരായി മാറുകയാണ്. ഏകദേശം പതിനായിരത്തോളം വിദ്യാർത്ഥികൾ ഇതിനോടകം ഈ വിദ്യാലയത്തിൻ്റെ പടിയിറങ്ങിയിട്ടുണ്ട്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കലാ - കായിക സാമൂഹിക സാംസ്‌കാരിക മേഖലകളിൽ ശോഭിച്ചവരും ഏറെയാണ്. ഇവരെയെല്ലാം കൂട്ടിച്ചേർത്ത് നമ്മുടെ നാടിൻ്റെയും വിദ്യാലയത്തിന്റെയും ഐക്യം പ്രശസ്തതിയും വളർത്താനുള്ള ഒരു മുന്നേറ്റമാണ് ഇ കൂട്ടായ്‌മ ലക്ഷ്യം വെയ്ക്കുന്നത് . ആധുനിക കാലഘട്ടത്തിൻ്റെ തിരക്കിനിടയിൽ ഒന്ന് മനസ്സ് തുറക്കാനും കൗമാരത്തിലേക്ക് ഒന്ന് തിരിച്ച് നടക്കാനും ഈ അവസരം നമുക്ക് പ്രയോജനപ്പെടുത്താം.
എല്ലാ പൂർവ്വവിദ്യാർത്ഥികളെയും ഏറെ സ്നേഹത്തോടെ നമ്മുടെ മെഗാസംഗമത്തിലേക്ക് സ്വാഗതം ചെയ്തുതുകൊണ്ട്
School Alumni Committee