*നടപടിയെടുക്കാതെ അധികൃതർ
✍🏿 *നിസാം കക്കയം*
കൂരാച്ചുണ്ട് :പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷം. തിരക്കേറിയ അങ്ങാടിയിലും, പഞ്ചായത്ത് സ്റ്റാൻഡിലും നിരവധി തെരുവ് നായകളാണ് അലഞ്ഞു തിരിഞ്ഞു നടക്കുന്നത്. ബസ് സ്റ്റാൻഡിലും, കച്ചവട സ്ഥാപനങ്ങൾക്ക് മുന്നിലും, ഓട്ടോറിക്ഷ സ്റ്റാൻഡിലും രാപകൽ വിത്യാസമില്ലാതെ നായ്ക്കൾ കൂട്ടമായി എത്തുന്നത് വഴിയാത്രക്കാർക്ക് വലിയ ഭീഷണിയാവുകയാണ്.
വിദ്യാർഥികൾ നായകളെ പേടിച്ചാണ് സ്കൂളിലേക്കും മദ്രസയിലേക്കും പോകുന്നത്. പ്രഭാത നടത്തക്കാർക്കും നായ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പലരും തെരുവ് നായ ശല്യം കാരണം നടത്തം നിർത്തിയതായി പറയുന്നു. സാധാരണ കല്ലെടുത്ത് എറിഞ്ഞാലും ആട്ടിയാലും ഓടിപോകുന്ന നായകൾ ഇപ്പോൾ ഒരു പേടിയുമില്ലാതെയാണ് റോഡിലും മറ്റും നിൽക്കുന്നതെന്നും ഇവർ പറയുന്നു. ഇത് പേടി വർധിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം സ്കൂൾ വിദ്യാർഥിയെ തെരുവ് നായ ആക്രമിച്ചിരുന്നു. സ്കൂളിലേക്കുള്ള വഴിയരികിലാണ് രാവിലെ തെരുവ് നായകൾ തമ്പടിക്കുന്നത്.
ഇരുചക്രവാഹനങ്ങൾക്കിടയിലേക്ക് നായകൾ വട്ടംചാടുന്നതിനാൽ പലപ്പോഴും അപകടങ്ങളും ഉണ്ടാകാറുണ്ട്. റോഡരികിൽ പാർക്കു ചെയ്ത ഇരുചക്ര വാഹനങ്ങളിൽ മത്സ്യമോ മറ്റ് സാധനങ്ങളോ തൂക്കിയിട്ടാൽ അവ കടിച്ചെടുക്കുന്ന സ്ഥിതിയുമുണ്ട്. തെരുവ് നായകളെ നിയന്ത്രിക്കുന്നതിന് അധികൃതരുടെ നടപടികൾ കാര്യക്ഷമമല്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
'അധികൃതർ നടപടിയെടുക്കണം '
കൂരാച്ചുണ്ട് അങ്ങാടിയിലും പരിസരത്തും തെരുവ് നായ ശല്യം രൂക്ഷമായതോടെ വിദ്യാർഥികൾ വലിയ ആശങ്കയിലാണ് സ്‌കൂളിലേക്ക് വരുന്നത്. സ്കൂൾ മൈതാനത്തും, സ്കൂളിലേക്കുള്ള വഴിയിലും കൂട്ടമായി നിൽക്കുന്ന തെരുവ് നായകൾ വിദ്യാർഥികൾക്ക് നേരെ വരുന്നത് പതിവായിരിക്കുകയാണ്. ഭാഗ്യം കൊണ്ടാണ് പലപ്പോഴും വിദ്യാർഥികൾ രക്ഷപ്പെടുന്നത്. ബന്ധപ്പെട്ട അധികൃതർ ഉചിതമായ നടപടി സ്വീകരിക്കണം.
ജൈസൺ എമ്പ്രയിൽ
( പി.ടി.എ പ്രസിഡന്റ്, സെന്റ് തോമസ് യു.പി സ്കൂൾ കൂരാച്ചുണ്ട്)