നാട് ഒരുമിച്ച് നടക്കുന്നു
✍🏿 *നിസാം കക്കയം*
* ഡിസംബർ ഏഴിന് വയലടയിലേക്ക് കാൽ നട യാത്ര
കൂരാച്ചുണ്ട് :പനങ്ങാട്, കൂരാച്ചുണ്ട് പഞ്ചായത്തുകളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന വട്ടച്ചിറ - വയലട റോഡുകളെ ബന്ധിപ്പിക്കുന്ന റോഡ് യാഥാർഥ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രദേശത്തിന്റെ വികസനത്തിന് വലിയ രീതിയിലുള്ള മുന്നേറ്റത്തിന് കാരണമാകുന്ന റോഡ് യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച രാവിലെ എട്ട് മണിക്ക് ജനപ്രതിനിധികളുടെയും, പ്രദേശവാസികളുടെയും നേതൃത്വത്തിൽ നടക്കുന്ന വയലട മല നടത്തത്തിൽ പങ്കെടുക്കാൻ താത്പര്യം പ്രകടിപ്പിച്ച് നൂറ് കണക്കിനാളുകളാണ് പേരുകൾ രജിസ്റ്റർ ചെയ്ത് കൊണ്ടിരിക്കുന്നത്.
കാൽ നട യാത്രക്കാർക്കൊപ്പം സാദിഖ് ഓണാട്ടിന്റെയും, സിയാദ് പുള്ളുപറമ്പിലിന്റെയും നേതൃത്വത്തിലുള്ള ഓഫ് റോഡ് വിഭാഗവും പത്ത് ജീപ്പുകളുമായി സംഘത്തെ അനുഗമിക്കും. വയലടയെത്തി തിരികെ നടന്ന് ഇറങ്ങാൻ ബുദ്ധിമുട്ടുള്ളവർക്ക് കൂരാച്ചുണ്ട് കിഡ്സോൺ സ്കൂളിന്റെ മൂന്ന് ബസുകൾ സൗജന്യമായി അന്നേ ദിവസം വയലടയിൽ നിന്നും തിരികെ കൂരാച്ചുണ്ടിലേക്ക് സർവീസ് നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. കാൽനടയാത്രക്കാർക്ക് കുടിവെള്ളവും ഭക്ഷണവും അടക്കമുള്ളവ സ്പോൺസർ ചെയ്യാനും ആളുകൾ മുന്നോട്ട് വരുന്നുണ്ട്.
ശനിയാഴ്ച രാവിലെ എട്ടിന് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കടയുടെ നേതൃത്വത്തിലുള്ള കാൽ നട യാത്ര ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അനിത ഫ്ലാഗ് ഓഫ് ചെയ്യും. യാത്ര വയലടയെത്തുമ്പോൾ പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം.കുട്ടികൃഷ്ണന്റെ നേതൃത്വത്വത്തിലുള്ള സംഘം സ്വീകരിക്കുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ ജോസഫ് വെട്ടുകല്ലേൽ, രാജൻ ഉറുമ്പിൽ, എൻ.കെ.കുഞ്ഞമ്മദ്, സണ്ണി പാറുകുന്നേൽ എന്നിവർ അറിയിച്ചു.
'കൂടിയേറ്റത്തിന്റെ സ്മരണയുറങ്ങുന്ന ചരിത്ര പാത'
കൂരാച്ചുണ്ടിൽ നിന്നും വയലടയിലേക്ക് ദൂരം കുറഞ്ഞ പാതയാണിത്. കൂരാച്ചുണ്ടിൽ നിന്നും വട്ടച്ചിറ വഴി വയലടയിലേക്ക് കുടിയേറ്റകാലം മുതൽ യാത്രാവഴി ഉണ്ടായിരുന്നു. വയലട മേഖലയിലെ വിദ്യാർഥികൾ പഠിച്ചത് കൂരാച്ചുണ്ടിലെ സ്കൂളിലും പാരലൽ കോളേജിലും ആയിരുന്നു. കാർഷികവിളകൾ കൊണ്ട് സമൃദ്ധമായിരുന്ന വയലട മേഖലയിൽ നിന്നും ചരക്കുകൾ വന്നു കൊണ്ടിരുന്നതും കൂരാച്ചുണ്ടിലേക്ക് ആയിരുന്നു. നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിനും ആരാധനയ്ക്കും ദൈനംദിന ജീവിത മാർഗത്തിനും ആശ്രയിച്ചിരുന്ന വട്ടച്ചിറയിലേക്കും,കൂരാച്ചുണ്ടിലേക്കും പിൽക്കാലത്ത് വയലടയിൽ നിന്നും ആളുകൾ വരാത്തതിന്റെ കാരണം യാത്രാ സൗകര്യമില്ലാതായതാണ്. കാൽനടവഴി കാട് മൂടിയതോടെ വന്യമൃഗ ശല്യം പേടിച്ചാണ് ആളുകളുടെ വരവ് ഇല്ലാതായത്.
'ഓർമ്മകളിൽ ബിജുവും, റെജിയും'
കൂരാച്ചുണ്ട് സെയ്ന്റ് തോമസ് സ്കൂൾ വിദ്യാർഥികളായിരുന്ന ബിജുവിന്റെയും , റെജിയുടെയും കണ്ണീരോർമ്മകളുടെ നിൽക്കുന്ന മേഖലയിലൂടെയാണ് റോഡ് കടന്ന് പോകേണ്ടത്. 1990ലാണ് വൈകുന്നേരം അഞ്ച് മണിയോട് അടുത്ത സമയത്ത് ഉണ്ടായ മലവെള്ളപാച്ചിലിൽ പെട്ട് ജ്വേഷ്ഠാനുജൻമാരുടെ മക്കളായ പതിനൊന്ന് വയസ്കാരായ റെജിയുടെയും, ബിനുവിന്റെയും ജീവൻ നഷ്ടമാകുന്നത്. സ്കൂൾ വിട്ട് വീട്ടിലേക്കു മടങ്ങും വഴിയുണ്ടായ ചെറിയ ചാറ്റൽ മഴ കുറച്ചു കഴിഞ്ഞപ്പോൾ ശക്തിയാർജിക്കുകയായിരുന്നു. വീടണയാൻ വെറും നൂറ്റമ്പത് മീറ്റർ അകലെ വെച്ചാണ് മലമുകളിൽ നിന്നെത്തിയ വെള്ളപ്പാച്ചിൽ ഇവരുടെ ജീവൻ കൊണ്ട് പോയത്. ഇവരുടെ ഓർമ്മകൾക്ക് മുന്നിലുള്ള നിത്യസ്മാരകം കൂടിയായി റോഡ് മാറും.