Trending

റോഡിന് വേണ്ടിയല്ലേ: സ്ഥലം നൽകാൻ തയ്യാർ



* സമ്മതപത്രം കൈമാറി 15 കുടുംബങ്ങൾ

✍🏿 *നിസാം കക്കയം*

കൂരാച്ചുണ്ട് : കൂരാച്ചുണ്ട് വട്ടച്ചിറ - വയലട കൂടിയേറ്റ പാതയെ വീണ്ടെടുക്കാനുള്ള ആക്ഷൻ കമ്മിറ്റിയുടെ ശ്രമങ്ങൾക്ക് ഊർജം നൽകി റോഡ് കടന്ന് പോകുന്ന മേഖലയിലെ പതിനഞ്ച് കുടുംബങ്ങൾ സമ്മതപത്രം കൈമാറി. പനങ്ങാട്, കൂരാച്ചുണ്ട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച ആക്ഷൻ കമ്മിറ്റിയുടെയും, ജനപ്രതിനിധികളുടെയും, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും, വിദ്യാർഥികളുടെയും നേതൃത്വത്തിൽ വട്ടച്ചിറയിൽ നിന്ന് വയലടയിലേക്ക് കാൽനട യാത്ര സംഘടിപ്പിച്ചിരുന്നു.

മലയോര ഗ്രാമമായ കൂരാച്ചുണ്ടിൽ നിന്ന് വട്ടച്ചിറ വഴി വയലടയിലേക്ക് കൂടിയേറ്റകാലം മുതൽ വഴിയുണ്ടായിരുന്നു. എട്ട് മീറ്റർ വീതിയിൽ റോഡ് വികസിപ്പിക്കണമെങ്കിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങൾ കൂടി ആവശ്യമായി വരുന്നുണ്ട്. കുത്തനെ കയറ്റമുള്ള മേഖലയിൽ അലൈൻമെന്റ് മാറ്റി സ്ഥാപിക്കേണ്ടി വരുന്ന സ്ഥലങ്ങളിലും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങൾ വിട്ട് കിട്ടാനുണ്ട്.


ഇത്തരത്തിൽ സ്ഥലങ്ങൾ ആവശ്യമായി വരുന്ന കുടുംബങ്ങളെ നേരിൽ കണ്ട് സമ്മതപത്രങ്ങൾ ഏറ്റുവാങ്ങുന്ന പ്രവർത്തനങ്ങൾക്കാണ് ആക്ഷൻ കമ്മിറ്റി ഞായറാഴ്ച തുടക്കം കുറിച്ചത്. ആദ്യ ദിനത്തിൽ തന്നെ പതിനഞ്ച് കുടുംബങ്ങൾ റോഡ് നിർമ്മാണത്തിന് ആവശ്യമായ സ്ഥലം വിട്ട് നൽകാൻ സന്നദ്ധമായി സമ്മതപത്രം കൈമാറിയത് ആക്ഷൻ കമ്മിറ്റിയുടെ തുടർപ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നതായി.

ആക്ഷൻ കമ്മിറ്റി അംഗങ്ങളായ രാജൻ ഉറുമ്പിൽ ,എൻ.കെ കുഞ്ഞമ്മദ്, സണ്ണി പ്ലാത്തോട്ടം ,സണ്ണി പാറുകുന്നേൽ , ഗ്രാമപഞ്ചായത്തംഗമായ വിജയൻ കിഴക്കയിൽമീത്തൽ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post