Trending

ഇല്ലിപ്പിലായി - മണിച്ചേരി - വയലട റോഡ് വികസനം യാഥാർഥ്യമാകുമോ..?






✍🏿 *നിസാം കക്കയം*

കൂരാച്ചുണ്ട് : പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള കല്ലാനോട്‌ ഇല്ലിപ്പിലായി - മണിച്ചേരിമല -വയലട റോഡ് തകർന്ന് യാത്ര ദുരിതമായി. കൂരാച്ചുണ്ട്, പനങ്ങാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്.

വയലട - കക്കയം - പെരുവണ്ണാമൂഴി മേഖലകളെയും ബന്ധിപ്പിക്കാൻ സാധിക്കുന്ന റോഡാണിത്. കഴിഞ്ഞ വർഷങ്ങളിലെ കനത്ത മഴയിലും, പ്രളയങ്ങളിലും റോഡ് തകർന്നതോടെ കാൽനടയാത്ര പോലും ഇപ്പോൾ പ്രയാസമാണ്. മണിച്ചേരിമല ആദിവാസി നഗറിലെ പതിമൂന്ന് കുടുംബങ്ങൾ ഉൾപ്പടെ നിരവധിയാളുകൾ ഉപയോഗിക്കുന്ന റോഡിന്റെ നവീകരണത്തിനായുള്ള കാത്തിരിപ്പ് വർഷങ്ങളായി തുടരുകയാണ്.

'കാത്തിരിപ്പിന്റെ നാൾ വഴികൾ'

ജില്ലയിലെ ഏറ്റവും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ കക്കയം, പെരുവണ്ണാമൂഴി, കരിയാത്തുംപാറ, തോണിക്കടവ്, വയലട, കോട്ടക്കുന്ന് മേഖലകളെ ബന്ധിപ്പിക്കുന്ന തരത്തിൽ പുരുഷൻ കടലുണ്ടി സ്ഥലം എം.എൽ.എ ആയിരുന്നപ്പോഴാണ് വയലട - കല്ലാനോട്‌ റോഡ് രൂപകൽപന ചെയ്യുന്നത്. മണിച്ചേരി മുതൽ ഇല്ലിപ്പിലായി വരെയുള്ള 4.7 കിലോമീറ്റർ ദൂരം 6.5 കോടി രൂപ ചെലവിൽ ആദ്യ ഘട്ടത്തിൽ പൂർത്തിയാക്കിയിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ആയിരുന്ന വി.കെ.ഇബ്രാഹിം കുഞ്ഞാണ് 2010ൽ റോഡ് ഉദ്ഘാടനം ചെയ്തിരുന്നത്.

2015ൽ പൊതുമരാമത്ത് വകുപ്പ് റോഡ് ഏറ്റെടുത്തിരുന്നു. 2016ൽ സംസ്ഥാന ബജറ്റിൽ 19 കോടി രൂപ റോഡ് നവീകരണത്തിന് നീക്കി വെക്കുകയും ചെയ്തിരുന്നു. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കിഫ്‌ബി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിരുന്നു. എന്നാൽ നിലവിലെ സ്ഥിതിയിൽ റോഡ് നിർമ്മാണം സാധ്യമല്ലെന്നും, അലൈൻമെന്റ് പുതുക്കുകയാണെങ്കിൽ പരിഗണിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. അലൈൻമെന്റ് മാറ്റാൻ കൃഷിഭൂമി അടക്കമുള്ളവ സൗജന്യമായി വിട്ടുനൽകാമെന്ന് പ്രദേശവാസികളിൽ പലരും അന്ന് അറിയിക്കുകയും ചെയ്തിരുന്നു. റോഡ് നിർമ്മാണം വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട് ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങുകയും, കെ.എം.സച്ചിൻദേവ് എം.എൽ.എ സ്ഥലം സന്ദർശിച്ച് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. റോഡിന് ഫണ്ട് അനുവദിക്കമെന്നും, അലൈൻമെന്റ് മാറ്റാൻ നടപടി സ്വീകരിക്കണമെന്നും പഞ്ചായത്ത് ഭരണസമിതി ഒരു വർഷം മുമ്പ് സർക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ കഴിഞ്ഞ ഒരു വർഷത്തിലധികമായിട്ടും പുതിയ അലൈൻമെന്റ് തയ്യാറാക്കി നൽകാൻ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കാത്തതാണ് റോഡ് നിർമ്മാണം പ്രതിസന്ധിയിലാവാൻ കാരണം. ഈ റോഡ് യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട നവകേരള സദസിലടക്കം പ്രദേശവാസികളും, ജനപ്രതിനിധികളും പരാതി നൽകിയിരുന്നു. ടൂറിസം സാധ്യതകൾ ഉള്ളതും നൂറോളം കുടുംബങ്ങളുടെ യാത്രാ മാർഗവുമായ ഈ പാത പൂർത്തീകരിച്ചാൽ വികസന സാധ്യത ഇരട്ടിക്കുമെന്നും, പുതിയ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് തുടർ നടപടികൾ ശക്തമാക്കുമെന്നും കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തംഗങ്ങളായ സിമിലി ബിജു, അരുൺ ജോസ് എന്നിവർ പറഞ്ഞു.

Post a Comment

Previous Post Next Post