Trending

മലയോര ഹൈവേയുമായി ബന്ധപ്പെട്ട മുഴുവൻ സമ്മത പത്രങ്ങളും കൈമാറി.

*മനസ്സോടിത്തിരി മണ്ണ്*

✍🏿 *നിസാം കക്കയം*



കൂരാച്ചുണ്ട് :മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി റോഡ് കടന്ന് പോകുന്ന കൂരാച്ചുണ്ട് അങ്ങാടിയിലെ കെട്ടിട ഉടമകളിൽ നിന്ന് ശേഖരിച്ച മുഴുവൻ സമ്മതപത്രങ്ങളും കെ.എം.സച്ചിൻ ദേവ് എം.എൽ.എ ഏറ്റുവാങ്ങി കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർക്ക് കൈമാറി. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട സമ്മതപത്രങ്ങൾ കൈമാറി. കൂരാച്ചുണ്ട് അങ്ങാടിയിലെ 800 മീറ്റർ പരിധിയിലുള്ള സ്ഥലമുടമകളിൽ നിന്നുമുള്ള 89 സമ്മതപത്രമാണ് കൈമാറിയത്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന യൂസഫ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ.കെ.അമ്മദ്, ബ്ലോക്ക് പഞ്ചായത്തംഗം വി.കെ.ഹസീന, കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥരായ വിജേഷ്, അമൽജിത്ത്, ജനപ്രതിനിധികൾ, രാഷ്രീയ പാർട്ടി നേതാക്കൾ, വ്യാപാരി സംഘടന നേതാക്കൾ എന്നിവർ സംസാരിച്ചു.

*എല്ലാവരും ഒരുമിച്ചിറങ്ങിയതിന്റെ വിജയം'*

മലയോര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള മലയോര ഹൈവേ കടന്ന് പോകുന്ന കൂരാച്ചുണ്ട് ടൗണിൽ വ്യാപാരികളും കെട്ടിട ഉടമകളും ആശങ്കയും പ്രതിഷേധവും അറിയിച്ചതിനെ ഭൂമി ഏറ്റെടുക്കൽ നടപടിയ്ക്ക് തടസ്സം നേരിട്ടിരുന്നു.

മലയോര ഹൈവേയുടെ ഭാഗമായ ചെമ്പ്ര മുതൽ 28ആം മൈൽ വരെയുള്ള ഭാഗമാണ് പഞ്ചായത്തിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കാനുണ്ടായിരുന്നത്. കൂരാച്ചുണ്ട് അങ്ങാടിയിലെ വ്യാപാര സ്ഥാപനങ്ങൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് മുഴുവൻ ആളുകളുടെയും സമ്മതപത്രം കിട്ടാൻ വൈകുന്നത് കാരണമാണ് പദ്ധതിക്ക് തുടക്കം കുറിക്കാൻ സാധിക്കാതെ പ്രതിസന്ധി നേരിട്ടത്.

ഇതിനെ തുടർന്ന് പഞ്ചായത്ത് വിളിച്ചു ചേർത്ത സർവകക്ഷി യോഗ തീരുമാന പ്രകാരം ജനപ്രതിനിധികൾ, വ്യാപാരികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി സ്‌ക്വാഡ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയതിന്റെ ഫലമായാണ് മേഖലയിലെ മുഴുവൻ വ്യാപാരികളിൽ നിന്നും സമ്മതപത്രങ്ങൾ വാങ്ങാൻ സാധിച്ചത്.

പഞ്ചായത്തിൽ മലയോര ഹൈവേ കടന്ന് പോകുന്ന
28ആം മൈൽ മുതൽ കൂരാച്ചുണ്ട് ടെലിഫോൺ എക്സ്ചേഞ്ച് വരെയും, ചെമ്പ്ര മുതൽ കൂരാച്ചുണ്ട് കള്ള്ഷാപ്പ് വരെയും ഉള്ള പ്രവൃത്തി സാങ്കേതികാനുമതി ലഭിച്ച് മാസാവസാനം ടെൻഡർ അനുമതി ചെയ്യുമെന്നാണ് കെ.ആർ.എഫ്.ബി അധികൃതർ അറിയിച്ചത്. പ്രത്യേക പ്രവർത്തിയായി ടെൻഡർ നടത്താനാണ് തീരുമാനം.

ഫോട്ടോ : മലയോര ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് കൂരാച്ചുണ്ട് അങ്ങാടിയിലെ വ്യാപാരികൾ നൽകിയ സമ്മത പത്രങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട കെ.എം.സച്ചിൻ ദേവ് എം.എൽ.എയ്ക്ക് കൈമാറുന്നു.

Post a Comment

Previous Post Next Post