ഒരു കാലത്ത് ജില്ലയിലെ തന്നെ അറിയപ്പെടുന്ന ഫുട്‌ബോള്‍ താരമായിരുന്നു ഷാജി ജോസഫ്. ആ കാലത്തെ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിലെ രാജാക്കൻമാരായിരുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് കോഴിക്കോടിന്റെ മിന്നും താരമായിരുന്നു ഷാജി. എന്നാല്‍ സാമ്പത്തിക പരാധീനതകളും ജീവിത പ്രയാസങ്ങളും കൂടി വന്നപ്പോൾ തന്റെ ജീവന്റെ തുടിപ്പായിരുന്ന ഫുട്‌ബോൾ എന്ന സ്വപ്നം ഷാജിക്ക് പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. ഫുട്‌ബോളിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് ജീവിതം മുന്നോട്ട് പോകാതാവുകയും, ഒരു ടൂർണമെന്റിനിടെ കാൽമുട്ടിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തതോടെ ഷാജി ജഴ്സി അഴിച്ചു വെക്കുകയായിരുന്നു. പകരം കക്കയം അങ്ങാടിയിൽ ഐ.എൻ.ടി.യു.സി തൊഴിലാളി വിഭാഗത്തിൽ ചുമട്തൊഴിലാളിയുടെയും, കൂലിപണിക്കാരന്റെയും കുപ്പായം എടുത്തിട്ട് കഠിനാധ്വാനത്തിലൂടെ കുടുംബത്തെ കരകയറ്റി.
പഴയ ഗ്രൗണ്ടും, ഗ്യാലറിയും, ആൾക്കൂട്ടവും, ആരവങ്ങളുമൊന്നും ഷാജിക്ക് മറക്കാൻ സാധിക്കുന്നതായിരുന്നില്ല. ഇളയ മകൾ ഷിൽജി ചെറുപ്പം മുതലേ കായിക മേഖലയോട് താൽപര്യം കാണിക്കുന്നത് ഷാജിയുടെ മനസ്സിൽ പുത്തൻ പ്രതീക്ഷകൾക്ക് ഊർജം പകരുകയായിരുന്നു. വളരെ ചെറുപ്പത്തിൽ അത് ലറ്റിക്സിൽ മികവ് തെളിയിച്ച ഷിൽജി നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ സബ്ജില്ലാ കിഡ്ഡീസ് വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിരുന്നു.
പതിയെ അച്ഛന്റെ കാൽപന്ത് കമ്പം ഷിൽജിയെ ഓട്ടക്കാരിയിൽ നിന്ന് പന്ത് കളിക്കാരിയിലേക്ക് കൂടുമാറ്റി. കല്ലാനോട് സെയ്ന്റ് മേരീസ് സ്കൂളിലെ പരിശീലകന്‍ പ്ലാത്തോട്ടത്തില്‍ ബാബുവാണ് ഷിൽജിയിലെ കാൽപന്ത് കളികാരിയെ തിരിച്ചറിഞ്ഞത്.
മകളുടെ കളിക്കമ്പത്തിനൊപ്പം നിന്ന ഷാജിയും ഭാര്യ എൽസിയും മകളുടെ താൽപര്യം കണ്ടറിഞ്ഞ് ഒപ്പം നിന്നു. സാധ്യമാകുന്ന കോച്ചിങ് ക്യാമ്പുകളിളെല്ലാം ഷിൽജി പങ്കെടുക്കാൻ തുടങ്ങി. എട്ടാം ക്ലാസിൽ കണ്ണൂർ സ്പോർട്സ് ഡിവിഷൻ സ്കൂളിൽ അഡ്മിഷൻ കിട്ടിയതോടെ ഷിൽജിക്ക് കൂടുതൽ മികവ് പുറത്തെടുക്കാൻ സാധിച്ചു. 2017ൽ ഡൽഹിയിൽ നടന്ന സുബ്രതോ കപ്പ് കേരള ടീമിൽ ഇടംപിടിച്ചത് വഴിത്തിരിവായി. അസമിൽ നടന്ന അണ്ടർ 17 ദേശീയ ടൂർണമെന്റിൽ 12 ഗോളുകളാണ് ഈ മിടുക്കി അടിച്ചു കൂട്ടിയത്. ഒടുവിൽ പതിനാറാം വയസിൽ ഷിൽജി അച്ഛൻ ഒരിക്കൽ സ്വപ്നം കണ്ട ഇന്ത്യൻ കുപ്പായം അണിഞ്ഞു. ബംഗ്ലാദേശിൽ നടന്ന സാഫ് കപ്പിൽ മൂന്നാം സ്ഥാനത്ത് എത്തിയ ഇന്ത്യൻ ടീമിന്റെ പ്രകടനത്തിൽ നിർണായക സ്വാധീനമായി. എട്ട് ഗോളുകൾ അടിച്ചു ടോപ് സ്കോറർ പട്ടം നേടാൻ ഷിൽജിക്ക് സാധിച്ചിരുന്നു. തൊട്ടുപുറകെയായിരുന്നു അഖിലേന്ത്യാ ഫുട്‌ബോൾ അസോസിയേഷന്റെ എമർജിങ് താരത്തിനുള്ള പുരസ്‌കാരവും ഷിൽജിയെ തേടിയെത്തി. ബി.എസ്.സി നഴ്സിങ് വിദ്യാർഥിയായ സഹോദരി ഷിൽനയും, അച്ഛന്റെ അമ്മ മേരിയമ്മയും ഷിൽജിക്ക് പിന്തുണയുമായി ഒപ്പമുണ്ട്.