ഗോൾഡൻ ഗേൾ
*നാല് മത്സരം, 15 ഗോൾ
✍🏿 *നിസാം കക്കയം*
കൂരാച്ചുണ്ട് :സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ഫുട്‌ബോൾ മത്സരത്തിൽ കണ്ണൂർ ജില്ലയെ ജേതാക്കളാക്കിയത് കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ഷിൽജി ഷാജിയുടെ ബൂട്ടിൽ നിന്ന് പിറന്ന ഗോളുകൾ. ടൂർണമെന്റിലെ നാല് മത്സരങ്ങളിൽ നിന്നായി കണ്ണൂർ ടീം ആകെ നേടിയ 26 ഗോളുകളിൽ പതിനഞ്ച് ഗോളുകൾ സ്കോർ ചെയ്തതും ഏഴ് ഗോളുകൾക്ക് അസിസ്റ്റ് ചെയ്തതും ടീമിന്റെ ക്യാപ്റ്റൻ കൂടിയായ ഷിൽജിയാണ്.
ഗോകുലം കേരള വനിതാ ടീമംഗമായ ഷിൽജി ഷാജി അണ്ടർ 17 വിഭാഗത്തിൽ രാജ്യത്തിന് വേണ്ടി ബൂട്ടണിഞ്ഞിരുന്നു. കഴിഞ്ഞ വർഷം ജോർദാനെതിരായ രണ്ട് സൗഹൃദ മത്സരങ്ങളിൽ നിന്ന് 8 ഗോളുകളും, ബംഗ്ലാദേശിൽ നടന്ന ജൂനിയർ സാഫ് കപ്പിലും നാല് മത്സരങ്ങളിൽ 8 ഗോളുകളും ഷിൽജി നേടിയിരുന്നു. ഈ മികവിനുള്ള അംഗീകാരമായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ എമേർജിങ് പ്ലെയർ പുരസ്കാരവും ഷിൽജിയെ തേടിയെത്തിയിരുന്നു. സ്കൂൾ കായിക മേളയുടെ ഉദ്ഘാടന വേദിയിൽ താരങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തതും ഷിൽജിയായിരുന്നു.