കോഴിക്കോട്: ബ്രേക്ക് പിടിക്കില്ല, വേഗം കുറയ്ക്കില്ല, വേണമെങ്കിൽ മാറിക്കോളൂ... എന്നഭാവത്തിലാണ് ചില ബസ് ഡ്രൈവർമാരുടെ റോഡിലൂടെയുള്ള അഭ്യാസം. അപകടം തുടർക്കഥയാകുമ്പോഴും വേഗത കുറയ്ക്കില്ലെന്ന വാശിയുമായാണ് ചിലർ ഇപ്പോഴും വളയം പിടിക്കുന്നത്. ചെറുവാഹനങ്ങളെ ഗൗനിക്കാതെ ഇടതുവശത്തിലൂടെ ഓവർടേക്ക് ചെയ്യുന്നതും സ്ഥിരംസംഭവമാണ്. ഇവർക്ക് മൂക്കുകയറിടേണ്ട മോട്ടോർവാഹനവകുപ്പും നിശ്ശബ്ദരാണ്.
അപകടം നടക്കുമ്പോൾ പ്രഹസനമെന്നോണം ബസ് സ്റ്റാൻഡുകളിലും നിരത്തുകളിലും മോട്ടോർവാഹനവകുപ്പ് പരിശോധന നടത്തും. ഇങ്ങനെ പരിശോധന നടത്തി പിഴയിട്ടാലും കൂസലില്ലാതെ ചിലർ നിയമലംഘനം ആവർത്തിക്കും. ദേശീയപാത പ്രവൃത്തി നടക്കുന്നതിനിടയിൽ വൺവേ തെറ്റിച്ച് ബസുകൾ ‘പറപറക്കുന്നത്' സോഷ്യൽമീഡിയയിൽ പ്രചരിച്ചപ്പോഴാണ് മോട്ടോർവാഹനവകുപ്പ് നടപടിയെടുക്കാൻ തയ്യാറായത്.
കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ 1000- ത്തോളം ബസ് അപകടങ്ങൾ നഗരത്തിൽ മാത്രമുണ്ടായി. അതിൽ 80-ഓളംപേർ മരിച്ചു. കളക്ഷൻബത്ത സംവിധാനമായതിനാൽ വേഗത്തിലെത്താൻ ശ്രമിക്കുന്നതും ബസുകളുടെ സമയത്തിലെ ചെറിയമാറ്റങ്ങളും കാരണം അതിവേഗത്തിൽ ഓടിക്കാൻ ഡ്രൈവർമാർ നിർബന്ധിതരാകുന്നുണ്ടെന്ന് ബസ്സുടമകൾ പറയുന്നു.
കഴിഞ്ഞമാസത്തിനിടെ ബസുകൾ നടത്തിയ നിയമലംഘനങ്ങളിൽനിന്ന് പിഴയായി 9,69,750 രൂപ മോട്ടോർവാഹനവകുപ്പ് ഈടാക്കിയിട്ടുണ്ട്.
വേഗപ്പൂട്ടോ...അതെന്താണ്
അതിവേഗം നിയന്ത്രിക്കുന്നതിനായി സ്ഥാപിക്കുന്ന വേഗപ്പൂട്ടിന് ചില ബസ് ജീവനക്കാർ യാതൊരുവിലയും കല്പിക്കുന്നില്ല. ഫിറ്റ്നസ് പരിശോധനയ്ക്കായി എത്തുമ്പോൾ വേഗപ്പൂട്ടുണ്ടാവും. അത് കഴിഞ്ഞയുടനെ വർക്ക്ഷോപ്പിൽ എത്തിച്ച് വേഗപ്പൂട്ടിലെ നിയന്ത്രണം ഒഴിവാക്കി, 70 കിലോമീറ്ററിന് മുകളിൽ വേഗത്തിൽ ബസുകൾ സർവീസ് നടത്തുകയാണെന്ന് എൻഫോഴ്സസ്മെന്റ് ആർ.ടി.ഒ. സി.എസ്. സന്തോഷ് കുമാർ പറഞ്ഞു.
പിന്നീട് പരിശോധനയ്ക്കിടയിലോ എന്തെങ്കിലും അപകടമുണ്ടായാലോ ആണ് വേഗപ്പൂട്ടില്ലെന്ന് മനസ്സിലാകുക. അത് കണ്ടെത്തിയാൽ നോട്ടീസ് നൽകും. വേഗപ്പൂട്ട് ഘടിപ്പിച്ച് എം.വി.ഐ.ക്ക് മുന്നിൽ ഹാജരാകണം. നിയമലംഘനം ആവർത്തിച്ചാൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. കഴിഞ്ഞ രണ്ടുമാസത്തിനിടെ 135 ബസുകൾക്കെതിരേ മോട്ടോർവാഹനവകുപ്പ് നടപടിയെടുത്തു
എയർഹോൺ മുഴങ്ങുന്നു
ബസുകൾ തമ്മിൽ മത്സരയോട്ടം നടത്തുമ്പോൾ എയർഹോൺ മുഴക്കും. ഇരുചക്രവാഹനയാത്രക്കാരടക്കം ഞെട്ടിമാറുമ്പോൾ അപകടം സംഭവിക്കും. മോട്ടോർവാഹനവകുപ്പിൻ്റെ കണക്കുപ്രകാരം എയർഹോൺ ഉപയോഗിക്കുന്നത് 30 ശതമാനത്തിൽ താഴെ മാത്രമാണ്. എയർഹോൺ ഉപയോഗിച്ചതിന് ഒരുമാസത്തിനിടെ 207 കേസുകൾ രജിസ്റ്റർചെയ്തു. ആദ്യ തവണ 2000 രൂപയാണ് പിഴ. തെറ്റ് ആവർത്തിച്ചാൽ പിഴ നാലിരട്ടിയാകും.
Tags:
Latest