കോഴിക്കോട് : ഓടിക്കൊണ്ടിരുന്ന
ബസിൽനിന്ന് പുറത്തേക്ക് തെറിച്ചുവീണ് വൈദ്യുതത്തൂണിൽ തലയിടിച്ച് യാത്രക്കാരന് ദാരുണാന്ത്യം. സിറ്റി സർവീസ് ബസിന്റെ പിൻവശത്തെ ഓട്ടോമാറ്റിക് വാതിൽ അടയ്ക്കാതെ അതിവേഗത്തിൽ ബസ് സഞ്ചരിച്ചതാണ് ദുരന്തത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു.
പ്ളാസ്റ്റിക് വള്ളികൾകൊണ്ട് കസേരമെടയുന്ന തൊഴിലാളിയായ മാങ്കാവ് പാറക്കുളം ക്ഷേത്രത്തിനുസമീപം പാറപ്പുറത്ത് പറമ്പിൽ ശുഭശ്രീ വീട്ടിൽ പി. ഗോവിന്ദൻ (59) ആണ് തലതകർന്ന് റോഡിൽ രക്തംവാർന്നൊഴുകി മരിച്ചത്. ചാലപ്പുറം ഭജനകോവിൽ ബസ്സ്റ്റോപ്പിന് സമീപത്തെ വളവിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം.
മാനാഞ്ചിറയിൽനിന്ന് പെരുമണ്ണയിലേക്കുള്ള 'വിൻവേ സിറ്റി റൈഡേഴ്സ‌്' ബസിൽനിന്നാണ് ഗോവിന്ദൻ പുറത്തേക്ക് വീണത്. ഫ്രാൻസിസ് റോഡ് ബസ്സ്റ്റോപ്പിൽനിന്ന് കയറിയ ഗോവിന്ദൻ സീറ്റ് ഒഴിവില്ലാത്തതിനാൽ കമ്പി പിടിച്ചുനിന്ന് ടിക്കറ്റിനുള്ള പണം പോക്കറ്റിൽനിന്ന് എടുക്കുകയായിരുന്നു. ഇതിനിടെ ബസ് വേഗത്തിൽ വളവുതിരിഞ്ഞപ്പോൾ ഇദ്ദേഹം പുറത്തേക്ക് തെറിച്ചുവീണു. ഡ്രൈവർ സ്വിച്ചിട്ടാൽമാത്രം അടയുന്ന ഓട്ടോമാറ്റിക് വാതിൽ അടച്ചിരുന്നെങ്കിൽ പുറത്തേക്ക് വീഴില്ലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടംനടന്നയുടനെ ബസ്ജീവനക്കാർതന്നെയാണ് മറ്റൊരു വാഹനത്തിൽ ഇദ്ദേഹത്തെ ബീച്ച് ഗവ. ജനറൽ ആശുപത്രിയിൽ എത്തിച്ചത്. അവിടെയെത്തുമ്പോഴേക്കും മരിച്ചിരുന്നതായി ഡോക്ടർ അറിയിച്ചു
നടപടിയെടുത്ത് പോലീസും മോട്ടോർവാഹനവകുപ്പും
സംഭവത്തിൽ പോലീസും മോട്ടോർവാഹനവകുപ്പും നടപടിയെടുത്തു. മരണത്തിനിടയാക്കുന്ന രീതിയിൽ അശ്രദ്ധമായി വാഹനമോടിച്ചതിനും വേഗത്തിലും പരുഷമായും വാഹനം അശ്രദ്ധമായി ഓടിച്ചതിനും കസബ പോലീസ് ബസ് ഡ്രൈവർക്കെതിരേ കേസെടുത്തു. ഡ്രൈവറുടെ ൈഡ്രവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് എൻഫോഴ്സ്സ്മെൻ്റ് ആർ.ടി.ഒ. അറിയിച്ചു
Tags:
Latest