ബന്ധുക്കളും സുഹൃത്തുക്കളും മരിച്ചതായി കരുതിയ യുവാവിനെ ജീവനോടെ കണ്ടെത്തി പേരാമ്പ്ര പോലീസ്. 2024 മെയ് 15 മുതൽ കാണാതായ ചങ്ങരോത്ത് പഞ്ചായത്തിലെ മുതുവണ്ണാച്ച സ്വദേശിയായ യുവാവിനെയാണ് പോലീസ് നടത്തിയ അന്വേഷണത്തിൽ ബംഗളുരുവിൽ നിന്ന് കണ്ടെത്തിയത്.
യുവാവിന് വേണ്ടിയുള്ള അന്വേഷണങ്ങൾക്കിടെ മൈസൂർ സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയതായി സമൂഹ മാധ്യമങ്ങളിൽ ഫോട്ടോ സഹിതം വന്നിരുന്നു. കാണാതായ യുവാവുമായി സാമ്യമുള്ള ആളാണെന്ന് തോന്നിയതോടെ സുഹൃത്തുക്കളും ബന്ധുക്കളും മൈസൂരിൽ എത്തി. മൃതദ്ദേഹം പരിശോധിച്ചപ്പോഴും ഇത് കാണാതായ യുവാവിൻ്റെതാണന്നെ സംശയത്തിലായിരുന്നു ഇവർ.
വിദേശത്തായിരുന്ന ജേഷ്ഠനെ വിളിച്ചു വരുത്തി യുവാവിൻ്റെ മുതദേഹം കാണിച്ചു. പേരാമ്പ്ര പോലീസ് ഇടപെട്ട് പോസ്റ്റുമോർട്ടം നടത്തിക്കുകയും സംശയം തീർക്കുന്നതിനായി ഡി.എൻ.എ സാമ്പിൾ ശേഖരിക്കുകയും ചെയ്തിരുന്നു.ഡി.എൻ.എ പരിശോധന നടന്നു വരുന്നതിനിടയിൽ സമാന്തരമായി പോലീസ് യുവാവിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നു.
പേരാമ്പ്ര പോലീസ് ഇൻസ്പെക്ടർ പി. ജംഷീദിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ യുവാവിൻ്റേതെന്ന് സംശയിക്കുന്ന മൊബൈൽ നമ്പർ കണ്ടെത്തി.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ബംഗളുരുവിലുണ്ടെന്ന് മനസിലായത്.ലാൽബാഗിൽ വെച്ചാണ് യുവാവിനെ പോലീസ് കണ്ടെത്തിയത്.നാട്ടിലെത്തിച്ച യുവാവിനെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി.
Tags:
Latest