എന്ന് ശരിയാകും..❓
✍🏿 *നിസാം കക്കയം*
കൂരാച്ചുണ്ട് : മലയോര ഹൈവേയുടെ ഭാഗമായി 28-)o മൈൽ ചെമ്പ്ര റോഡിന്റെ പ്രവൃത്തി അനിശ്ചിതമായി നീളുന്നതിൽ കൂരാച്ചുണ്ടിൽ പ്രതിഷേധമുയരുന്നു. ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി പെരുവണ്ണാമൂഴി മുതൽ ചെമ്പ്ര വരെയും, പടിക്കൽവയൽ മുതൽ ഇരുപത്തിയെട്ടാം മൈൽ വരെയുമുള്ള റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് മാസങ്ങളായി. എന്നാൽ ഈ രണ്ട് മേഖലകൾക്കുമിടയിലുള്ള ചെമ്പ്ര മുതൽ ഇരുപത്തിയെട്ടാം മൈൽ വരെയുള്ള ഭാഗത്തിന്റെ പ്രവർത്തിയാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. 10.1 കിലോമീറ്ററാണ് ഈ റീച്ചിൽ വരുന്നത്. ഈ മേഖലയിൽ
റോഡ് കടന്ന് പോകുന്ന കൂരാച്ചുണ്ട് ടൗണിലെ 800 മീറ്റർ ദൂരപരിധിയിലെ കെട്ടിട ഉടമകളിൽ നിന്നും ഭൂമി വിട്ട് കിട്ടുന്നതിനാവശ്യമായ നടപടികൾ പോലും ഇപ്പോഴും പൂർത്തീകരിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
റോഡിന് ആവശ്യമായ വീതി ലഭിക്കാൻ കെട്ടിടങ്ങളുടെ ചില ഭാഗങ്ങൾ പൊളിച്ചു മാറ്റേണ്ടി വരുന്നതിനാൽ കെട്ടിട ഉടമകളുമായി നില നിന്നിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഫെബ്രുവരി 21ന് സർവ്വകക്ഷി യോഗം വിളിച്ചു ചേർത്തിരുന്നു. ജനപ്രതിനിധികൾ, മലയോര ഹൈവേ ഉദ്യോഗസ്ഥർ, കെട്ടിട ഉടമകൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരികൾ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ കെട്ടിട ഉടമകളിൽ നിന്നും സമ്മതപത്രം വാങ്ങൽ വേഗത്തിലാക്കാൻ തീരുമാനമായിരുന്നു. വ്യാപാര സ്ഥാപനങ്ങൾക്ക് പരമാവധി നഷ്ടങ്ങൾ കുറച്ചുകൊണ്ട് സംരക്ഷിക്കാൻ കഴിയുന്നത് സംരക്ഷിച്ചുകൊണ്ട് മലയോര ഹൈവേ യാഥാർഥ്യമാക്കണമെന്ന് യോഗത്തിൽ തീരുമാനമായി. കെട്ടിട ഉടമകൾ ഉന്നയിച്ച ബിൽഡിങ് ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ കിഫ്‌ബിയുടെ അംഗീകാരത്തിനായി യോഗതീരുമാനപ്രകാരം അടിയന്തരമായി സമർപ്പിക്കുന്നതാണെന്ന് ഉദ്യോഗസ്ഥർ യോഗത്തെ അറിയിക്കുകയും ചെയ്തിരുന്നു.
മുഴുവൻ കെട്ടിട ഉടമകളിൽ നിന്നുമുള്ള സമ്മതപത്രം വാങ്ങുന്നതടക്കമുള്ള കാര്യങ്ങൾ ബന്ധപ്പെട്ടവർ പൂർത്തീകരിച്ച് കേരള റോഡ് ഫണ്ട് ബോർഡിന് ഇത് വരെ നൽകിയിട്ടില്ല. ഇത് കാരണം കൂരാച്ചുണ്ട് അങ്ങാടിയിലെ 800 മീറ്റർ ഒഴിവാക്കിയുള്ള റോഡിന്റെ നിർമ്മാണ പ്രവർത്തികൾക്കാവശ്യമായ ടെൻഡർ നടപടികൾക്കായി കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർ കിഫ്‌ബിക്ക് സമർപ്പിച്ചിട്ടുള്ളത്.
ചിത്രത്തിലില്ലാതെ ബൈപ്പാസ് നിർമ്മാണം
1993–94ൽ പഞ്ചായത്ത് ഭരണസമിതി കൂരാച്ചുണ്ട് ബൈപാസ് റോഡിനു പഠനം നടത്തി നിർദേശം സമർപ്പിച്ചിരുന്നു. തുടർ ഇടപെടലുകളെ തുടർന്ന് പത്ത് വർഷം മുൻപ് 2014 ഫെബ്രുവരി മാസത്തിൽ ഭൂമി ഏറ്റെടുക്കുക്കൽ, സർവേ നടപടിയുൾപ്പടെയുള്ള തുടർ പ്രവർത്തനങ്ങൾക്കുമായി ഉമ്മൻ ചാണ്ടി സർക്കാർ 1.58 കോടി രൂപ അനുവദിച്ചിരുന്നു. കൂരാച്ചുണ്ട് എസ്.എച്ച് കോൺവന്റിനു മുന്നിൽ നിന്നും പേരാമ്പ്ര റോഡിലെ കള്ളുഷാപ്പിനു സമീപത്ത് കൂടിയാണ് ബൈപാസ് നിർമാണത്തിന് ഭൂമി കണ്ടെത്തിയിരുന്നത്. പൊതുമരാമത്ത് വകുപ്പ് 2.70 ലക്ഷം രൂപ ചെലവഴിച്ച് കള്ളുഷാപ്പിനു സമീപത്ത് പുതിയതായി നിർമിക്കേണ്ട പാലത്തിന്റെ ഡ്രില്ലിങ്,റോഡ് അലൈൻമെന്റ്, പാതയുടെ അതിർത്തി കല്ല് സ്ഥാപിക്കൽ എന്നിവയ്ക്കുള്ള നടപടികളും ആരംഭിച്ചതാണ്.എന്നാൽ ഭരണം മാറിയതോടെ ബൈപാസിനു സർവേ പൂർത്തീകരിച്ച റൂട്ട് മാറ്റി മറ്റൊരു ബൈപാസ് പാത കണ്ടെത്താൻ ആരംഭിച്ച നീക്കമാണ് നടപടികൾ വൈകാൻ കാരണമെന്നും ആക്ഷേപം ഉയരുന്നുണ്ട്.
കുരുങ്ങി കുരുങ്ങി കൂരാച്ചുണ്ട് അങ്ങാടി
നിത്യേന നൂറുകണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന കൂരാച്ചുണ്ട് ടൗൺ ഗതാഗത കുരുക്കിൽ വീർപ്പുമുട്ടുന്നു. സ്വകാര്യ വാഹനങ്ങൾ തലങ്ങും വിലങ്ങും നിർത്തിയിടുന്നതും, അങ്ങാടിയിലെ വീതി കുറഞ്ഞ റോഡിന് ഉൾകൊള്ളാൻ കഴിയാത്ത വിധം ക്രമാതീതമായ വാഹനപെരുപ്പവും അനുദിനം വികസിക്കുന്ന കൂരാച്ചുണ്ട് ടൗണിനെ രൂക്ഷമായ ഗതാഗത കുരുക്കിലാക്കുന്നത്.
ടൗണിൽ റോഡിന് വീതി കുറവായതിനാൽ കൂടുതൽ വാഹനങ്ങൾക്ക് ഒരേ സമയം കടന്ന് പോകാൻ കഴിയാത്ത അവസ്ഥയുണ്ട്.
ബസ്, ലോറി പോലെയുള്ള വലിയ വാഹനങ്ങൾ സഞ്ചരിക്കുമ്പോഴും പാതയോരത്ത് നിർത്തുമ്പോഴും ഗതാഗത തടസ്സമുണ്ടാകുന്നുണ്ട്. ഇരുചക്ര വാഹനങ്ങളിൽ വരുന്നവർ റോഡിന്റെ ഇരു സൈഡിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഗതാഗത പ്രശ്നത്തിനും വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന് തടസ്സം നേരിടാനും കാരണമാകുന്നുണ്ട്.
കൂരാച്ചുണ്ട് ടൗണിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻപ് തുടങ്ങി വെച്ച ട്രാഫിക് സംവിധാനങ്ങൾ മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.ടൗണിൽ കൃത്യമായി പോലീസ് സംവിധാനം ഇല്ലാത്തതും നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ച ഭാഗത്ത് തന്നെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും പ്രശ്നം ഗുരുതരമാക്കുന്നുണ്ട്.