✍🏿 *നിസാം കക്കയം*
കൂരാച്ചുണ്ട് : കൂരാച്ചുണ്ട് നിന്നും ഗാന്ധിജിയുടെ ജന്മനാട്ടിലേക്കൊരു യാത്ര. പലരും വർഷങ്ങളായി മനസ്സിൽ സൂക്ഷിച്ചിരുന്ന സ്വപ്നം യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ് കൂരാച്ചുണ്ട് പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾ.
സെപ്തംബർ 15ന് വൈകീട്ട് കോഴിക്കോട് നിന്നും പുറപ്പെട്ട സംഘം 17ന് കാലത്ത് പോർബന്തർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി. ഗാന്ധിജിയുടെ ജന്മസ്ഥലമായ കീർത്തി മന്ദിർ, കസ്തൂർബായുടെ വീട്, സബർമതി ആശ്രമം എന്നിവയെല്ലാം സന്ദർശിക്കാൻ സാധിച്ചത് മറക്കാനാവാത്ത നിമിഷങ്ങളാണെന്ന് ഹരിത കർമ്മ സേനാംഗങ്ങൾ പറഞ്ഞു. സുദാമ ക്ഷേത്രം, ജംബവാൻ ഗുഹ, ശ്രീഹരി മന്ദിർ, സംസ്‌കൃത പാഠശാല, പോർബന്തർ ബീച്ച്, ബ്ലൂ സീദ്വാരക ക്ഷേത്രം, കാളിന്ദി നദി എന്നിവയും കണ്ടാണ് ഹരിത കർമ സേനാംഗങ്ങൾ യാത്ര വിസ്മയമാക്കിയത്. ഹരിത കർമ്മ സേന കോ - ഓർഡിനേറ്റർ ബിജി സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് പതിനൊന്ന് പേരടങ്ങുന്ന സംഘം യാത്ര പോയിരുന്നത്. യാത്രയുടെ പ്രചോദനം ഉൾകൊണ്ട് കൂടുതലാളുകൾ യാത്ര നടത്താനുള്ള തീരുമാനത്തിലാണ്.
*മാലിന്യ സംസ്‌ക്കരണത്തില്‍ മാതൃകയായി കൂരാച്ചുണ്ട് ഹരിത കര്‍മസേന*
കൂരാച്ചുണ്ടിലെ ഖര മാലിന്യ സംസ്കരണ രംഗത്ത് കഴിഞ്ഞ നാല് വർഷത്തിനിടയിലുണ്ടായ വലിയൊരു മാറ്റമാണ് ഹരിതകർമ്മസേന. മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് വാതിൽപ്പടി സേവനം നൽകുന്ന സംരംഭമാണിത്.
അലക്ഷ്യമായി വലിച്ചെറിയുകയും, കത്തിക്കുകയും, കുഴിച്ചു മൂടുകയും ചെയ്യുന്ന പ്ലാസ്റ്റിക്, ബാഗ്, തുണി, ഇലക്ട്രോണിക്സ് ഗ്ലാസ്, ചെരുപ്പ് തുടങ്ങിയവയിൽ നിന്നുണ്ടാകുന്ന അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്ന പദ്ധതിക്ക് 2018ൽ കൂരാച്ചുണ്ടിൽ തുടക്കം കുറിച്ചെങ്കിലും 2021 നവംബറിലാണ് വാതിൽപ്പടി സേവനം ഉൾപ്പടെയുള്ളവ കാര്യക്ഷമമായി പ്രാവർത്തികമാക്കിയത്. കോഴിക്കോട് ഗ്രീൻ വേംസ് ഇക്കോ സൊലൂഷൻ എന്ന സ്ഥാപനവുമായി സഹകരിച്ച് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. ശേഖരിക്കുന്ന മാലിന്യങ്ങൾ ഗ്രീൻ വേംസ് സംസ്കരണ കേന്ദ്രത്തിൽ തരംതിരിച്ച് വിവിധ ഉപയോഗങ്ങൾക്കായി മാറ്റും. വീടുകൾ, വാണിജ്യ സ്ഥാപനങ്ങൾ, സർക്കാർ-സർക്കാരിതര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് മാലിന്യങ്ങൾ ശേഖരിക്കുന്നത്.
കഴിഞ്ഞ ഒരു വർഷം മാത്രം ഏകദേശം 450 ടണിലധികം പ്ലാസ്‌റ്റിക് മാലിന്യങ്ങളാണ് നീക്കം ചെയ്തത് എന്നറിയുമ്പോഴാണ് കൂരാച്ചുണ്ടിൽ ഇവർ നടത്തുന്ന നിശബ്ദ വിപ്ലവത്തിന്റെ ആഴം വ്യക്തമാകുന്നത്.കൂരാച്ചുണ്ടിലെ 13 വാർഡുകളിൽ നിന്നുള്ള 13 പേരാണ് ഈ ദൗത്യം പൂർത്തീകരിച്ചത്. പ്രകൃതിയെ മാലിന്യ വിപത്തിൽ നിന്നും രക്ഷിക്കുന്നതിനുള്ള
ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്ന ഹരിതകർമ്മ സേനാംഗങ്ങൾ സർക്കാരിൽ നിന്നും ശമ്പളം കൈപ്പറ്റുന്നവരല്ല. പൊതുസമൂഹം കൈകാര്യം ചെയ്യാൻ മടിക്കുന്ന മാലിന്യം പരിപാലിക്കുന്ന ഇവരുടെ നിലനിൽപ്പ് തുച്ഛമായ യൂസർ ഫീ മാത്രമാണ്. വീടുകളിൽ നിന്ന് 50 രൂപയും,കടകളിൽ നിന്ന് 100 രൂപയുമാണ് ഫീ ഇനത്തിൽ ഈടാക്കി വരുന്നത്. ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങളുടെ ഫലമായാണ് ജനുവരി മാസത്തിൽ കൂരാച്ചുണ്ട് മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ടത്.