പേരാമ്പ്ര : ബംഗ്ലാദേശും നേപ്പാളും അതിർത്തിപങ്കിടുന്ന ബിഹാർ കിഷൻഗഞ്ചിലെ ദിഗൽബങ്ക് ഗ്രാമം. ചെറുവണ്ണൂർ ജൂവലറി കവർച്ചയിലെ പ്രതികളെത്തേടി മിഷൻ കിഷൻഗഞ്ച് സ്ക്വാഡിലെ എസ്.ഐ. കെ.വി. സുധീർബാബുവടങ്ങുന്ന നാലംഗസംഘം 22-ന് അവിടേക്കെത്തുന്നു. പ്രതി ഇസാഖിനെ തിരഞ്ഞ് നടപ്പുതുടങ്ങി. പൊടുന്നനെ ആയിരത്തോളംവരുന്ന സ്ത്രീകളടക്കമുള്ള ആയുധധാരികളായ ഗ്രാമവാസികൾ വളഞ്ഞു. കുറ്റകൃത്യങ്ങൾക്ക് പേരുകേട്ട ക്രിമിനലുകളുള്ള സ്ഥലമാണ്. ബംഗ്ലാദേശികളുമുണ്ട്. അവിടെനിന്ന് ഒരാളെ പിടികൂടി പുറത്തെത്തിക്കുക പ്രയാസവും.
പോലീസുകാരുടെ കൈയിൽ തോക്കുണ്ടെങ്കിലും അതുകൊണ്ടുമാത്രം ജീവൻ രക്ഷപ്പെട്ട് പുറത്തുകടക്കുക അസാധ്യമെന്നുകരുതിയ നിമിഷങ്ങൾ. സ്ഥലത്ത് 15-ഓളം വീടുകളേ ഉണ്ടായിരുന്നുള്ളൂവെങ്കിലും വളരെ പെട്ടെന്നാണ് വലിയസംഘം തടിച്ചുകൂടിയത്. വലിയ ശബ്ദംകേട്ട് ഒടുവിൽ അതിർത്തികാക്കുന്ന സശസ്ത്ര സീമാബൽ സുരക്ഷാ സേനാംഗങ്ങൾ എത്തിയാണ് മരണത്തെ മുഖാമുഖംകണ്ട എല്ലാവരെയും രക്ഷപ്പെടുത്തിയത്. പിടികൂടാൻ ഉദ്ദേശിച്ചിരുന്ന ഇസാഖ് ഈ സമയം നേപ്പാളിലേക്ക് കടക്കുകയും ചെയ്‌തു. കിഷൻഗഞ്ചിൽനിന്നും 60 കിലോമീറ്റർ അകലെയായിരുന്നു ദിഗൽബങ്ക് ഗ്രാമം.
ഇവിടത്തെ മാർക്കറ്റിൽനിന്ന് മുഹമ്മദിനെ
സംഘം ആദ്യംതന്നെ പിടികൂടിയിരുന്നു. ഇയാളെ
ആദ്യം പോലീസ് സ്റ്റേഷനിൽ
ലോക്കപ്പിലാക്കിയാണ് രണ്ടാമനെ
പിടികൂടാനായി ഒരു കിലോമീറ്റർ അകലെയുള്ള
സ്ഥലത്തേക്ക് പോലീസ് പോയത്. പോകുമ്പോൾത്തന്നെ സ്ഥലത്തെപ്പറ്റി പോലീസുകാർ മുന്നറിയിപ്പുനൽകിയിരുന്നു. അക്രമശ്രമത്തിൽനിന്ന് രക്ഷപ്പെട്ട് സ്റ്റേഷനിലെത്തി പ്രതി മുഹമ്മദിനെ അവിടത്തെ കോടതിയിൽ ഹാജരാക്കി വിവേക് എക്സ്പ്രസിൽ ജനറൽ കംപാർട്ടുമെന്റിൽ കയറി മൂന്നരദിവസത്തെ യാത്രക്കൊടുവിൽ വ്യാഴാഴ്ചയാണ് നാട്ടിലേക്കെത്തുന്നത്.
Tags:
Latest