കൂരാച്ചുണ്ട് : ജില്ലയിലെ പ്രധാന
ടൂറിസംകേന്ദ്രങ്ങളായ കക്കയത്തെയും പെരുവണ്ണാമൂഴിയെയും ബന്ധിപ്പിക്കുന്ന മുതുകാട്-കക്കയം റോഡിനായുള്ള ശ്രമം തുടങ്ങിയിട്ട് 50 വർഷം പിന്നിട്ടു. പഴയകാലത്ത് ഒട്ടേറെപ്പേർ കക്കയത്തുനിന്ന് മുതുകാട്ടിലേക്ക് യാത്രചെയ്ത വഴിയാണിത്. എന്നാൽ, റോഡായിമാറ്റാൻ ഇനിയും കഴിഞ്ഞിട്ടില്ല. ബാലുശ്ശേരി മണ്ഡലത്തിലെ കൂരാച്ചുണ്ട് പഞ്ചായത്തിനെയും പേരാമ്പ്ര മണ്ഡലത്തിലെ ചക്കിട്ടപാറ പഞ്ചായത്തിനെയും ബന്ധിപ്പിച്ചാണ് റോഡ് നിർമിക്കേണ്ടത്.
കെ.എസ്.ഇ.ബി., ജലസേചനവകുപ്പ്, വനംവകുപ്പ് തുടങ്ങിയവയുടെ അനുമതിലഭിച്ചാൽ അതിവേഗം പാത യാഥാർഥ്യമാക്കാനാകും. വനംവകുപ്പിന്റെ അധീനതയിലുള്ള 800 മീറ്റർ ദൂരം വിട്ടുകിട്ടാത്തതാണ് പ്രധാന തടസ്സം.
പൊതുമരാമത്തുവകുപ്പ് റോഡ്‌സ് വിഭാഗം അസിസ്‌റ്റന്റ് എൻജിനിയറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും റോഡ് മേഖല സന്ദർശിച്ച് റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. 1965-ൽ കക്കയം ഡാം നിർമാണസമയത്ത് വനഭൂമിയിലൂടെ കൂപ്പ് റോഡ് നിലവിലുണ്ടായിരുന്നു. 1973-ൽ ജനകീയസഹകരണത്തോടെ കക്കയത്തുനിന്ന് മുതുകാടുവരെ മൺപാത നിർമിക്കുകയും ചെയ്തിരുന്നു.
റോഡ് യാഥാർഥ്യമാക്കാനായാൽ ടൂറിസം മേഖലയ്ക്ക് വലിയമുതൽക്കൂട്ടാകും. പെരുവണ്ണാമൂഴിയിൽനിന്ന് ദീർഘദൂരം സഞ്ചരിച്ച് കക്കയത്ത് എത്തുന്നത് ഒഴിവാക്കി ജൈവവൈവിധ്യം അടുത്തറിഞ്ഞ് പെരുവണ്ണാമൂഴി റിസർവോയർ തീരത്തുകൂടി യാത്രചെയ്യാനും പാത സഹായിക്കും. ടൈഗർ സഫാരിപാർക്കുൾപ്പെടെ എസ്റ്റേറ്റിൽ നിർമിക്കാൻ ഉദ്ദേശിക്കുന്നഘട്ടത്തിൽ സഞ്ചാരികൾക്ക് ഏറെ പ്രയോജനപ്പെടുന്ന റോഡായി ഇത് മാറ്റാനാകും. അടിയന്തരഘട്ടത്തിൽ അഗ്നിരക്ഷാസേനയ്ക്കുൾപ്പടെ പേരാമ്പ്രയിൽനിന്ന് പാതയിലൂടെ കക്കയത്തേക്ക് എളുപ്പത്തിൽ എത്താനാകും.