✍🏿 *നിസാം കക്കയം*
*കേന്ദ്ര വനം - പരിസ്ഥിതി വകുപ്പ് മന്ത്രാലയത്തിന് പരാതി നൽകാൻ ഹെല്പ്ഡെസ്കുകൾക്ക് വെള്ളിയാഴ്ച തുടക്കം.
കൂരാച്ചുണ്ട് :പരിസ്ഥിതി ലോല മേഖലാ നിർണയത്തിനുള്ള കരടു രേഖയിൽ ജനവാസ മേഖലകൾ ഉൾപ്പെട്ട സാഹചര്യത്തിൽ ഈ നടപടി തിരുത്തി ജനവാസമേഖലയെ പൂർണമായി ഒഴിവാക്കണമെന്ന് കൂരാച്ചുണ്ട് പഞ്ചായത്ത് ഹാളിൽ ചേർന്ന സർവ്വകക്ഷി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. പഞ്ചായത്തിൽ കൂരാച്ചുണ്ട് വില്ലേജിൽ ഉൾപ്പെട്ട ജനവാസ മേഖലകളും കൃഷി ഭൂമിയും പൂർണമായും ഒഴിവാക്കിയാണ് പഞ്ചായത്ത് 2024 മെയ് 22ന് പ്രൊപ്പോസൽ സമർപ്പിച്ചത്. ഈ മാപ്പ് പുതിയ ഇ.എസ്.ഐ മാപ്പിൽ പ്രസിദ്ധീകരിക്കാൻ ഗവൺമെന്റ് നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വില്ലേജുകളിലെ വനമേഖലയെയും റവന്യൂ മേഖലയേയും വിഭജിച്ച് ഫോറസ്റ്റ് വില്ലേജെന്നും, റവന്യൂ വില്ലേജെന്നും തരം തിരിച്ച് പ്രത്യേകം വിജ്ജാപനമിറക്കണമെന്നും യോഗത്തിൽ ആവശ്യമുയരുന്നുണ്ട്.
കേന്ദ്രവന മന്ത്രാലയത്തിന് പൊതുജനങ്ങൾക്ക് പരാതി നൽകുന്നതിന് പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ ഹെല്പ് ഡെസ്കുകൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു. കക്കയം, കരിയാത്തുംപാറ, കല്ലാനോട്, പൂവത്തുംചോല, ചാലിടം, കൂരാച്ചുണ്ട് ടൗൺ, വട്ടച്ചിറ, എരപ്പാംതോട്, കേളോത്ത് വയൽ മേഖലകളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഹെല്പ് ഡെസ്ക് പ്രവർത്തിക്കും. മുഖ്യമന്ത്രിയേയും, റവന്യു മന്ത്രിയേയും നേരിൽ കണ്ട് പരാതി സമർപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ഒ.കെ.അമ്മദ്, ഡാർളി പുല്ലംകുന്നേൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജോൺസൺ താന്നിക്കൽ, വി.എസ്.ഹമീദ്, ജോസ് ചെരിയൻ, എ.കെ.പ്രേമൻ, സൂപ്പി തെരുവത്ത്, സണ്ണി പാരഡൈസ്, ഗോപി ആലയ്ക്കൽ, അഗസ്റ്റിൻ പാലറ, ഗ്രാമപഞ്ചായത്തംഗങ്ങളായ വിൻസി തോമസ്, അരുൺ ജോസ്, എൻ.ജെ.ആൻസമ്മ എന്നിവർ പങ്കെടുത്തു