കക്കയം : ഡാം സൈറ്റ് പാതയോരത്ത് വാഹനയാത്രികർക്ക് ഭീഷണിയായി റോഡിലേക്ക് ചെരിഞ്ഞുനിന്ന കാട് വെട്ടിമാറ്റാൻ തുടങ്ങി. വനംവകുപ്പ്, കെ.എസ്.ഇ.ബി., ഇക്കോ-ഹൈഡൽ ടൂറിസം ജീവനക്കാരുടെ നേതൃത്വത്തിലാണ് കാട് വെട്ടിമാറ്റുന്നത്.
നൂറുകണക്കിന് വിനോദസഞ്ചാരികളും ഡാം സേഫ്റ്റി ജീവനക്കാരും ദിവസേന യാത്രചെയ്യുന്ന പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പാതയോരത്തെ കാട് വെട്ടിയിട്ട് വർഷങ്ങളായതിനെക്കുറിച്ച് വാർത്ത നൽകിയിരുന്നു.
റോഡരികിലെ കാട് നിമിത്തം എതിർദിശയിൽ നിന്നുവരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത സ്ഥിതിയായിരുന്നു. പഞ്ചായത്തിന്റെ്റെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മുൻവർഷങ്ങളിൽ കാട് വെട്ടിയിരുന്നെങ്കിലും ഇപ്പോൾ അതും നടക്കാറില്ല. ഓണാവധി അടുത്ത സാഹചര്യത്തിൽ ടൂറിസ്റ്റ് കേന്ദ്രത്തിൽ സഞ്ചാരികളുടെ എണ്ണം വർധിക്കുന്നത് പരിഗണിച്ചാണ് കാട് വെട്ടിമാറ്റുന്നത്.