പേരാമ്പ്ര : കേരളത്തിലെ പരിസ്ഥിതിലോലമേഖല നിശ്ചയിക്കാനുള്ള ആറാമത് കരട് വിജ്ഞാപനത്തിലും ജനവാസമേഖല ഉൾപ്പെട്ടുവെന്ന പരാതിയിൽ ആശങ്കയകറ്റണമെന്ന് കിഫ ആവശ്യപ്പെട്ടു.
ജൂലായ് 31-ന് പുറപ്പെടുവിച്ച ആറാമത് കരട് വിജ്ഞാപനത്തിൽ പൊതുജനങ്ങൾക്ക് പരാതി കൊടുക്കേണ്ട സമയപരിധി സെപ്റ്റംബർ 30-ന് അവസാനിക്കുകയാണ്.
ചക്കിട്ടപാറ വില്ലേജിലെ ഇ.എസ്.എ. മാപ്പ് പരിശോധിച്ചപ്പോൾ പെരുവണ്ണാമൂഴി ഫാത്തിമ മാതാ സ്കൂൾ ഉൾപ്പെടെയുള്ള ജനവാസമേഖലകൾ ഉൾപ്പെട്ടതായാണ് മനസ്സിലാകുന്നത്.
ഇതേ പ്രദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള മാപ്പ് പഞ്ചായത്തുകൾ തിരുത്തി സംസ്ഥാനസർക്കാരിന് നേരത്തേ നൽകിയതാണ്.
വീണ്ടും ഇതേ പ്രദേശങ്ങൾ ഉൾപ്പെടുന്ന വിജ്ഞാപനമാണ് കാലാവസ്ഥാവ്യതിയാന വകുപ്പിന്റെ വെബ് സൈറ്റിൽ വന്നിരിക്കുന്നത്. രണ്ട് മാപ്പുകളാണിതിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇതിൽ ഏതാണ് പരിസ്ഥിതിലോലമേഖലയായി കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിലേക്ക് അയക്കുന്നതെന്ന് വ്യക്തത വരുത്തിയിട്ടില്ല. ഇതാണ് ജനങ്ങളുടെ ആശങ്കയ്ക്ക് അടിസ്ഥാനം.
ജനവാസമേഖലയെ പരിപൂർണമായും ഒഴിവാക്കി സംസ്ഥാനം തിരുത്തലുകൾ വരുത്തുകയും അത് ബയോഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്യണമെന്ന് കിഫ ആവശ്യപ്പെട്ടു.
കിഫ ജില്ലാപ്രസിഡൻ്റ് മനോജ് കുംബ്ലാനി, ബെന്നി എടത്തിൽ, സിബി എട്ടിയിൽ, രാജേഷ് ചുവപ്പുങ്കൽ, വിനീത് പരുത്തിപ്പാറ തുടങ്ങിയവർ ചക്കിട്ടപാറ വില്ലേജിൽ മാപ്പ് അനുസരിച്ചുള്ള ഭാഗങ്ങൾ സ്ഥലത്ത് പരിശോധന നടത്തി.