സഞ്ചാരികളെ,
✍🏿 *നിസാം കക്കയം*
കൂരാച്ചുണ്ട് : പ്രകൃതി ഭംഗി ആസ്വദിച്ചോളൂ, പക്ഷേ മാലിന്യം വലിച്ചെറിഞ്ഞു അത് നശിപ്പിക്കരുത്"
കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം, കരിയാത്തുംപാറ, തോണിക്കടവ് ടൂറിസ്റ്റ് കേന്ദ്രങ്ങൾ ആസ്വദിക്കാൻ വരുന്നവരോട് നാട്ടുകാർക്ക് ഇപ്പോൾ ഇത് കൂടി പറയേണ്ട സാഹചര്യമാണ്.
ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനെത്തുന്ന വിനോദസഞ്ചാരികൾ റോഡരികിലും സ്ഥലസൗകര്യമുള്ള പൊതുയിടങ്ങളിലും ഭക്ഷണം കഴിച്ച ശേഷം മാലിന്യം അവിടെ തന്നെ തള്ളുന്ന പ്രവണത വർധിച്ചു വരുകയാണ്. ഇക്കൂട്ടത്തിൽ പ്ലാസ്റ്റിക് പാത്രങ്ങൾ, ഗ്ലാസുകൾ, വലിയ പ്ലാസ്റ്റിക് സഞ്ചികൾ, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവയെല്ലാമുണ്ട്. കൂരാച്ചുണ്ട് നിന്നും, തലയാട് നിന്നും കക്കയം ഡാമിലേക്കും മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുമുള്ള യാത്രയ്ക്കിടയിൽ പലയിടങ്ങളിലും വ്യൂ പോയിന്റുകളുമുണ്ട്. ഇവ കാണുന്നതോടെ സഞ്ചാരികൾ ഇവിടെയിറങ്ങി ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയുമൊക്കെ ചെയ്യുന്നത് പതിവാണ്. ഭക്ഷണം കഴിച്ച ശേഷം അവശിഷ്ടം അവിടെ തന്നെ ഉപേക്ഷിച്ചു പോകുന്നതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. കുടിവെള്ള കുപ്പികളും, പേപ്പർ പ്ളേറ്റുകളുമൊക്കെ പാതയോരങ്ങളിൽ പലയിടത്തും ചിതറിക്കിടക്കുന്നത് പ്രദേശത്തിന്റെ തനത് സൗന്ദര്യം നഷ്ടപ്പെടുത്തി കൊണ്ടിരിക്കുകയാണ്. മദ്യപ സംഘങ്ങൾ ഉപേക്ഷിച്ചു പോകുന്ന കുപ്പികളും പലയിടത്തും കാണാം.
മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞു പോകുന്ന സ്ഥിതി അവസാനിപ്പിക്കാൻ ടൂറിസം അധികൃതരുടെയും പഞ്ചായത്തിന്റെയും ഭാഗത്ത് നിന്ന് കൃത്യമായ ഇടപെടലുകൾ അനിവാര്യമായിരിക്കുകയാണ്. വളർന്ന് വരുന്ന വിനോദ സഞ്ചാരമെന്ന നിലയിൽ മാലിന്യ ശേഖരണത്തിനും, സംസ്കരണത്തിനും മതിയായ സൗകര്യമൊരുക്കിയില്ലെങ്കിൽ പ്രദേശം മാലിന്യം കൊണ്ട് നിറയും. അത് നാളത്തെ തലമുറയോട് ചെയ്യുന്ന വലിയൊരു ക്രൂരതയായിരിക്കുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
വിനോദസഞ്ചാര കേന്ദ്രത്തിൽ മാലിന്യ നിക്ഷേപം
കൂരാച്ചുണ്ട് : കരിയാത്തുംപാറ - തോണിക്കടവ് വിനോദസഞ്ചാര കേന്ദ്രത്തിന് സമീപം ഭക്ഷണ അവശിഷ്ടങ്ങൾ അടങ്ങിയ മാലിന്യ ചാക്ക് വ്യാഴാഴ്ച രാത്രി സമൂഹ വിരുദ്ധർ റോഡരികിൽ നിക്ഷേപിച്ചു. വെള്ളിയാഴ്ച രാവിലെ സംഭവം ശ്രദ്ധയിൽ പെട്ട തോണിക്കടവ് ടൂറിസം മാനേജ്മെന്റ് കമ്മിറ്റിക്ക് കീഴിലുള്ള ജീവനക്കാർ മാലിന്യങ്ങൾ നീക്കം ചെയ്തു. കൂരാച്ചുണ്ട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഉരക്കുഴി ടൂറിസ്റ്റ് കേന്ദ്രം ശുചീകരിച്ചു
കൂരാച്ചുണ്ട് :സ്വച്ഛതാ മിഷന്റെ ഭാഗമായി ഇക്കോ ടൂറിസം കേന്ദ്രമായ കക്കയം ഡാം സൈറ്റ്, ഉരക്കുഴി മേഖലകൾ ശുചീകരിച്ചു. കക്കയം ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാരും, ഇക്കോ ടൂറിസം ഗൈഡ്മാരും ചേർന്നാണ് അജൈവ മാലിന്യങ്ങൾ നീക്കം ചെയ്ത് വൃത്തിയാക്കിയത്.