Trending

ദുരിതാശ്വാസ ക്യാമ്പിനെ ഏറ്റെടുത്ത് മനുഷ്യസ്നേഹികൾ


✍🏿 *നിസാം കക്കയം*

കക്കയം :ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് കക്കയം ജി.എൽ.പി സ്കൂളിൽ തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പിനെ ഏറ്റെടുത്ത് രാഷ്ട്രീയ - സാമൂഹിക സംഘടനകൾ.

കക്കയം വനം മേഖലയിൽ ഉരുൾപൊട്ടൽ സാധ്യതയെ തുടർന്ന് അമ്പലക്കുന്ന് ആദിവാസി ഊരിലെ നിവാസികളുടെ സുരക്ഷ കണക്കിലെടുത്ത് യൂത്ത് കോൺഗ്രസ്‌ യൂത്ത് കെയർ ബ്രിഗേഡ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച വൈകുന്നേരം കക്കയം ഗവൺമെന്റ് യു.പി സ്കൂളിൽ തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്. പഞ്ചായത്ത് - വില്ലേജ് അധികൃതരുടെ നിർദേശ പ്രകാരമാണ് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ഇടപ്പെട്ടത്. ഊരിലെ പതിനൊന്ന് കുടുംബങ്ങളിൽ നിന്നായി 42 ആളുകളാണ് നിലവിൽ ക്യാമ്പിലുള്ളത്.

ബുധനാഴ്ച രാവിലെ ക്യാമ്പ് അംഗങ്ങൾക്കുള്ള ഭക്ഷണമൊരുക്കിയത് ഗ്രാമപഞ്ചായത്തംഗം ഡാർളി പുല്ലംകുന്നേലും, വില്ലേജ് അധികൃതരുമായിരുന്നു. ഉച്ചയ്ക്കുള്ള ഭക്ഷണം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് കമ്മിറ്റിയാണ് തയ്യാറാക്കിയത്. വൈകുന്നേരത്തെ നാല് മണി ചായയും രാത്രി ഭക്ഷണവും കല്ലാനോട് സെയ്ന്റ് മേരീസ് ഹൈസ്ക്കൂൾ അധികൃതരുടെ നേതൃത്വത്തിലാണ് തയ്യാർ ചെയ്ത് കൈമാറിയത്. വ്യാഴാഴ്ചയും, വെള്ളിയാഴ്ചയുമെല്ലാം പ്രഭാത ഭക്ഷണവും, അത്താഴവുമടക്കമുള്ളവ മുൻകൂട്ടി തന്നെ വിവിധ സംഘടനകളും, വ്യക്തികളും ഏറ്റെടുത്തത് മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃകയായി 

ക്യാമ്പിലേക്ക് ആവശ്യമായ സാധനങ്ങളുമായി ഡി.വൈ.എഫ്.ഐ പ്രവർത്തകരും, മുഴുവൻ ക്യാമ്പ് അംഗങ്ങൾക്കും പുതപ്പുകൾ അടക്കമുള്ള കിറ്റുമായി യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരും ക്യാമ്പിലെത്തിയിരുന്നു.

കൂരാച്ചുണ്ട് വില്ലേജ് - പഞ്ചായത്ത്‌ - പോലീസ് അധികൃതരും, ആശാ വർക്കർമാരും, ആരോഗ്യ വകുപ്പ് പ്രവർത്തകരും മുഴുവൻ സമയവും ക്യാമ്പിലുണ്ട്.

ക്യാമ്പിലേക്ക് ആളുകളെ മാറ്റിയത് മുതൽ എല്ലാ ജോലികൾക്കും അവധി നൽകി രാവന്തിയോളം ഗ്രാമപഞ്ചായത്തംഗം ഡാർളി പുല്ലംകുന്നേൽ ക്യാമ്പിലുണ്ട്. മെമ്പറുടെ നേതൃത്വത്തിലാണ് ഉരുൾ പൊട്ടൽ ഭീഷണിയെ തുടർന്ന് ആളുകളെ ക്യാമ്പിലേക്ക് മാറ്റിയത്.

Post a Comment

Previous Post Next Post