കൂരാച്ചുണ്ട് : ഉരുൾ തകർത്തെറിഞ്ഞ വിലങ്ങാടിന് ഉയിർത്തെഴുന്നേൽക്കാൻവേണ്ടത് പ്രത്യേക പാക്കേജ്. സാധാരണ നഷ്ടപരിഹാരം കൊണ്ടൊന്നും വിലങ്ങാടിനെ വീണ്ടെടുക്കാൻ സാധിക്കില്ല. റോഡ്, പാലങ്ങൾ, വീടുകൾ, വൈദ്യുതി, കുടിവെള്ളം, പുഴയോരസംരക്ഷണം, കൃഷിഭൂമിസംരക്ഷണം, കൃഷി നശിച്ചതിനുള്ള നഷ്ടപരിഹാരം എന്നിവയെല്ലാം കൂടിയുള്ള പാക്കേജാണ് ഈ മലയോരഗ്രാമം ആവശ്യപ്പെടുന്നത്.
പാക്കേജ് ലഭ്യമാക്കുന്നതിനുവേണ്ടിയുള്ള നടപടികളാണ് റവന്യുവകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്നത്. ഇതിനായി വിവിധവകുപ്പുകൾക്ക് കീഴിൽ സംഭവിച്ച നഷ്ടത്തിന്റെ കണക്ക് തിട്ടപ്പെടുത്തിവരുന്നുണ്ട്. വെള്ളിയാഴ്ചയോടെ നഷ്‌ടക്കണക്ക് ക്രോഡീകരിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പാക്കേജിനായുള്ള ശുപാർശ സർക്കാരിലേക്ക് നൽകുക. വയനാട് പാക്കേജിനൊപ്പം വിലങ്ങാട് പാക്കേജും പ്രഖ്യാപിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
എങ്ങും നടുക്കുന്ന കാഴ്‌ചകൾ...
വിലങ്ങാടിന്റെ വിരിമാറുപിളർന്നുകൊണ്ടാണ് തലങ്ങും വിലങ്ങും ഉരുൾ വന്നിറങ്ങിയത്. ഉരുൾപൊട്ടലിൽ ഏക്കർകണക്കിന് കൃഷിയിടവും റോഡും വീടുകളും തകർന്നതിനു പുറമേ ഇതുകാരണമുണ്ടായ മലവെള്ളപ്പാച്ചിൽ ഏതാണ്ട് നാലുകിലോമീറ്ററിലേറെ ദൂരത്തിൽ നാശംവിതച്ചു.
പുഴയോരത്തെ വീടുകൾ പലതും
തകർച്ചയിലാണ്. ഇവിടങ്ങളിലെ കൃഷിയും വ്യാപകമായി നശിച്ചു. കടപുഴകിയ മരങ്ങളുടെ കാഴ്ചയാണെങ്ങും. പുഴയോരഭിത്തികളെല്ലാം തവിടുപൊടിയായി. വിലങ്ങാട് ഉരുട്ടിപ്പാലംമുതൽ പാനോംവരെ സഞ്ചരിച്ചാൽ കാണാം ഉരുൾ വിതച്ച നാശത്തിന്റെ കാഴ്ചകൾ. ഉരുട്ടിപ്പാലത്തിന്റെ അനുബന്ധറോഡ് പൂർണമായും തകർന്നു. ഇവിടെനിന്ന് വിലങ്ങാട് ടൗണിലേക്കുള്ള റോഡിന്റെ പകുതിയോളം പുഴയെടുത്തു. ഇതുവഴി വാഹനങ്ങൾ കടത്തിവിടുന്നുണ്ടെങ്കിലും ഇനിയൊരു മലവെളളപ്പാച്ചിലുണ്ടായാൽ ഒന്നും ബാക്കിയുണ്ടാകില്ല. സംരക്ഷണഭിത്തിപോലും * ഇപ്പോഴില്ല. വിലങ്ങാട് ടൗണിലെത്തിയാൽകാണാം ചെളിയും മണ്ണും കല്ലും മരത്തടികളുമെല്ലാം. പുഴയോരത്തെ കെട്ടിടങ്ങൾ അപകടഭീഷണിയിലാണ്.
ഇവിടെനിന്ന് പാനോം ഭാഗത്തേക്ക് പോകുന്ന റോഡിന്റെ പകുതിയും ഇടിഞ്ഞുതാണു. ഇതുവഴി അതിസാഹസികമായാണ് വാഹനങ്ങൾ പോകുന്നത്. തൊട്ടടുത്തുതന്നെ റോഡരികിലെ വീട്ടുമുറ്റം മുഴുവൻ ചെളിയും കല്ലും. ഇവിടെ ഒരുകാർ തകർന്നുകിടക്കുന്നു. ഓട്ടോറിക്ഷ ചെളിയിലും. വിലങ്ങാടിനെയും പാനോം ഭാഗത്തെയും ബന്ധിപ്പിക്കുന്ന റോഡ് മഞ്ഞച്ചീളിഭാഗത്ത് കാണാനേയില്ല. ഇതിലൂടെയാണ് ഉരുൾ വന്നിറങ്ങിയത്.
അപ്പുറത്തേക്ക് കടക്കാൻ കവുങ്ങിൻതടികൾകൊണ്ട് ചെറിയൊരുപാലം നിർമിച്ചിട്ടുണ്ട്. അതിലൂടെയാണ് വ്യാഴാഴ്ച കുളത്തിങ്കൽ മാത്യുവിൻ്റെ സംസ്കാരച്ചടങ്ങിലേക്ക് ആളുകളെത്തിയത്. പള്ളിയിലേക്ക് പോകുന്ന വഴിയിൽ ചെറിയ പാനോത്തെ പാലത്തിനുസമീപം കാണാം കൂറ്റൻ പാറക്കെട്ടുകൾ ഒഴുകി റോഡിലെത്തിയത്. താഴെ അഗാധഗർത്തം.