*അധികൃതർ പഠനം നടത്തണമെന്ന് ആവശ്യം*
✍🏿 *നിസാം കക്കയം*
കക്കയം :ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കക്കയം ഡാം സൈറ്റ് റോഡിരികിലെ പാറക്കൂട്ടം ഇടിഞ്ഞ് വീഴുന്നത് അപകട ഭീഷണിയുയർത്തുന്നു. വനംവകുപ്പിന്റെ ഇക്കോ ടൂറിസം ടിക്കറ്റ് കൗണ്ടർ മുതൽ ഒന്നാം വളവ് വരെയുള്ള രണ്ട് കിലോമീറ്ററോളം ദൂരത്താണു പാറക്കെട്ട് ഇടിയുന്നത്. ബിവിസി മേഖലയിൽ പാതയോരത്ത് നൂറ് മീറ്ററോളം ദൂരത്തിലുള്ള പാറക്കെട്ട് പലയിടങ്ങളിലും അടർന്നു വീഴുന്നുണ്ട്. കക്കയം ഡാം മേഖലയിൽ സന്ദർശനത്തിനെത്തുന്ന നൂറുകണക്കിനു വിനോദ സഞ്ചാരികളും, കെ.എസ്.ഇ.ബി, ഡാം സേഫ്റ്റി, ഹൈഡൽ - ഇക്കോ ടൂറിസം ജീവനക്കാരും യാത്രയ്ക്ക് ആശ്രയിക്കുന്ന ഏക റോഡാണിത്.
മഴ ശക്തി പ്രാപിച്ചതോടെ പല മേഖലകളിലും പാതയോരം ഇടിയലും, മരങ്ങൾ കടപുഴകി വീഴലും പതിവായതോടെ പ്രദേശത്ത് കൂടിയുള്ള യാത്ര സാഹസികമായി മാറിയിരിക്കുകയാണ്.
'അപകടം ഒഴിവായത് തലനാരിയഴയ്ക്ക്'
ബുധനാഴ്ച രാവിലെ ബി.വി.സി മേഖലയിൽ പാറക്കൂട്ടം ഇടിഞ്ഞു വീണത് ഹൈഡൽ ജീവനക്കാർ മാറ്റിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും ഇത്തരം പാറ കഷണങ്ങൾ അടർന്നു വിണ് ഗതാഗതം മണിക്കൂറുകളോളം മുടങ്ങിയിരുന്നു. വ്യാഴായ്ച ഉച്ച കഴിഞ്ഞ് ഹൈഡൽ ടൂറിസത്തിലെ ജീവനക്കാർ കടന്നു പോയി എതാനും നിമിഷങ്ങൾ കഴിയലുമാണ് കൂറ്റൻ പാറ റോഡിലോട്ട് വീണത്. റോഡിൽ തന്നെ പാറവീണു നിന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. കക്കയം ടൗണിൽ വരെ എത്തിച്ചേർന്ന് വൻ ദുരന്തത്തിന് കാരണമാകാൻ സാധ്യതയുള്ള പാറകളാണ് പാതയോരത്തുള്ളത്.
'അധികൃതർ പഠനം നടത്തണം'
റോഡരികിലെ പാറക്കൂട്ടം തുടർച്ചയായി ഇടിഞ്ഞു വീഴുന്ന സാഹചര്യത്തിൽ സംഭവം സംബന്ധിച്ച് പഠനം നടത്തി പ്രശ്ന പരിഹാരത്തിന് അടിയന്തര നടപടിയെടുക്കണമെന്ന് കട്ടിക്കാന ഫൗണ്ടേഷൻ ഡയറക്ടർ ആൻഡ്രൂസ് കട്ടിക്കാന ആവശ്യപ്പെട്ടു. റോഡിലൂടെ മഴ കാലത്തുള്ള യാത്രകൾക്ക് കർശന നിയന്ത്രണമേർപ്പെടുത്താനും അധികൃതർ നടപടിയെടുക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.