✍🏿 *നിസാം കക്കയം*
കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ബസ് സ്റ്റാൻഡ് സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗ് ഗ്രൗണ്ടായി മാറുന്നു. ബസ് സ്റ്റാൻഡിനുള്ളിൽ നിർത്തിയിടുന്ന സ്വകാര്യ വാഹനങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിന് നേരെ അധികൃതർ മുഖം തിരിക്കുകയാണ്. അൻപതിലധികം തവണ ദിവസവും ബസുകൾ കയറിയിറങ്ങുന്ന കൂരാച്ചുണ്ട് ബസ് സ്റ്റാൻഡിൽ സൗകര്യങ്ങൾ കുറവാണ്. ഇതിനിടയിൽ സ്വകാര്യ വാഹനങ്ങൾ സ്റ്റാൻഡിൽ അനധികൃതമായി നിർത്തിയിടുന്നത് ബസ് ജീവനക്കാർക്ക് പുറമേ യാത്രക്കാരെയും ദുരിതത്തിലാക്കുകയാണ്.
റോഡ് മോശമായത് കാരണവും മറ്റും പെർമിറ്റ് പ്രകാരമുള്ള സമയത്ത് ഓടിയെത്താൻ പാട്പെടുമ്പോഴാണ് സ്റ്റാൻഡിൽ നിർത്തിയിടുന്ന സ്വകാര്യവാഹനങ്ങൾ കാരണം ബസുകൾക്ക് സ്റ്റാൻഡിൽ കടക്കാൻ പോലും പറ്റാത്ത സാഹചര്യവുമുണ്ടാകുന്നത്. ബസ്സല്ലാതെ മറ്റു വാഹനങ്ങളൊന്നും സ്റ്റാൻഡിൽ പാർക്ക് ചെയ്യാൻ പാടില്ലയെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ ബോർഡും സ്റ്റാൻഡിൽ കാണാമെങ്കിലും ആരും വിലകൽപ്പിക്കാത്ത സാഹചര്യമാണ്.
പോലീസിന്റെ ഭാഗത്ത് നിന്ന് ഇടപെടൽ ഉണ്ടാകാത്തതാണ് സ്വകാര്യ വാഹനങ്ങൾ സ്റ്റാൻഡിനുള്ളിൽ നിർത്തിയിടാൻ പ്രധാന കാരണമെന്ന് ആക്ഷേപമുണ്ട്.
'കർശന നടപടി സ്വീകരിക്കണം'
കൂരാച്ചുണ്ട് ബസ് സ്റ്റാൻഡിനുള്ളിൽ സ്വകാര്യ വാഹനങ്ങൾ നിർത്തിയിടുന്നത് നിയന്ത്രിക്കാൻ പഞ്ചായത്ത് അധികൃതർ നടപടിയെടുക്കണമെന്ന് സി.പി.ഐ ബ്രാഞ്ച് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ബസ്സ്റ്റാൻഡിനുള്ളിൽ അനധികൃതമായി പ്രവേശിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും സി.പി.ഐ ആവശ്യപ്പെട്ടു.
ടി.കെ.ശിവദാസൻ അധ്യക്ഷത വഹിച്ചു. കെ.എം.പീറ്റർ, ജോയി പനക്കവയൽ, എ.കെ.പ്രേമൻ, രമ ബാബു എന്നിവർ സംസാരിച്ചു.