✍🏿 *നിസാം കക്കയം*
കൂരാച്ചുണ്ട് :കർഷകൻ അബ്രഹാം പാലാട്ടിയിൽ കാട്ടുപോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് പ്രതിഷേധിച്ച കർഷകർക്കെതിരെ കേസെടുത്ത നടപടിയിൽ വി.ഫാം കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
വന്യമൃഗശല്യത്തിൽ ദുരിതമനുഭവിക്കുന്ന കർഷകരുടെ പ്രതിഷേധങ്ങളെ കള്ള കേസുകൾ കൊണ്ട് പ്രതിരോധിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും, അബ്രഹാമിൻ്റെ മരണത്തിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത സർക്കാർ നടപടി രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും വി.ഫാം ഫാർമേഴ്സ് ഫൗണ്ടേഷൻ അറിയിച്ചു.
മരണപ്പെട്ട അബ്രഹാമിൻ്റ കുടുംബത്തിന് കേന്ദ്ര സർക്കാരുടെ ധനസഹായമായ പത്ത് ലക്ഷം രൂപയല്ലാതെ മറ്റൊരു സഹായവും സംസ്ഥാന സർക്കാറിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ആക്രമണകാരിയായ കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിട്ടിട്ടും , ഉത്തരവ് ഇന്നേവരെ നടപ്പിലാക്കിയിട്ടില്ല. കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലി നൽകണമെന്ന ആവശ്യം, താത്കാലിക വാച്ചർ നിയമനത്തിൽ ഒതുക്കുകയാണ് ചെയ്തത്.
കർഷകന്റെ മരണത്തിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത സർക്കാർ നടപടി പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് വി.ഫാം കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു'
യോഗത്തിൽ വി.ഫാം ജില്ലാ പ്രസിഡന്റ് തോമസ് വെളിയംകുളം അദ്ധ്യക്ഷത വഹിച്ചു. ജോയി കണ്ണഞ്ചിറ, സുമിൻ എസ് നെടുങ്ങാടൻ, ബാബു പൈകയിൽ, ബാബു പുതുപ്പറമ്പിൽ, സണ്ണി പാരഡൈസ്, കുര്യൻ ചെമ്പനാനി, സണ്ണി കൊമ്മറ്റം, സിമിലി സുനിൽ, ജിജോ വട്ടോത്ത്, ഡെന്നിസ് തോമസ് എന്നിവർ സംസാരിച്ചു.