ദുരിതാശ്വാസ ക്യാമ്പ് തുറന്നു
✍🏿 *നിസാം കക്കയം*
കൂരാച്ചുണ്ട് :പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ തിങ്കളാഴ്ച രാത്രി മുതൽ പെയ്ത കനത്ത മഴയിൽ വ്യാപക നാശനഷ്ടം സംഭവിച്ചു.
അത്യോടി പുഴ കരകവിഞ്ഞു കൂരാച്ചുണ്ട് - വട്ടച്ചിറ, പേരാമ്പ്ര-കേളോത്ത് വയൽ റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു.
കാളങ്ങാലി അബ്ദു വടക്കേമീത്തൽ, ജോർജ് ചെമ്മാച്ചേൽ, ബാലൻ മേലെകുന്നത്ത്കണ്ടി, ജേക്കബ് കരിമ്പനക്കുഴി
എന്നിവരുടെ വീടുകളിൽ വെള്ളം കയറി നാശനഷ്ടം സംഭവിച്ചു. മൂന്ന് കുടുംബങ്ങളെ സമീപത്തെ വീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു.
ജോയി മൂലേക്കുന്നേൽ,
ചാക്കോ പുത്തൻപുരയിൽ,
ബേബി അനന്തക്കാട്ട്,
ജോർജ് ചെമ്മാച്ചേൽ കൃഷിയിടങ്ങളിൽ വെള്ളം കയറി കൃഷി നശിച്ചിട്ടുണ്ട്.
പടിഞ്ഞാറ്റിടത്തിൽ ബിജുവിന്റെ കൃഷിയിടത്തിൽ മണ്ണിടിച്ചിലിൽ കൃഷി നാശം സംഭവിച്ചു. വട്ടച്ചിറ സജീവൻ കുട്ടി പറമ്പിലിന്റെ വീട്ടിന് മുകളിൽ മരം കടപുഴകി വീണു.
*കക്കയം സ്കൂളിൽ ക്യാമ്പ് തുടങ്ങി*
കക്കയം വനം മേഖലയിൽ ഉരുൾപൊട്ടൽ സാധ്യതയെ തുടർന്ന് അമ്പലക്കുന്ന് ആദിവാസി ഊരിലെ നിവാസികളുടെ സുരക്ഷ കണക്കിലെടുത്ത് പതിനാല് കുടുംബങ്ങൾക്കായി കക്കയം ഗവൺമെന്റ് യു.പി സ്കൂളിൽ ക്യാംപ് തുടങ്ങി. കോളനിയുടെ സമീപത്ത് മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്. കോളനിയിലേക്കുള്ള പാതയോരത്ത് തിങ്കളാഴ്ച രാത്രി ചെറിയ രീതിയിലുള്ള ഉരുൾപൊട്ടൽ ഉണ്ടായതും ദുരിതാശ്വാസ ക്യാംപ് ആരംഭിക്കാൻ കാരണമായി. യൂത്ത് കോൺഗ്രസ് യൂത്ത് കെയർ ബ്രിഗേഡ് പ്രവർത്തകരാണ് പ്രദേശവാസികളെ സ്കൂളിലേക്കെത്തിച്ചത്.
*ഡാം സൈറ്റ് റോഡിൽ മണ്ണിടിഞ്ഞു*
കക്കയം ഡാം സൈറ്റ് റോഡിൽ പലയിടങ്ങളിലും കനത്ത മഴയിൽ മണ്ണും മരവും വീണു ഗതാഗത തടസ്സം. കക്കയം വാലി, ബിവിസി ഭാഗങ്ങളിൽ പാതയിലേക്ക് മണ്ണും കല്ലും ഇടിഞ്ഞു വീണിട്ടുണ്ട്. ഓവുചാൽ ഇല്ലാത്തതിനാൽ വെള്ളം കുത്തിയൊഴുകി പാതകൾ തകരുന്ന നിലയിലാണ്.
*കക്കയം-തലയാട് റോഡിൽ മണ്ണിടിച്ചിൽ*
കൂരാച്ചുണ്ട് : കക്കയം-തലയാട് റോഡിൽ 26-ാം മൈലിനടുത്ത് കനത്തമഴയിൽ മണ്ണിടിച്ചിലുണ്ടായി. കല്ലുകളും മണ്ണും റോഡിലേക്കു വീണിട്ടുണ്ട്. 28ആം മൈൽ - തലയാട് ഭാഗത്ത് മലയോരഹൈവേ നിർമാണവുമായി ബന്ധപ്പെട്ട പണികളുടെ ഭാഗമായി റോഡിന്റെ വീതി കൂട്ടൽ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നതിനാൽ പ്രദേശത്ത് മണ്ണിടിച്ചിലിന് സാധ്യതയേറെയാണ് .മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഈ മേഖലയിലൂടെയുള്ള രാത്രി യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.
*യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഗതാഗത തടസ്സം നീക്കി*
കൂരാച്ചുണ്ട് - കല്ലാനോട് റോഡിൽ ലാസ്റ്റ് പൂവത്തുംചോല ഭാഗത്ത് മരം പൊട്ടി വീണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. യൂത്ത് കോൺഗ്രസ് യൂത്ത് കെയർ ബ്രിഗേഡ് പ്രവർത്തകർ തടസ്സം നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ബ്രിഗേഡ് ക്യാപ്റ്റൻ അജ്മൽ ചാലിടം, ജ്യോതിഷ് രാരപ്പൻകണ്ടി, വിഷ്ണു തണ്ടോറ എന്നിവർ നേതൃത്വം നൽകി.
*ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശിച്ചു'*
കനത്ത മഴയിൽ നാശം വിതച്ച കക്കയം മേഖല ജനപ്രതിനിധി, ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു, പ്രകൃതിക്ഷോഭ ഭീഷണിയിൽ കഴിയുന്നവരെ താൽക്കാലികമായി സുരക്ഷിത കേന്ദങ്ങളിലേക്കു മാറ്റുന്നതിനും, ആർ.ആർ.ടി സേവനം വിപുലമാക്കാനും തീരുമാനിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, വൈസ് പ്രസിഡന്റ് റസീന യൂസഫ്, ഗ്രാമപഞ്ചായത്തംങ്ങൾ,വില്ലേജ് - പോലീസ് അധികൃതർ എന്നിവർ സ്ഥലങ്ങൾ സന്ദർശിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.