Trending

അമ്മ മരിച്ച് എട്ടാംമാസം രണ്ട് വയസ്സുകാരന്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു




*അമ്പലപ്പുഴ* എട്ട് മാസം മുമ്പ് ന്യൂമോണിയ ബാധിച്ചു മരിച്ച യുവതിയുടെ രണ്ടുവയസ്സുള്ള മകന്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണുമരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 14ാം വാര്‍ഡ് കോമന പുതുവല്‍ വിനയന്റെയും ഹരിപ്പാട് നെടുന്തറ സ്വദേശിനി പരേതയായ അയനയുടെയും മകന്‍ വിഘ്‌നേശ്വര്‍ ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10 ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.

കുളിമുറിയിലെ ബക്കറ്റില്‍ നിറച്ചുവെച്ചിരുന്ന വെള്ളത്തിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. കളിക്കുന്നതിനിടെ വീണുമരിച്ചതാണെന്നാണ് കരുതുന്നത്. അയനയുടെ മരണശേഷം വിനയനും മക്കളായ വിഘ്‌നേശ്വര്‍, അനാമിക (മൂന്നര വയസ്സ്) എന്നിവരും വിനയന്റെ വീട്ടിലാണു കഴിഞ്ഞിരുന്നത്. മത്സ്യത്തൊഴിലാളിയായ വിനയന്‍ ജോലിക്ക് പോയ സമയത്താണ് ദുരന്തം. ഈ സമയത്ത് അമ്മൂമ്മ ശകുന്തളയും വിനയന്റെ സഹോദരി ദിവ്യയുമാണ് വീട്ടിലുണ്ടായിരുന്നത്.

വീടുടകാര്‍ ടി.വി കണ്ടുകൊണ്ടിരിക്കുന്നതിനിടെ വിഘ്‌നേശ്വറിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചലിലാണ് ബക്കറ്റിലെ വെള്ളത്തില്‍ വീണുകിടക്കുന്നനിലയില്‍ കണ്ടത്. ഉടന്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്പലപ്പുഴ പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു.

ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് സംസ്‌കരിക്കും.

Post a Comment

Previous Post Next Post