സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ നാളെ ഡോക്ടർമാർ പണിമുടക്കും.
രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് പണിമുടക്ക് ഉണ്ടാവുക. അത്യാഹിത വിഭാഗത്തെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഡോക്ടറെ മർദിച്ചവർ പൊലീസ് സാന്നിധ്യത്തിൽ ഇറങ്ങിപ്പോയെന്ന് ഐ.എം.എ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇത്തരം സംഭവങ്ങൾ ഡോക്ടർ-രോഗി ബന്ധത്തെ പ്രതികൂലമായി ബാധിക്കും. നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി പറയുന്നതല്ലാതെ അതുണ്ടാകുന്നില്ല. ഒരു മാസം അഞ്ച് എന്ന കണക്കിലാണ് ആശുപത്രി ആക്രമണം നടക്കുന്നത്.
ആശുപത്രി സംരക്ഷണ നിയമം ഭേദഗതി ചെയ്ത് ശക്തിപ്പെടുത്തണമെന്നും ഐ.എം.എ കോഴിക്കോട് ജില്ലാ ഭാരവാഹികൾ പറഞ്ഞു.
ഇന്നലെ രാത്രി സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായ പി.കെ അശോകനെ രോഗിയുടെ ബന്ധുക്കൾ മർദിച്ചിരുന്നു. ചികിത്സ വൈകിയെന്ന് ആരോപിച്ചായിരുന്നു മർദനം. താൻ ചികിത്സിക്കാത്ത രോഗിയുടെ ബന്ധുക്കളാണ് തന്നെ മർദിച്ചതെന്ന് ഡോക്ടർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആറുപേർക്കെതിരെ പൊലീസ് കേസ് രജിസറ്റർ ചെയ്തിട്ടുണ്ട്.