കാൽപന്ത് കളിയിൽ മാസ്മരികത തീർത്ത് കക്കയം സ്വദേശിനി ഷിൽജി ഷാജി.
ഇന്ത്യൻ U-17 വനിതാ ഫുട്‌ബോൾ ടീം അംഗമായി ഷിൽജി ഷാജി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.ജോർഡാനുമായി അവരുടെ രാജ്യത്ത് നടന്ന സൗഹൃദ മത്സരത്തിൽ ടീം ഇന്ത്യയുടെ ആദ്യ ഇലവനിൽ 10ആം നമ്പർ ജേഴ്സിയിലാണ് ഷിൽജി കളിക്കാനിറങ്ങിയത്.
രാജ്യത്തിനായുള്ള അരങ്ങേറ്റ മത്സരത്തിൽ 4 ഗോളുകളോടെ ഷിൽജി തിളങ്ങിയപ്പോൾ ഏകപക്ഷീയമായ 7 ഗോളുകളുടെ വൻ വിജയമാണ് ഇന്ത്യ കരസ്ഥമാക്കിയത്.
ബ്ലാക്ക് & വൈറ്റ് കോഴിക്കോടിന്റെയും, MYC കക്കയത്തിന്റെയും ഉൾപ്പടെ പ്രാദേശിക ടീമുകളുടെ മിന്നും താരമായിരുന്ന നീർവിഴാകം ഷാജി ജോസഫിന്റെയും, എൽസിയുടെയും രണ്ട് മക്കളിൽ ഇളയവളാണ് ഷിൽജി.
കല്ലാനോട് സെന്റ്മേരീസ് ഹൈസ്കൂളിൽ 7ആം ക്ലാസ്സ് വരെ പഠനം നടത്തിയ ഷിൽജി കണ്ണൂർ സ്പോർട്സ് ഡിവിഷൻ സ്കൂളിലെ 10ആം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് ഇപ്പോൾ.ഷിൽജിയുടെ ഉള്ളിലെ പ്രതിഭയെ തിരിച്ചറിഞ്ഞതും അതിന് പിന്തുണ നൽകിയതിലും കല്ലാനോട് സ്കൂൾ അധികൃതരും, കായികാധ്യപിക സിനി ടീച്ചറും,സ്കൂൾ പരിശീലകൻ പ്ലാത്തോട്ടത്തിൽ ബാബുവും വഹിച്ച പങ്ക് ചെറുതല്ല.
കഴിഞ്ഞ വർഷം ജൂലായിൽ ആസാമിൽ നടന്ന സുബ്രതോകപ്പ് ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി 3 കളികളിൽ നിന്ന് 12 ഗോളുകൾ നേടിയ ഉജ്ജ്വല പ്രകടനമാണ് ഷിൽജിക്ക് ദേശീയ ടീമിലേക്ക് വഴി തുറന്നത്.
അച്ഛൻ ഷാജി ജോസഫിന്റെയും, അമ്മ എൽസിയുടെയും, ചേച്ചി ഷിൽന ഷാജിയുടെയും അകമഴിഞ്ഞ പിന്തുണയാണ് നാട്ടിൻപുറത്തെ സാധാരണ കുടുംബത്തിൽ വളർന്ന ഈ കൊച്ചുമിടുക്കിക്ക് ഉയരങ്ങൾ കീഴടക്കാൻ പ്രചോദനമായത്.
കടപ്പാട്: നിസാം കക്കയം.
