കൂരാച്ചുണ്ട്: അത്തിയോടി മുനവ്വിറുൽ ഇസ്‌ലാം സെക്കണ്ടറി മദ്‌റസയുടെയും, കേരള മുസ്‌ലിം ജമാത്ത് കൂരാച്ചുണ്ട് സർക്കിളിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വാർഷിക ഖുർആൻ പ്രഭാഷണത്തിന് നടുപറമ്പിൽ മുഹമ്മദ് തമ്പി ഹാജി നഗരിയിൽ തുടക്കമായി.പരിപാടികൾക്ക് തുടക്കം കുറിച്ച് ഇബ്രാഹീം മുസ്‌ലിയാർ തൊമരശേരി പതാക ഉയർത്തി.
ഉദ്‌ഘാടന സംഗമം സുന്നി മാനേജ്‌മെന്റ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സെക്രട്ടറി ശംസുദ്ദീൻ സഅദി ഉദ്ഘാടനം ചെയ്തു. പ്രാരംഭ ദിവസമായ ഇന്നലെ ഹാഫിള് മസ്ഊദ് സഖാഫി ഗൂഡല്ലൂർ പ്രഭാഷണം നടത്തി. മൂന്ന് ദിവസം നീളുന്ന വാർഷിക പരിപാടിയിൽ ഇന്ന് സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ കല്ലായി പ്രാർത്ഥനാ സംഗമത്തിന് നേതൃത്വം നൽകും.
അനസ് അമാനി പുഷ്പഗിരി പ്രഭാഷണം നടത്തും. സമാപന ദിവസമായ നാളെ ആയിരങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പങ്കെടുക്കുന്ന അബ്ദുൽ ലത്തീഫ് സഖാഫി കാന്തപുരത്തിന്റെ മദനീയം മജ്‌ലിസിന് വേദിയാവും. ഉദ്‌ഘാടന സംഗമത്തിൽ അബ്ദുൽ റഷീദ് അംജദി പ്രാർത്ഥന നടത്തി. യൂസുഫ് മുസ്‌ലിയാർ അധ്യക്ഷത വഹിക്കുകയും അജ്മൽ സഖാഫി സ്വാഗതം പറയുകയും ചെയ്തു.
പരിപാടിയിൽ അബ്ദുൽ അസീസ് സഖാഫി, അജ്നാസ് സഅദി, അബ്ദു റഹ്മാൻ മുസ്‌ലിയാർ, ഇബ്‌റാഹീം ഹാജി തയ്യുള്ളതിൽ, മൊയ്തു താഴത്തില്ലത്ത്, മൊയ്തു ഓടക്കയ്യിൽ, ഹസ്സൻ കുഞ്ഞ് അമ്മാൻകുന്നേൽ, മജീദ് പുള്ളുപറമ്പിൽ, സിറാജ് താഴത്തില്ലത്ത്, നൗഫൽ കെ കെ എം പി, സാലിം കരിമ്പിൻതരി, ഹസീബ് തയ്യുള്ളതിൽ എന്നിവർ സംബന്ധിച്ചു.
