Trending

പരലോകത്ത്_നിന്നൊരു_കത്ത്



"പൊന്ന് മോനറിയാൻ അച്ഛൻ വിശ്വനാഥൻ"...!

എന്റെ പൊന്നൂസിന്,

നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷം നിന്നെ ഞങ്ങൾക്ക് ദൈവം തന്നപ്പോൾ ഒരുപാട് സന്തോഷിച്ചു.
ഈ ലോകം കീഴടക്കിയ സന്തോഷമായിരുന്നു
എനിക്കപ്പോൾ.
പക്ഷേ, എല്ലാ സന്തോഷവും നിമിഷങ്ങൾക്കൊണ്ട് തകർന്നടിഞ്ഞു.

"കള്ളന്റെ മോനല്ലെ നീ" എന്ന് നാളെകളിൽ ആരെങ്കിലും പൊന്നൂസിനെ വിളിക്കുമ്പോൾ തലകുനിച്ചിരിക്കാതിരിക്കാൻ, മോന് കാണാൻ സാധിക്കാത്തത്ര ദൂരത്തിരുന്നാണ് അച്ഛനെഴുതുന്നത്...!

8 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് എനിക്കും മോന്റമ്മക്കും ഈശ്വരൻ തന്നൊരു നിധിയായി മോൻ ജനിക്കുന്നത്.
എന്റെ പൊന്നിനെ താരാട്ട് പാടി അച്ഛന്റെ നെഞ്ചത്ത് കിടത്തിയുറക്കണം,
അച്ഛനുമമ്മയ്ക്കും ലഭിക്കാത്ത നല്ല ആഹാരവും,വസ്ത്രവും, വിദ്യാഭ്യാസവും നൽകി ഉത്തമ മകനായി വളർത്തണം.. അങ്ങനെ, അങ്ങനെ എന്റെ കുഞ്ഞിന്റെയൊപ്പമുള്ള ജീവിതത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ഞാനും അവളും..!

പക്ഷേ, എന്റെയുള്ളിലെന്നും ഭയമായിരുന്നു. സമൂഹത്തിന്റെ മുന്നിൽ ഞാനും നീയും അമ്മയും ആദിവാസിയാണ്.
എല്ലാ അശുഭ കാര്യങ്ങളുടെയും അടയാളമായി സമൂഹം കാണുന്ന കറുപ്പാണ് നമ്മുടെ തൊലിയുടെ നിറം. നമ്മുടെ ജാതിയും, നിറവും ജീവിത ശൈലിയുമെല്ലാം സാക്ഷരതയുടെയും, സംസ്കാരത്തിന്റെയും കുത്തകാവകാശം പറയുന്ന കേരള ജനത പൂച്ഛത്തോടെയാണ് നോക്കി കാണുന്നത്.

ഒടുവിൽ, സ്വപ്ന സാഫല്യമായി മോൻ ജനിച്ച ദിവസം അച്ഛൻ ഭയപ്പെട്ടത് തന്നെയാണ് സംഭവിച്ചത്.
മനസാവാചാ അറിയാത്ത കുറ്റത്തിന് കള്ളനെന്ന് ഞാൻ മുദ്ര കുത്തപ്പെട്ടു.
ആരുടെയോ എന്തൊക്കെയോ നഷ്ട്ടപ്പെട്ടപ്പോൾ ഒരാൾ എന്നെ നോക്കി പറഞ്ഞു "അവനാണ് കള്ളൻ", അപ്പോൾ ഏതോ ഒരു മാന്യൻ ചോദിച്ചു "എന്താണുറപ്പ്..?"
അവൻ കറുത്തവനാണ്, ആദിവാസിയാണ്,
മുഷിഞ്ഞവനാണ്."
മറുപടി കേട്ടപ്പോൾ മാന്യനും ചുറ്റുംകൂടി നിന്നവരുമുറക്കെ വിളിച്ചു.. "നായിന്റെ മോനേ, കള്ളാ...!"

"കള്ളനല്ല.. കള്ളനല്ല.. ഞാൻ എന്റെ മോനെ കാണാൻ വന്നതാണ്.
എന്റെ ഭാര്യ അവിടെ ആശുപത്രിയിൽ ഒറ്റക്കാണ്. അവൾക്കും മോനും ഞാൻ മാത്രേയുള്ളൂ.. എന്നെ തല്ലല്ലേ.. ഞാനല്ല കള്ളൻ" എന്നൊക്ക ഉറക്കെ പറഞ്ഞ് ഞാൻ കരയുന്നുണ്ടായിരുന്നു.
പക്ഷേ, കാടിന്റെ മകന്റെ കണ്ണീരിനെന്ത് വില..!

നാലാൾ കൂടുന്നിടത്ത് മോഷണമോ, കൊലപാതകമോ, ക്രിമിനൽ പ്രവർത്തനമോ നടന്നാൽ അവിടെ ആദിവാസിയോ, ദളിതനോ, കറുത്തവനോ ഉണ്ടെങ്കിൽ പ്രതിയായി ചിത്രീകരിക്കപ്പെടുന്ന ഇന്നിന്റെ കെട്ട കാലത്ത് കരച്ചിലിനും മനുഷ്യത്വത്തിനും വിലയില്ല എന്നറിഞ്ഞിട്ടും അച്ഛനുറക്കെ കരയുകയായിരുന്നു..!

കുഞ്ഞേ, ആ ഒരു നിമിഷം അച്ഛന്റെയുള്ളിൽ നീയും നിന്റമ്മയും മാത്രേ ഉണ്ടായിരുന്നുള്ളൂ. മരിക്കാതിരിക്കാൻ ഞാനെത്രമാത്രം ആഗ്രഹിച്ചുവെന്നോ..!

അച്ഛാ എന്നുള്ള മോന്റെ വിളി പോലും കേൾക്കാൻ പറ്റാതെ, കിളികൊഞ്ചലുകളും പിച്ച വെച്ച് നടക്കലും കാണാനാകാതെ ഈ ലോകത്ത്നിന്ന് എന്നെ ഇല്ലാതാക്കിയതിന് പരിഷ്കൃത സമൂഹം കണ്ടെത്തിയ ഉത്തരം.. ഞാൻ ഒരു ആദിവാസി...!

നേരെ നിന്ന് പോരാടേണ്ടതിന് പകരം ജീവനൊടുക്കിയ ഭീരുവല്ല അച്ഛൻ.. ആത്മഹത്യ ചെയ്തതുമല്ല.ചെയ്യാത്ത കുറ്റത്തിന് ഈ സമൂഹം വേദനിപ്പിച്ച് പേടിപ്പിച്ച് കൊന്നതാണ്.

മോന്റച്ഛനിവിടെ ഒറ്റക്കല്ല കേട്ടോ.
വിശന്നപ്പോൾ ഒരു കഷ്ണം റൊട്ടി എടുത്തതിന് "ദൈവത്തിന്റെ സ്വന്തം നാട്"എന്ന് അവിശ്വാസികൾ പോലും വിളിക്കുന്ന കൈരളിക്കാർ തല്ലിക്കൊന്ന മധുവും,
പൊതു പൈപ്പിൽ വെള്ളം കുടിച്ചതിന്റെ പേരിലും, പശുവിന്റെ പേരിലും, ആരാധനാലയങ്ങളുള്ള വഴിയെ നടന്നതിന്റെ പേരിലും ക്രൂരമായി കൊല ചെയ്യപ്പെട്ട ഒട്ടനവധി നിരപരാധികൾ ഉണ്ടിവിടെ കൂട്ടായി.. ഒരു നീതിപീoവും പേനയെടുക്കാത്ത നിരാലംബർ.

അച്ഛൻ നിർത്തുകയാണ്..ഒന്നേ എനിക്ക് പൊന്നുമോനോട് പറയാനുള്ളൂ,
"പച്ചയിറച്ചി കൊത്തി വലിക്കാൻ കാത്തിരിക്കുന്ന കഴുകന്മാർക്കിടയിലേക്കാണ് എന്റെ കുഞ്ഞ് പിറന്ന് വീണിരിക്കുന്നത്. ആട്ടിൻ തോലണിഞ്ഞ ചെന്നായ കൂട്ടങ്ങളാണ് ഇവിടം മുഴുവൻ. എന്റെ കുഞ്ഞ് അച്ഛനെ പോലെ അവർക്കിരയാവരുത്. കാട് നൽകുന്ന സുരക്ഷിതത്വം തന്നെയാണ് പൊന്നേ നമുക്ക് വലുത്.

വിശന്നു വലഞ്ഞൊരുത്തനെ കള്ളനെന്ന് മുദ്ര കുത്തി കൂട്ടം കൂടി തല്ലി കൊന്ന് അതിന്റെ മേലെ കയറിയിരുന്ന് മനുഷ്യത്വം ഛർദ്ധിക്കുന്നവരുടെ
സാമീപ്യത്തേക്കാൾ നമുക്ക് നല്ലത് കാടിന്റെ സുരക്ഷിതത്വം തന്നെയാണ്.

അച്ഛന്റെ കുഞ്ഞിന് ഒരായിരം ചക്കര ഉമ്മകൾ...!

(സാക്ഷരതയുടെയും സംസ്കാരത്തിന്റെയും കുത്തകാവകാശം പറയുന്ന "ദൈവത്തിന്റെ സ്വന്തം നാടിനെ" കുറിച്ചൊരു തുറന്നെഴുത്ത്..)

✍️ *നിസാം കക്കയം*
   9400364335

Post a Comment

Previous Post Next Post