Trending

തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കേരള സർക്കാരിന്റെ ഉജ്ജ്വലബാല്യം പുരസ്കാരം മന്ത്രി വീണ ജോർജിൽനിന്നു മാർഷൽ വി. ഷോബിൻ ഏറ്റുവാങ്ങി.





 കൂരാച്ചുണ്ട്  :   സ്വന്തമായി അക്ഷരമാലയും വാക്കുകളും രൂപപ്പെടുത്തി ഭാഷാലോകത്തെ അത്ഭുതമായി മാറിയതാണ് കല്ലാനോട് സെൻറ് മേരീസ് ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥി മാർഷൽ വി. ഷോബിനെ പുരസ്കാരത്തിനു അർഹനാക്കിയത്. 58 അക്ഷരങ്ങളുള്ള മാനഡു എന്ന ഭാഷയും ലിപികളും ഇതിനോടകം ജനശ്രദ്ധ നേടിക്കഴിഞ്ഞു.
   
ചെറുപ്പം മുതലേ അക്ഷരങ്ങളോട് പ്രത്യേക താത്പര്യമുള്ള മാർഷൽ ലോക് ഡൗൺ കാലത്താണ് സ്വന്തമായി അക്ഷരങ്ങൾ ഉണ്ടാക്കിയത്. ഈ അക്ഷരങ്ങൾ ഉപയോഗിച്ച്  വാക്കുകളും വാക്യങ്ങളും  എഴുതാൻ മാർഷൽ പരിശീലിച്ച് കഴിഞ്ഞു.

സ്കൂളിൽ പഠിക്കുന്ന മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നിവയ്ക്ക് പുറമേ റഷ്യൻ, കൊറിയൻ, ജാപ്പനീസ്, ബർമ്മീസ് , ഗുജറാത്തി ഭാഷകളുടെ പ്രാഥമിക പാഠങ്ങൾ 12 വയസുകാരൻ മാർഷൽ സ്വായത്തമാക്കിയിട്ടുണ്ട്. 

നൂറോളം രാജ്യങ്ങളുടെ പതാകകൾ തെറ്റാതെ വരയ്ക്കാൻ  മാർഷലിന് സാധിക്കും. പൗരാണിക 
ചിത്രകലാ മാതൃകകൾ ഇഷ്ടപ്പെടുന്ന മാർഷലിൻ്റെ 3D പെയിൻ്റിങ്ങുകളും പേപ്പർ ക്രാഫ്റ്റുകളും ആരിലും കൗതുകം ഉണർത്തുന്നതാണ്. അഞ്ചോളം ഭാഷകളിലെ പാട്ടുകൾ പാടുന്ന മാർഷൽ നല്ലൊരു പിയാനോ ആർട്ടിസ്റ്റ് കൂടിയാണ്.

ഒരു സംഖ്യയുടെ പകുതി കണ്ടെത്തുന്നതിന്
ശാസ്ത്രീയമായ എളുപ്പ വഴിയും മാർഷൽ കണ്ടുപിടിച്ചിട്ടുണ്ട്. റ്യൂബിക് സ്കൂബ് കുറഞ്ഞ സമയം കൊണ്ട് വ്യത്യസ്ത രീതിയിൽ സെറ്റ് ചെയ്യുന്ന മാർഷലിന് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം കണക്കും സയൻസുമാണ് . 

പരിമിതമായ ജീവിത സാഹചര്യങ്ങളോട് പടപൊരുതിയാണ് സ്വപ്നതുല്യമായ    നേട്ടങ്ങൾ മാർഷൽ സ്വന്തമാക്കുന്നത്. മൺകട്ട കൊണ്ട് നിർമിച്ച ഒറ്റമുറി വീട്ടിലാണ് വർഷങ്ങളായി കുടുംബം താമസിക്കുന്നത്.

ക്ലാസ് അധ്യാപികയായിരുന്ന സ്വപ്ന ജോസഫ് ടീച്ചറാണ് മാർഷലിൻ്റെ ഉളളിലെ പ്രതിഭയെ കണ്ടെത്തി പുറംലോകത്തെ അറിയിച്ചത്. കല്ലാനോട് - കൂരാച്ചുണ്ട് റോഡിൽ കാനാട്ട് ജംഗ്ഷന് അടുത്താണ് മാർഷലിൻ്റെ വീട്.  കാർപെൻ്ററായ വടുതല ഷോബിൻ്റെയും വീട്ടമ്മയായ മായയുടെയും 3 ആൺമക്കളിൽ മൂത്തയാളാണ്. സഹോദരങ്ങൾ: ഏബൽ, എൽവിസ്. അഭിനന്ദനങ്ങളും ആശംസകളും അറിയിക്കാൻ 8086283617 നമ്പറിൽ വിളിക്കാം.

Post a Comment

Previous Post Next Post