രാജ്യത്തെ വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ വായു ദൂരം ബഫർ സോൺ വേണമെന്ന് 2022 ജൂൺ മാസം 3 ആം തിയ്യതി സുപ്രീം കോടതി താത്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കേരള സംസ്ഥാന സർക്കാർ ബഫർ സോൺ പരിധിയിൽപ്പെടുന്ന സ്ഥലങ്ങൾ അടയാളപ്പെടുത്തുന്നതിനായി വനം വകുപ്പിനെ ചുമതലപ്പെടുത്തികൊണ്ട് ആകാശ സർവ്വെ നടത്തി റിപ്പോർട്ട് ആക്കിയിട്ടുള്ളതാണ്. എന്നാൽ നാളിതു വരെ ഈ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്താൻ വനം വകുപ്പൊ, സംസ്ഥാന സർക്കാറൊ തയ്യാറായിട്ടില്ല. വനം വകുപ്പ് നേതൃത്വത്തിൽ സംസ്ഥാന റിമോട്ട് സെൻസിങ്ങ് ആന്റ് എൻവയൺമെന്റ് സെന്ററിനെ കൊണ്ട് നടത്തിയ ആകാശ സർവ്വെ റിപ്പോർട്ട് അടിയന്തരമായി പ്രസിദ്ധപ്പെടുത്തണമെന്ന് വി.ഫാം സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
നിലവിൽ നടത്തിയ ആകാശ സർവ്വെയുടെ റിപ്പോർട്ട് പരസ്യപ്പെടുത്തിയതിന് ശേഷം മാത്രമെ ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷണന്റെ നേതൃത്വത്തിലുള്ള കമ്മീഷൻ തെളിവെടുപ്പുകളിലേക്ക് നീങ്ങാവൂ എന്നും, തെളിവെടുപ്പുകൾ ബഫർ സോൺ പരിധിയിൽ ഉൾപ്പെട്ട മുഴുവൻ വില്ലേജുകളിലും നേരിട്ട് നടത്തണമെന്നും, ജനങ്ങളുടെ ആക്ഷേപങ്ങൾ കൃത്യമായി കേൾക്കാൻ കമ്മീഷൻ തയ്യാറാവണമെന്നും വി.ഫാം ആവശ്യപ്പെട്ടു.
