2021 ഒക്ടോബർ മാസം 6 ന് രാത്രി താമരശ്ശേരിയിൽ നിന്നും ഓട്ടോറിക്ഷയുമായി കൂരാച്ചുണ്ടിലേക്ക് വരവെ കട്ടിപ്പാറക്കടുത്ത് ചെമ്പ്രക്കുണ്ടയിൽ വെച്ച് കാട്ടുപന്നി ഓട്ടോറിക്ഷയിൽ ഇടിക്കുകയും ഓട്ടോ മറിഞ്ഞ് ഡ്രൈവർ റഷീദിന് ഗുരുതര പരിക്ക് പറ്റുകയും ചെയ്തിരുന്നു. റഷീദിന്റെ ചികിത്സാ ചിലവിനായി കുടുംബാഗങ്ങൾ അപേക്ഷയുമായി താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസറെ നിരവധി തവണ സമീപിച്ചെങ്കിലും ധിക്കാരപരമായി പെരുമാറുകയും, ഇടിച്ച ഓട്ടോറിക്ഷയിൽ കാട്ടുപന്നിയുടെ രോമം ഇല്ലായെന്ന വിചിത്ര വാദം ഉന്നയിക്കുകയുമാണ് റെയ്ഞ്ച് ഓഫീസർ ചെയ്തത്. അപകടം പറ്റിയ അന്ന് മുതൽ ആശുപത്രിയിൽ അഡ്മിറ്റായ റഷീദിന്റെ ചികിത്സക്കായി നിർദ്ധരായ കുടുംബം ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ഒടുവിൽ 2021 ഡിസംബർ 3 ന് ചികിത്സയിലിരിക്കവെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് റഷീദ് മരണപ്പെടുകയുണ്ടായി.
അവകാശപ്പെട്ട നഷ്ടപരിഹാരം നിക്ഷേധിക്കപ്പെട്ടതിനെ തിരെ *വി.ഫാം ഫാർമേഴ്സ് ഫൗണ്ടേഷൻ നേതൃത്വത്തിൽ കർഷക സംഘടനകൾ .* ഡിസംബർ 4 ന് മരണപ്പെട്ട റഷീദിന്റെ ശവശരീരവുമായി താമരശ്ശേരി റേഞ്ച് ഓഫീസ് ഉപരോധിക്കുകയും, അതുപ്രകാരം കുടുംബത്തിന് എത്രയും പെട്ടെന്ന് നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ രേഖാമൂലം ഉറപ്പ് നൽകുകയും ചെയ്തിരുന്നു.
ഈ കേസിൽ താമരശ്ശേരി പോലീസ് അന്വേഷണം നടത്തുകയും കാട്ടുപന്നി ഇടിച്ചാണ് ഓട്ടോറിക്ഷ മറിഞ്ഞ് റഷീദിന് പരിക്ക് പറ്റിയെന്നത് സ്ഥിതീകരിക്കുകയുണ്ടായി. എന്നാൽ താമരശ്ശേരി റെയ്ഞ്ച് ഓഫീസർ രാജീവ് കുമാർ ധിക്കാര നടപടി സ്വീകരിക്കുകയും കാട്ടുപന്നി ഇടിച്ചിട്ടില്ലായെന്ന് വരുത്തി തീർക്കാൻ നിരവധി ശ്രമങ്ങൾ നടത്തുകയും ചെയ്തു. ഒടുവിൽ നഷ്ടപരിഹാര ആവശ്യം ഉന്നയിച്ച് റെയ്ഞ്ച് ഓഫീസറുടെ വീട്ടുപടിക്കലിൽ അടക്കം കർഷക സംഘടനകൾ സമരം നടത്തിയിരുന്നു.
നഷ്ടപരിഹാരത്തിനുള്ള അപേക്ഷ ഓൺലൈനായും ഓഫ്‌ലൈനായും സമർപ്പിച്ചിരുന്നെങ്കിലും താമരശ്ശേരി റെയ്ഞ്ച് ഓഫീസറുടെ വ്യക്തിപരമായ ഇടപെടൽ കാരണം നാളിതുവരെ അപേക്ഷ തീർപ്പ് കൽപ്പിക്കുകയൊ , നഷ്ടപരിഹാരം ലഭ്യമാക്കുകയൊ ചെയ്തിട്ടില്ല. ഇതിനെ ചോദ്യം ചെയ്ത് കൊണ്ട് നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മരണപ്പെട്ട റഷീദിന്റെ മകൻ റഫ്സിൽ നൽകിയ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കുകയും, സർക്കാറിനോടും വനം വകുപ്പിനോടും വിശദമായ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. വി.ഫാം ഫാർമേഴ്സ് ഫൗണ്ടേഷൻ മുഖേന ഫയൽ ചെയ്ത കേസിൽ ഹരജിക്കാരന് വേണ്ടി അഡ്വ: സുമിൻ . എസ്. നെടുങ്ങാടൻ, പ്രേം നവാസ് എന്നിവർ കോടതിയിൽ ഹാജരായി.
