വയനാട് തോൽപ്പെട്ടി ചെക്പോസ്റ്റിൽ നിന്ന് എക്സൈസ് വകുപ്പ് പിടിച്ചെടുത്ത 50 ലക്ഷം രൂപയിൽ 10 ലക്ഷം രൂപ കാണ്മാനില്ല. എക്സൈസ് വകുപ്പ് പിടിച്ചെടുത്ത കള്ളപ്പണം ദുരൂഹസാഹചര്യത്തിൽ കാണാതായ സംഭവത്തിൽ സ്പെഷൽ ബ്രാഞ്ചും എക്സൈസും അന്വേഷണം തുടങ്ങി.
ഈ മാസം 8 ന് രാവിലെ തോൽപെട്ടി ചെക്പോസ്റ്റില്‍ വച്ചാണ് എക്സൈസ് ഉദ്യോഗസ്ഥർ മധുര സ്വദേശിയിൽ നിന്ന് കണക്കിൽപ്പെടാത്ത അരക്കോടി രൂപ പിടിച്ചെടുത്തത്. 50,000 രൂപ വീതമുള്ള 100 കെട്ടുകളായി ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ഉദ്യോഗസ്ഥർ പണം എണ്ണി തിട്ടപ്പെടുത്തി മഹസർ തയാറാക്കി. പിന്നീട് മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി പണമടങ്ങിയ ബാഗ് എക്സൈസിന്‍റെ കസ്റ്റഡിയിൽ തന്നെ വിട്ടു നല്‍കി. തുടര്‍ന്ന് പിടിച്ചെടുത്ത പണത്തില്‍ കള്ളനോട്ട് ഉണ്ടോയെന്നറിയാൻ പണം മാനന്തവാടിയിലെ ബാങ്കിലെത്തിച്ച് എണ്ണിയപ്പോൾ 50 ലക്ഷം രൂപയില്‍ നിന്നും 10 ലക്ഷം രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തി.
നോട്ടുകെട്ടുകൾ എണ്ണിയതിൽ വന്ന ശ്രദ്ധകുറവാണ് ഇത്തരമൊരു അബദ്ധത്തിന് പിന്നിലെന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്. 40 ലക്ഷം രൂപയെ ബാഗിൽ ഉണ്ടായിരുന്നുള്ളൂവെന്ന് പ്രതി സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ എക്സൈസ് അസി. കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
Tags:
Latest