കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവെലിനോടനുബന്ധിച്ച് നടക്കുന്ന ഇന്റർനാഷണൽ വൈറ്റ് വാട്ടർ കയാക്കിങ് മത്സരത്തിന്റെ പ്രചാരണാർഥം നടത്തിയ സൈക്കിൾയാത്രയ്ക്ക് കോടഞ്ചേരി പുലിക്കയത്ത് ഉജ്ജ്വല സ്വീകരണം.
യാത്ര മാനാഞ്ചിറയിൽ കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി ഫ്ലാഗ് ഓഫ് ചെയ്തു. 70 താരങ്ങൾ പങ്കെടുത്തു. പുലിക്കയത്ത് സൈക്കിൾസവാരിയെ ലിന്റോ ജോസഫ് എം.എൽ.എ.യുടെ നേതൃത്വത്തിൽ സ്വീകരിച്ചു. കയാക്കിങ് മാതൃകാപ്രദർശനവും റിവർ റാഫ്റ്റിങ്, കലാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചു.
ടൂറിസംവകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രൊ മോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, ജില്ലാ പഞ്ചായത്ത്, ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷൻ എന്നിവചേർന്നാണ് 12, 13, 14 തീയതികളിലായി അന്തർദേശീയ കയാക്കിങ് മത്സരം സംഘടിപ്പിക്കുന്നത്.
ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമാണ് മത്സരം. കയാക് സ്ലാലോം, ബോട്ടർ ക്രോസ്, ഡൗൺറിവർ എന്നീ മത്സരവിഭാഗങ്ങളുണ്ടാകും. അന്തർദേശീയ കയാക്കർമാരും ദേശീയ കയാക്കർമാരും പങ്കെടുക്കും.
തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളികാട്ടിൽ, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, വിനോദസഞ്ചാരവകുപ്പ് ജോയന്റ് ഡയറക്ടർ ടി.ജി. അഭിലാഷ്, സാഹസിക ടൂറിസം സി.ഇ.ഒ. ബിനു കുര്യാക്കോസ്, ഡി.ടി.പി.സി. സെക്രട്ടറി നിഖിൽദാസ്, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ, സംഘാടകസമിതി അംഗം പോൾസൻ അറക്കൽ തുടങ്ങിയവർ സ്വീകരണച്ചടങ്ങിൽ സംസാരിച്ചു.