പേരാമ്പ്ര : സ്വർണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സൂപ്പിക്കട കോഴിക്കുന്നുമ്മൽ ഇർഷാദ് (26) മരിച്ചതായി സ്ഥിരീകരിച്ചതോടെ കേസിൽ കൊലപാതകക്കുറ്റം കൂടി ഉൾപ്പെടുത്തി. ഇർഷാദിന്റെ ഉമ്മ നഫീസ ജൂലായ് 28-ന് നൽകിയ പരാതിയിൽ നേരത്തേ തട്ടിക്കൊണ്ടുപോയി തടങ്കലിൽവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനുള്ള 364 എ വകുപ്പ് പ്രകാരമാണ് പെരുവണ്ണാമൂഴി പോലീസ് നേരത്തേ കേസെടുത്തിരുന്നത്.
തിക്കോടി കോടിക്കൽ കടപ്പുറത്തുനിന്ന് കണ്ടെത്തിയ മൃതദേഹം ഇർഷാദിന്റേതാണെന്ന് ഡി.എൻ.എ. പരിശോധനയിലാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. നേരത്തേയിത് മേപ്പയ്യൂർ സ്വദേശി ദീപക്കിന്റേതാണെന്ന് കരുതി വിട്ടുനൽകി സംസ്കരിച്ചിരുന്നു. പുറക്കാട്ടേരി പാലത്തിനുസമീപം പുഴയിലേക്ക് ഇർഷാദ് ചാടിയെന്നാണ് കേസിൽ അറസ്റ്റിലായവർ നൽകിയ മൊഴി. ഇക്കാര്യത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. ഇർഷാദിന്റേത് മുങ്ങിമരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിഭാഗം കഴിഞ്ഞ ദിവസം റിപ്പോർട്ട് പോലീസിന് കൈമാറി. മൃതദേഹത്തിൽ കാര്യമായ പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോർട്ടിലെ സൂചന. ഇൻക്വസ്റ്റ് റിപ്പോർട്ടിൽ നെറ്റിയിലെ മുറിവിന്റെ അടയാളമുള്ളതായി പറഞ്ഞിരുന്നു. പോസ്റ്റുമോർട്ടം നടത്തിയ സർജനെ കണ്ടും അന്വേഷണസംഘം കൂടുതൽ വ്യക്തത വരുത്തും. ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
സ്വർണം കൊടുത്തുവിട്ട കൈതപ്പൊയിൽ ചീനിപറമ്പിൽ മുഹമ്മദ് സ്വാലിഹ് (നാസർ), സഹോദരൻ ചീനിപറമ്പിൽ ഷംനാദ് എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. ഇവർ ദുബായിലാണുള്ളത്. ഇവരെ ഇന്റർപോളിന്റെ സഹായത്തോടെ നാട്ടിലെത്തിക്കാൻ പോലീസ് നടപടികൾ തുടങ്ങി. കണ്ണൂർ പിണറായി മർഹബയിൽ മർസീദ് (32), പൊഴുതന ചിറക്കൽ സജീർ (27), വൈത്തിരി ചെറുമ്പാല ഷഹീൽ (26), കല്പറ്റ കടുമിടുക്കിൽ ജിനാഫ് (31) എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്. ഇപ്പോൾ പ്രതിപ്പട്ടികയിലുള്ളവരിൽ ഉവൈസ് എന്നൊരാൾ കൂടി പിടിയിലാകാനുണ്ട്. അന്വേഷണം പുരോഗമിക്കുന്നതോടെ കൂടുതൽപ്പേരെ പ്രതി ചേർത്തേക്കും.
ദുബായിൽനിന്ന് മേയ് 13-ന് നാട്ടിലെത്തിയ ഇർഷാദ് പരന്തിരിക്കര സ്വദേശി ഷെമീറിനാണ് സ്വർണം കൈമാറിയത്. ഷെമീർ എടുത്തുനൽകിയ വയനാട് വൈത്തിരിയിലെ ലോഡ്ജിൽ ഇർഷാദ് താമസിക്കവേ സജീർ, ജിനാഫ് എന്നിവർ കഞ്ചാവ് നൽകാമെന്ന് പറഞ്ഞ് മുറിയിൽനിന്ന് പുറത്തിറക്കി ജൂലായ് നാലിന് തട്ടിക്കൊണ്ടുപോയി മുഹമ്മദ് സ്വാലിഹിനെ ഏൽപ്പിച്ചുവെന്നാണ് പോലീസ് കണ്ടെത്തൽ.
കോഴിക്കോട്, മലപ്പുറം ജില്ലകളിൽ തടങ്കലിൽ പാർപ്പിച്ചുവരവേ കോഴിക്കോട് നിന്ന് കാറിൽ കൊണ്ടുവരുന്ന വഴിയിൽ ജൂലായ് 15-ന് പുറക്കാട്ടേരി പാലത്തിന് സമീപം വെച്ച് ഇർഷാദിനെ പുഴയിൽ കാണാതാവുകയും 17-ന് തിക്കോടി കോടിക്കൽ കടപ്പുറത്തുവെച്ച് മൃതദേഹം കണ്ടെത്തിയെന്നുമാണ് നിഗമനം.