കോഴിക്കോട്: അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ സംഘത്തിലെ പ്രധാന കണ്ണിയായ യുവാവ് കോഴിക്കോട് പിടിയില്‍. മുതലക്കുളത്ത് രാത്രി നടന്ന വാഹന പരിശോധനയിലാണ് ചക്കുംകടവ് ആനമാട് ഖദീജ മഹലിൽ ഷക്കീൽ ഹർഷാദ് (34) പൊലീസിൻ്റെ പിടിയിലായത്. 112ഗ്രാം എംഡിഎംഎ പ്രതിയുടെ കയ്യിൽനിന്നും വാഹനത്തിൽ നിന്നുമായി പൊലീസ് പിടിച്ചെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ കാക്കഞ്ചേരി കേന്ദ്രീകരിച്ച് വിവിധയിനം ഗുരുതര മയക്കുമരുന്നുകൾ വിദ്യാർത്ഥികൾക്കിടയിൽ വിൽപന നടത്തിവരുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിൽപെട്ടയാളാണ് പിടിയിലായതെന്ന് തിരിച്ചറിയുകയായിരുന്നു.
പിന്നീട് പ്രതിയുടെ രഹസ്യ താവളത്തിൽ പരിശോധന നടത്തിയപ്പോൾ 100 ഗ്രാം എംഡിഎംഎ, 10ഗ്രാം ഹാഷിഷ്, 170എക്സ്റ്റസി ടാബ്‌ലറ്റ്, 345 എൽഎസ് ഡി സ്റ്റാമ്പ്, മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള 31 ട്യൂബ്, വിൽപന നടത്തിക്കിട്ടിയ 33000 രൂപ എന്നിവ പിടിച്ചെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നിന് ലക്ഷങ്ങള്‍ വിലവരും. ഷക്കീൽ ഹർഷാദിന് മുൻപ് മയക്കുമരുന്ന് ഉപയോഗിച്ചതിന് പന്നിയങ്കര പൊലീസ് സ്റ്റേഷനിലും കേസുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്.
കോഴിക്കോട് ജില്ലയിൽ ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ മയക്കുമരുന്ന് വേട്ട നടക്കുന്നത്. എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പ്, എക്സ്റ്റസി ഗുളികകൾ ഹാഷിഷ് തുടങ്ങി വിവിധയിനം മയക്കുമരുന്നുകളാണ് പിടിയിലായ ഷക്കീൽ ഹർഷാദ് വിൽപന നടത്തിയിരുന്നത്. ബാങ്ക് അക്കൗണ്ട് പോലീസ് കണ്ടെത്താതിരിക്കുന്നതിനായി നേരിട്ടുള്ള പണമിടപാടാണ് നടത്തിയിരുന്നത്. ഗൾഫിലുള്ള ബോസ്സ് എന്നറിയപ്പെടുന്നയാളെ വാട്ട്സ്ആപ്പ് വഴി ഫോൺ ചെയ്ത് നിൽക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷനും പണവുമായുള്ള സെൽഫിയും അയച്ചു കൊടുത്താൽ ഏത് സമയത്തും മയക്കുമരുന്ന് ആവശ്യത്തിനനുസരിച്ച് എത്തിച്ചു നൽകുന്നതാണ് രീതിയെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.
സിറ്റി ഡാൻ സാഫ് ലഹരിക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നത് സ്കൂളുകളും കോളേജുകളും ആശുപത്രി പരിസരങ്ങളും കേന്ദ്രീകരിച്ച് ശക്തമായ നിരീക്ഷണം നടത്തിവരികയാണ്. മയക്കുമരുന്ന് കേസിലുൾപ്പെടുന്നവരുടെ സ്വത്ത് വക കളും വാഹനങ്ങളും കണ്ടെത്തി സർക്കാരിലേക്ക് കണ്ട് കെട്ടാനുള്ള നടപടികൾ സിറ്റി പോലീസ് സ്വീകരിക്കുന്നുണ്ട് ഇതുവരെ മൂന്ന് പേരുടെ വസ്തുവകകൾ കണ്ടുകെട്ടാൻ സർക്കാരിന് റിപ്പോർട്ട് കൊടുത്തിട്ടുണ്ട്. ഡൻസാഫ് ൻ്റെ നേതൃത്വത്തിൽ 50 കിലോഗ്രാം കഞ്ചാവ് അറനൂറ് ഗ്രാം എംഡിഎംഎ 50 ഗ്രാം ബ്രൗൺഷുഗർ 170 എംഡി എം എ എക്സ്റ്റസി പിൽ 350 എൽ എസ് ഡി സ്റ്റാമ്പ് എന്നിവയാണ് കഴിഞ്ഞ ആറുമാസത്തിനുള്ളിൽ പിടിച്ചെടുത്തത്