കോഴിക്കോട് ബാലുശ്ശേരി പുത്തൂർവട്ടത്ത് തിങ്കളാഴ്ച്ചയുണ്ടായ തീപിടിത്തത്തെത്തുടർന്ന് ഫർണ്ണിച്ചർ നിർമ്മാണശാലയും ടയർ ഗോഡൗണും കത്തിനശിച്ചു. സംഭവത്തേത്തുടർന്ന് ഫയർസ്റ്റേഷനായി കാലങ്ങളായുള്ള ആവശ്യം വീണ്ടും ശക്തമാകുന്നു.
നരിക്കുനി, കൊയിലാണ്ടി, പേരാമ്പ്ര, വെള്ളിമാട്കുന്ന് തുടങ്ങിയ ഫയർസ്റ്റേഷനുകളിൽ നിന്ന് ഒൻപതോളം യൂണിറ്റികൾ വന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
പ്രദേശത്ത് തന്നെ ഫയർ സ്റ്റേഷനുണ്ടായിരുന്നെങ്കിൽ മിനിറ്റുകൾ കൊണ്ടു തന്നെ തീയണക്കാൻ സാധിക്കുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
കിനാലൂർ വ്യവസായ പാർക്ക്, കക്കയം, കരിയാത്തുംപാറ, വയലട തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ പ്രദേശത്ത് തന്നെയാണ്. കരിയാത്തുംപാറയിൽ നിരന്തരം വിനോദസഞ്ചാരികൾ അപകടത്തിൽപ്പെടുന്ന സാഹചര്യവുമുണ്ട്. മുൻഗണനാ പട്ടികയിൽപ്പെടുത്തി ബാലുശ്ശരിയിൽ ഫയർ സ്റ്റഷൻ അടിയന്തിരമായി സ്ഥാപിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.